'ഉള്ളിലെ ഡേവിഡ് വാര്‍ണറെയാണ് ഞാന്‍ പുറത്തെടുത്തത്'; 10 ലക്ഷം ഡോളര്‍ കിട്ടിയ സന്തോഷമെന്ന് അശ്വിന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2022 12:05 PM  |  

Last Updated: 21st May 2022 12:05 PM  |   A+A-   |  

r_ashwin

ആര്‍ അശ്വിന്‍/ഫോട്ടോ: പിടിഐ

 

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ കാമിയോ ഇന്നിങ്‌സുമായാണ് ആര്‍ അശ്വിന്‍ കളം നിറഞ്ഞത്. മത്സരത്തിനിടെ നെഞ്ചില്‍ ഇടിച്ചുള്ള അശ്വിന്റെ ആഘോഷവും വൈറലായിരുന്നു. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് അശ്വിന്‍. 

എന്റെ ഉള്ളിലെ ഡേവിഡ് വാര്‍ണറെയാണ് ഞാന്‍ പുറത്തെടുത്തത്. 10 ലക്ഷം യുഎസ് ഡോളര്‍ കയ്യില്‍ കിട്ടിയത് പോലെയാണ് തോന്നിയത്. ഏത് ഫ്രാഞ്ചൈസിയുടെ ഭാഗമാണോ അവര്‍ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്ലേഓഫില്‍ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്നും അശ്വിന്‍ പറഞ്ഞു. 

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എന്റെ ബാറ്റിങ് സംബന്ധിച്ച് മാനേജ്‌മെന്റ് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ എനിക്ക് കഴിഞ്ഞു. എന്റെ ബാറ്റിങ് പൊസിഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തമായ ധാരണ ടീം മാനേജ്‌മെന്റിന് ഉണ്ടായിരുന്നു. 

എനിക്ക് കളി നന്നായി മനസിലാക്കാന്‍ കഴിഞ്ഞു. വേണ്ടത്ര കരുത്ത് എനിക്ക് ഉണ്ടായില്ല. അവിടെ രാജാമണിക്കും സുബിന്‍ ഭറൂചയ്ക്കുമാണ് ക്രഡിറ്റ്. എന്റെ പ്രകൃതം അവര്‍ക്ക് മനസിലായി. ഞാന്‍ എല്ലാ കളിയിലും ഒരേ വിധത്തിലല്ല ബാറ്റ് ചെയ്യുക. എനിക്ക് വേണ്ട പ്രോത്സാഹനം അവര്‍ നല്‍കി. ഞാന്‍ ഒരുപാട് പരിശീലനം നടത്തി എന്നും അശ്വിന്‍ പറയുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 23 പന്തിലാണ് അശ്വിന്‍ 40 റണ്‍സ് നേടിയത്. 2 ഫോറും മൂന്ന് സിക്‌സും അശ്വിന്റെ ബാറ്റില്‍ നിന്ന് വന്നു. മികച്ച ഓള്‍റൗണ്ടറെ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു എന്നാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പ്രതികരിച്ചത്. സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പായി നെറ്റ്‌സില്‍ അശ്വിന്‍ ഒരുപാട് പരിശീലനം നടത്തിയതായും സഞ്ജു വെളിപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

ഹെറ്റ്മയറിന്റെ ഭാര്യയുടെ പ്രസവത്തെ കുറിച്ച് കമന്റ്‌; ഗാവസ്‌കറിന് എതിരെ വിമര്‍ശനം ശക്തം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ