രോഹിത്തിനും വിശ്രമം വേണമെന്ന് ശാസ്ത്രി പറഞ്ഞോ? പരിഹാസവുമായി മാത്യു ഹെയ്ഡന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 12:04 PM  |  

Last Updated: 10th May 2022 12:04 PM  |   A+A-   |  

virat_kohli

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: സീസണിലെ മൂന്നാം ഗോള്‍ഡന്‍ ഡക്കിലേക്കാണ് ഹൈദരാബാദിന് എതിരെ കോഹ് ലി വീണത്. കോഹ് ലി ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കണം എന്ന നിര്‍ദേശം വീണ്ടും ക്രിക്കറ്റ് ലോകത്ത് നിന്ന് ശക്തമായി. എന്നാല്‍ രോഹിത്തിനോട് ഇടവേള എടുക്കാന്‍ ഇതുപോലെ നിര്‍ദേശിക്കുന്നുണ്ടോ എന്നാണ് മാത്യു ഹെയ്ഡന്‍ ചോദിക്കുന്നത്. 

വിരാട് കോഹ്‌ലി ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കണം എന്ന് ആദ്യം നിര്‍ദേശിച്ചത് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി ആണ്. ഫോം കണ്ടെത്താനാവാതെയാണ് രോഹിത്തും സീസണില്‍ കളി തുടരുന്നത്. കോഹ് ലിയോട് ഇടവേളയെടുക്കാന്‍ നിര്‍ദേശിക്കുന്ന ശാസ്ത്രി രോഹിത്തിന്റെ കാര്യത്തിലും അത് തന്നെയാണോ പറയുന്നത് എന്നാണ് മാത്യു ഹെയ്ഡന്‍ ചോദിച്ചത്. 

സണ്‍റൈസേഴ്‌സിന് എതിരായ മത്സരത്തിന്റെ സമയം കമന്ററി ബോക്‌സില്‍ സുനില്‍ ഗാവസ്‌കറിനൊപ്പം സംസാരിക്കുമ്പോഴാണ് ഹെയ്ഡന്റെ പ്രതികരണം. രോഹിത് ശര്‍മയെ കുറിച്ചും ഇത് തന്നെയാണ് ശാസ്ത്രി പറഞ്ഞത്? എപ്പോഴും ക്രിക്കറ്റ് കളിക്കുന്നവരാണ് ഇവര്‍. ഈ ടൂര്‍ണമെന്റിലേക്ക് ഇണങ്ങാന്‍ അവര്‍ക്ക് കഴിയണം. അത് വളരെ മനോഹരമായി കോഹ് ലിക്ക് കഴിഞ്ഞിട്ടുണ്ട്, ഹെയ്ഡന്‍ പറയുന്നു. 

മൂന്ന് നാല് വര്‍ഷമായി ശാസ്ത്രിക്കും കോഹ് ലിക്കും അടുത്തറിയാം

ശാസ്ത്രിക്കും കോഹ് ലിക്കും കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി അടുത്തറിയാം. ഒരുമിച്ച് ഒരുപാട് ക്യാംപെയ്‌നുകളുടെ ഭാഗമായിട്ടുണ്ട്. ടെസ്റ്റില്‍ വളരെ മികവ് കാണിച്ചിട്ടുണ്ടെന്നും ഹെയ്ഡന്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യക്ക് വേണ്ടിയുള്ള മത്സരങ്ങള്‍ കളിക്കാതെ ഇടവേള എടുക്കണം എന്നല്ല ഉദ്ധേശിക്കുന്നതെന്നാണ് സുനില്‍ ഗാവസ്‌കര്‍ പ്രതികരിച്ചത്. 

ജഗദീഷ് സുചിത് ആണ് ഹൈദരാബാദിന് എതിരായ കളിയില്‍ കോഹ് ലിയെ ഗോള്‍ഡന്‍ ഡക്കാക്കിയത്. 12 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 216 റണ്‍സ് മാത്രമാണ് കോഹ് ലിക്ക് സ്‌കോര്‍ ചെയ്യാനായത്. ഐപിഎല്ലില്‍ ഇത് ആറാം തവണയാണ് കോഹ് ലി ഗോള്‍ഡന്‍ ഡക്കാവുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

അത് ഔട്ടോ നോട്ട് ഔട്ടോ? കണ്ണ് കണ്ടൂടെയെന്ന് ആരാധകര്‍, തേര്‍ഡ് അമ്പയര്‍ക്ക് വിമര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ