'ബാറ്റിങ് മികവിന്റെ എല്ലാ ക്രെഡിറ്റും ധോനിക്ക്'- തലയുടെ ഉപദേശം കാര്യങ്ങള്‍ മാറ്റിയെന്ന് ഡെവോണ്‍ കോണ്‍വെ

ചെന്നൈയുടെ മുന്നേറ്റത്തില്‍ നിലവില്‍ നിര്‍ണായക സാന്നിധ്യമായി നില്‍ക്കുന്നത് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലിന്റെ തുടക്കത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടക്കം മികച്ചതായിരുന്നില്ല. മഹേന്ദ്ര സിങ് ധോനിക്ക് പകരം ക്യാപ്റ്റനായി രവീന്ദ്ര ജഡേജ വന്നെങ്കിലും ക്ലിക്കായി. ക്യാപ്റ്റന്‍ സ്ഥാനം ധോനിക്ക് തന്നെ തിരികെ നല്‍കിയതോടെ ചെന്നൈ വീണ്ടും ട്രാക്കിലായി. 

ചെന്നൈയുടെ മുന്നേറ്റത്തില്‍ നിലവില്‍ നിര്‍ണായക സാന്നിധ്യമായി നില്‍ക്കുന്നത് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ടീമിനൊപ്പം ഇല്ലാതിരുന്ന കോണ്‍വെ മത്സരങ്ങള്‍ പാതി പിന്നിട്ടപ്പോഴാണ് ടീമിലെത്തിയത്. പിന്നാലെ മികച്ച ഇന്നിങ്‌സുകളുമായി കളം നിറഞ്ഞു. കോണ്‍വെയും റുതുരാജും ചേര്‍ന്ന ഓപ്പണിങ് സഖ്യം അതിവേഗം ക്ലച്ച് പിടിച്ചതോടെ ചെന്നൈ ആത്മവിശ്വാസവും തിരികെ പിടിച്ചു. ഒപ്പം പ്ലേ ഓഫിലേക്ക് കടക്കാനുള്ള നേരിയ ചാന്‍സും അവര്‍ നിലനിര്‍ത്തി. 

ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഈ പോരില്‍ കോണ്‍വെയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 49 പന്തുകള്‍ നേരിട്ട താരം 87റണ്‍സ് കണ്ടെത്തി ടീമിന്റെ ടോപ് സ്‌കോററായി. കളിയിലെ താരമായും കോണ്‍വെ മാറി. 

ബാറ്റിങിലെ തന്റെ മിന്നും ഫേമിന്റെ എല്ലാ ക്രഡിറ്റും ന്യൂസിലന്‍ഡ് ഓപ്പണര്‍ നല്‍കുന്നത് ക്യാപ്റ്റന്‍ ധോനിക്കാണ്. ധോനിയുടെ ഉപദേശമാണ് തന്റെ ബാറ്റിങില്‍ നിര്‍ണായകമായതെന്ന് കോണ്‍വെ പറയുന്നു. സ്വീപ്പ് ഷോട്ട് കളിക്കുന്നത് സംബന്ധിച്ച് ധോനി നല്‍കിയ ഉപദേശം തന്റെ ബാറ്റിങില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചതായി കോണ്‍വെ പറയുന്നു. 

'കാര്യങ്ങളെ ലളിതമായി സമീപിക്കാനാണ് എനിക്ക് ഇഷ്ടം. സഹ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദുമായുള്ള കൂട്ടുകെട്ട് ആസ്വദിക്കുന്നു. റുതുവിന്റെ സമീപനവും കളിയും എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി മാറ്റി. ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസിയുമായും കാര്യങ്ങള്‍ വിശദമായി തന്നെ ചര്‍ച്ച ചെയ്യാറുണ്ട്. എതിര്‍ ബൗളര്‍മാര്‍ ആരെയാണ് ലക്ഷ്യമിടുന്നത് എന്നതടക്കമുള്ള കാര്യങ്ങളാണ് അദ്ദേഹവുമായി ചര്‍ച്ച ചെയ്യുന്നത്. മറ്റൊന്ന് സ്വയം സത്യസന്ധത പുലര്‍ത്തുക എന്നതാണ്. ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലെ ആധികാരികതയും മുഖ്യമാണ്.'

'ഇന്നലെ നടന്ന ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സ്വീപ്പ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് ഞാന്‍ പുറത്തായത്. ഇക്കാര്യത്തില്‍ ധോനി എനിക്ക് വിലപ്പെട്ട ഉപദേശമാണ് നല്‍കിയത്. നേരെ കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം'- കോണ്‍വെ പറയുന്നു.

സീസണില്‍ വൈകിയാണ് എത്തിയതെങ്കിലും തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടിയാണ് കോണ്‍വെ ആരാധകരുടെ മനം കവര്‍ന്നത്. നിലവില്‍ ചെന്നൈയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായി നില്‍ക്കുന്നതും ഈ ന്യൂസിലന്‍ഡ് ബാറ്റര്‍ തന്നെ. താരത്തിന്റെ വരവ് ടീമിന്റെ ആത്മവിശ്വാസം വാനോളമാണ് ഉയര്‍ത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ ധോനിയുടെ ബാറ്റിങില്‍ പോലും അതിന്റെ മാറ്റം പ്രകടം.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com