‘മുതലകൾ നിറഞ്ഞ തടാകത്തിൽ മീൻ പിടിക്കാൻ പോയി; പരിചിതമല്ലാത്ത പല കാര്യങ്ങളും ഒന്നിച്ചു ചെയ്തു‘- സൈമണ്ട്സിനെ ഓർത്ത് ക്ലാർക്ക് 

കഴിഞ്ഞ കുറച്ചു മാസങ്ങൾ മറക്കാനാകും ഓസ്ട്രേലിയൻ ക്രിക്കറ്റ് ആഗ്രഹിക്കുക എന്നു ക്ലാർക്ക് പറയുന്നു
‘മുതലകൾ നിറഞ്ഞ തടാകത്തിൽ മീൻ പിടിക്കാൻ പോയി; പരിചിതമല്ലാത്ത പല കാര്യങ്ങളും ഒന്നിച്ചു ചെയ്തു‘- സൈമണ്ട്സിനെ ഓർത്ത് ക്ലാർക്ക് 

സിഡ്നി: മഹാരഥൻമാരായ താരങ്ങളുടെ ജീവിതത്തിൽ നിന്നുള്ള മടങ്ങിപ്പോക്കുകളുടെ ഞെട്ടലിലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ്. കഴിഞ്ഞ രണ്ട്, മൂന്ന് മാസത്തിനിടെ റോഡ‍് മാർഷ്, ഷെയ്ൻ വോൺ, ആൻ‍‍‍ഡ്രു സൈമണ്ട്സ് എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസമാണ് കാറപകടത്തിൽ സൈമണ്ട്സ് മരിച്ചത്. ഇപ്പോഴിതാ താരത്തെ അനുസ്മരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക്. 

കഴിഞ്ഞ കുറച്ചു മാസങ്ങൾ മറക്കാനാകും ഓസ്ട്രേലിയൻ ക്രിക്കറ്റ് ആഗ്രഹിക്കുക എന്നു ക്ലാർക്ക് പറയുന്നു. സൈമണ്ട്സിനൊപ്പം കളിക്കാനായത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നെന്നും കളിക്കളത്തിൽ താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച അത്‌ലറ്റാണ് സൈമണ്ട്സ് എന്നും ഒരു ഓസ്ട്രേലിയൻ മാധ്യമത്തോട് പ്രതികരിക്കവേ ക്ലാർക്ക് പറഞ്ഞു. ക്രിക്കറ്റ് കരിയറിന്റെ ആദ്യ നാളുകളിൽ ഉറ്റ സുഹൃക്കുക്കളായിരുന്ന ക്ലാർക്കിന്റെയും സൈമണ്ട്സിന്റെയും ബന്ധത്തിൽ പിന്നീടു വിള്ളൽ വീണിരുന്നു.

‘ക്രിക്കറ്റിൽ എന്തൊക്കെയാണു സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ഇതു ഹൃദയഭേദകമാണ്. കഴിഞ്ഞ ഏതാനും ചില മാസങ്ങൾ ഭയാനകമാണ്. ചിലപ്പോഴൊക്കെ നിങ്ങൾ കുടുംബത്തെ ഒപ്പം ചേർത്തു നിർത്തും എന്നാണു ഞാൻ കരുതുന്നത്. ഞാനും സൈമണ്ട്സും പല തരത്തിലും വ്യത്യസ്തരായിരുന്നു.‘

‘നഗര പ്രദേശത്തു നിന്നു വന്ന ഞാനും ഉൾ ഗ്രാമത്തിൽ നിന്നെത്തിയ സൈമണ്ട്സും തമ്മിലുള്ള അഗാധ സൗഹൃദം ടീം ഡ്രസിങ് റൂമിലെ ഏറ്റവും വലിയ തമാശയായിരുന്നു. സാധാരണ പരിചിതമല്ലാത്ത പല കാര്യങ്ങളും ഞങ്ങളൊന്നിച്ചു ചെയ്തു.‘ 

‘മുതലകൾ തിങ്ങിപ്പാർത്തിരുന്ന ജലാശയങ്ങളിൽ വരെ ഞങ്ങളൊന്നിച്ച് മീൻപിടിക്കാൻ പോയിട്ടുണ്ട്. തനിയെ അവിടെ പോകുന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. സൈമണ്ട്സിനൊപ്പം കളിക്കളത്തിന് അകത്തും പുറത്തും സമയം ചെലവിടാനായതിൽ ഏറെ ഭാഗ്യവാനാണു ഞാൻ. ഒപ്പം കളിച്ചവരിൽ ഏറ്റവും മികച്ച അത്‌ലറ്റും സൈമണ്ട്സ് തന്നെ’- ക്ലാർക്ക് വ്യക്തമാക്കി. 

കഴിഞ്ഞ ശനിയാഴ്ച രാത്രി ക്യൂന്‍സ് ലാന്‍ഡിലെ ടൗണ്‍സ് വില്ലയില്‍ കാര്‍ അപകടത്തിലാണ് സൈമണ്ട്സ് മരിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം. ഓസ്‌ട്രേലിയ ലോകകപ്പ് നേടിയ 2003, 2007 ടീമില്‍ അംഗമായിരുന്നു. ഓള്‍റൗണ്ടറായ സൈമണ്ട്സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com