'എല്ലാ അമ്പയർമാരേയും പുറത്താക്കണം'- റിങ്കു സിങ് ഔട്ടായത് നോബോളിൽ? വീണ്ടും വിവാദം

ഐപിഎല്ലിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ പഴി കേട്ടവരാണ് അമ്പയർമാർ. ഇപ്പോഴിതാ കൊൽക്കത്ത- ലഖ്നൗ പോരാട്ടത്തിലും അമ്പയറിങ് വിവാദം തലപൊക്കിയിരിക്കുകയാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിര കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പൊരുതി വീഴുകയായിരുന്നു. ലഖ്നൗ ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിലേക്ക് പതറാതെ ബാറ്റ് വീശിയ കെകെആർ വെറും രണ്ട് റണ്ണിനാണ് പരാജയം സമ്മതിച്ചത്. 

ഐപിഎല്ലിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ പഴി കേട്ടവരാണ് അമ്പയർമാർ. ഇപ്പോഴിതാ കൊൽക്കത്ത- ലഖ്നൗ പോരാട്ടത്തിലും അമ്പയറിങ് വിവാദം തലപൊക്കിയിരിക്കുകയാണ്. കൊൽക്കത്ത യുവതാരം റിങ്കു സിങ് പുറത്തായത് നോ ബോളിലാണെന്ന വാദവുമായാണ് ആരാധകർ രം​ഗത്തെത്തിയത്. 

ആവേശം അവസാന പന്തു വരെ നീണ്ട മത്സരത്തിൽ കൊൽക്കത്തയുടെ ജയത്തിന് 21 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ തകർത്തടിച്ച റിങ്കു സിങ്ങിനെ, അഞ്ചാം പന്തിൽ പുറത്താക്കിയ മാർക്കസ് സ്റ്റോയ്നിസാണ് ലഖ്നൗവിനെ മത്സരത്തിൽ തിരികെയെത്തിച്ചത്. ബാക്ക്‌വേഡ് പോയിന്റിൽ ഇടം കൈയൻ ഡൈവിങ് ക്യാച്ചിലൂടെ എവിൻ ലൂയിസാണ് റിങ്കുവിനെ മടക്കിയത്.

15 പന്തിൽ രണ്ട് ഫോറും നാല് സിക്സും അടക്കം 40 റൺസ് നേടിയ റിങ്കു പുറത്തായതിനു തൊട്ടടുത്ത പന്തിൽ ഉമേഷ് യാദവ് ബൗൾഡ് ആകുക കൂടി ചെയ്തതോടെയാണ് കൊൽക്കത്ത രണ്ട് റൺസ് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ അവർ പ്ലേഓഫ് കാണാതെ പുറത്താകുകയും ചെയ്തു.

പിന്നാലെയാണ് റിങ്കു സിങ് പുറത്തായ സ്റ്റോയ്നിസിന്റെ അഞ്ചാം പന്ത് നോബോൾ ആയിരുന്നോ എന്ന ചോദ്യം ഉയർത്തി സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ ആരാധകർ രംഗത്തെത്തിയത്. ആരോപണം സാധൂകരിക്കുന്ന വിധമുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ചിലർ പങ്കുവയ്ക്കുകയും ചെയ്തു.

സ്റ്റോയ്നിസ് ബോൾ ചെയ്തത് ഫ്രണ്ട് ഫുട്ട് നോബോളാണെന്നു വ്യക്തമാണ് എന്നാണ് ഒട്ടേറെ ആരാധകരുടെ ആരോപണം. അതേസമയം, മത്സരത്തിന്റെ നിർണായക ഘട്ടത്തിലുണ്ടായ സുപ്രധാന സംഭവത്തിൽ, ബൗളർ വര മറികടന്നാണോ പന്തെറിഞ്ഞത് എന്നു പരിശോധിക്കാൻ പോലും കൂട്ടാക്കാത്ത അമ്പയറിങ്ങിനെതിരെ ചോദ്യം ഉയർത്തുകയാണു ആരാധകർ.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com