ഇന്നും വിജയിച്ചില്ലെങ്കില്‍ കൊല്‍ക്കത്ത പരുങ്ങും; ഹാട്രിക്ക് ജയം ലക്ഷ്യമിട്ട് മുംബൈ; കാണാം ത്രില്ലര്‍

ഇന്ന് മുംബൈ ഇന്ത്യന്‍സിനോട് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുകയാണ് കൊല്‍ക്കത്ത
ഇന്നും വിജയിച്ചില്ലെങ്കില്‍ കൊല്‍ക്കത്ത പരുങ്ങും; ഹാട്രിക്ക് ജയം ലക്ഷ്യമിട്ട് മുംബൈ; കാണാം ത്രില്ലര്‍

മുംബൈ: തുടക്കത്തില്‍ മികച്ച വിജയങ്ങളുമായി മുന്നേറിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോള്‍ കയ്യാലപ്പുറത്തെ തേങ്ങ പോലായയ അവസ്ഥയിലാണ് ഇപ്പോള്‍. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ അവരുടെ മുന്നോട്ടുള്ള യാത്രയും സംശയത്തില്‍ നില്‍ക്കുകയാണ്. 

ഇന്ന് മുംബൈ ഇന്ത്യന്‍സിനോട് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുകയാണ് കൊല്‍ക്കത്ത. ഈ മത്സരത്തില്‍ വിജയം അനിവാര്യം. മറുഭാഗത്ത് മുംബൈ ആകട്ടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചവരാണ്. എട്ട് തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ തുടര്‍ച്ചയായി രണ്ട് വിജയങ്ങള്‍ സ്വന്തമാക്കി മുംബൈ ആത്മവിശ്വാസത്തിലാണ്. ഹാട്രിക്ക് വിജയവും കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ തകര്‍ക്കുകയുമാണ് രോഹിതും സംഘവും ലക്ഷ്യമിടുന്നത്. 

ബാറ്റര്‍മാരുടെ അസ്ഥിരതയാണ് കൊല്‍ക്കത്തയുടെ ഏറ്റവും വലിയ വെല്ലുവിളി. 11 കളികളില്‍ നിന്ന് നാല് വിജയവും ഏഴ് തോല്‍വികളുമായി ഒന്‍പതാം സ്ഥാനത്താണ് കെകെആര്‍. ഇന്നത്തെ മത്സരവും പരാജയപ്പെട്ടാല്‍ അവരുടെ പ്രതീക്ഷകളും ഏതാണ്ട് അവസാനിക്കും. 

ഓപ്പണിങ് മുതല്‍ തുടങ്ങുന്ന കൊല്‍ക്കത്തയുടെ അങ്കലാപ്പുകള്‍. സീസണില്‍ ഒരു മത്സരത്തില്‍ പോലും മികച്ച തുടക്കമിടാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. ആദ്യ ഘട്ടത്തില്‍ അജിന്‍ക്യ രഹാനെ- വെങ്കടേഷ് അയ്യര്‍ സഖ്യവും രണ്ടാം ഘട്ടത്തില്‍ ആരോണ്‍ ഫിഞ്ച്- വെങ്കടേഷ് അയ്യര്‍ സഖ്യവും തീര്‍ത്തും നിറംമങ്ങി. ലഖ്‌നൗവിനെതിരായ പോരാട്ടത്തില്‍ വെറും 14.3 ഓവറില്‍ കൊല്‍ക്കത്തയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. 

സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളെയാണ് എട്ട് തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ മുംബൈ തുടര്‍ച്ചയായി പരാജയപ്പെടുത്തിയത്. ഇതുതന്നെ അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച അവരെ സംബന്ധിച്ച് മികച്ച വിജയങ്ങളുമായി സീസണ്‍ അവസാനിപ്പിക്കുകയാണ് മുഖ്യം. കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ ഒരുപക്ഷേ അത്ര എളുപ്പമാകില്ലെന്ന് ചുരുക്കം.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com