രക്ഷിച്ചെടുത്തത് ഹര്‍ദിക്; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് വേണം 169 റണ്‍സ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2022 10:01 PM  |  

Last Updated: 19th May 2022 10:01 PM  |   A+A-   |  

hardik

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയിക്കാന്‍ 169 റണ്‍സ് വേണം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് കണ്ടെത്തിയത്. 

അര്‍ധ സെഞ്ച്വറി നേടിയ ഹര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 47 പന്തുകള്‍ നേരിട്ട ഹര്‍ദിക് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 62 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന ഘട്ടത്തില്‍ തകര്‍ത്തടിച്ച റാഷിദ് ഖാന്‍ വെറും ആറ് പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറുമടക്കം 19 റണ്‍സോടെ പുറത്താകാതെ നിന്നു.

പാണ്ഡ്യയെ കൂടാതെ 22 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ, 25 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ എന്നിവരും ഗുജറാത്തിനായി തിളങ്ങി. ശുഭ്മാന്‍ ഗില്‍ (1), രാഹുല്‍ തെവാട്ടിയ (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. 

ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഗുജറാത്തിനായി മിന്നില്‍ തുടക്കമാണ് അദ്യ ഓവറില്‍ തന്നെ സാഹ നല്‍കിയത്. ആദ്യ ഓവറില്‍ 14 റണ്‍സ് പിറന്നു. എന്നാല്‍ ആ മികവില്‍ ഗുജറാത്തിന് മുന്നോട്ടു പോകാന്‍ സാധിച്ചില്ല. എങ്കിലും കൂട്ടത്തകര്‍ച്ചയില്ലാതെ അവര്‍ പൊരുതാവുന്ന സ്‌കോറില്‍ എത്തുകയായിരുന്നു.

ഒരു ഓവര്‍ എറിഞ്ഞ ശേഷം ഫീല്‍ഡിങ്ങിനിടെ കൈക്ക് പരിക്കേറ്റ ഹര്‍ഷല്‍ പട്ടേലിന് ബാക്കി ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നത് ബാംഗ്ലൂരിന് തിരിച്ചടിയായി. 

അതിനിടെ 13 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത മാത്യു വെയ്ഡിന്റെ പുറത്താകല്‍ വിവാദമായി. മാക്‌സ്‌വെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് വെയ്ഡ് പുറത്തായത്. വെയ്ഡ് റിവ്യു നല്‍കിയെങ്കിലും തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. എന്നാല്‍ പന്ത് വെയ്ഡിന്റെ ബാറ്റില്‍ തട്ടിയതായി സംശയമുയര്‍ന്നു.

ആര്‍സിബിക്കായി ജോഷ് ഹാസെല്‍വുഡ് രണ്ട് വിക്കറ്റുകള്‍ പിഴുതു. ഗ്ലെന്‍ മാക്‌സ്‌വെല്‍, വാനിന്ദു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ഈ വാർത്ത കൂടി വായിക്കാം

റാഷിദ് ഖാന് സ്‌പെഷ്യല്‍ ഗിഫ്റ്റ്; ബാറ്റ് നല്‍കി വിരാട് കോഹ്‌ലി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ