തേരോട്ടം തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ്, അരങ്ങേറ്റ സീസണില്‍ ഫൈനലില്‍; രാജസ്ഥാനെ അടിച്ചുപറത്തി 

ലീഗ് ഘട്ട മത്സരങ്ങളില്‍ കാണിച്ച കരുത്ത് പ്ലേഓഫിലും പുറത്തെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്
ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍/ഫോട്ടോ: പിടിഐ
ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍/ഫോട്ടോ: പിടിഐ

കൊല്‍ക്കത്ത: ലീഗ് ഘട്ട മത്സരങ്ങളില്‍ കാണിച്ച കരുത്ത് പ്ലേഓഫിലും പുറത്തെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്. അരങ്ങേറ്റ സീസണില്‍ തന്നെ ഫൈനല്‍ ഉറപ്പിച്ച് ഹര്‍ദിക്കും കൂട്ടരും ആദ്യ പ്ലേഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തു. ഏഴ് വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. 

ഒരിക്കല്‍ കൂടി സഞ്ജുവിന് ടോസ് നഷ്ടപ്പെട്ടപ്പോള്‍ ഗുജറാത്ത് രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രാജസ്ഥാന്‍ മുന്‍പില്‍ വെച്ച 189 റണ്‍സ് മൂന്ന് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. 38 പന്തില്‍ നിന്ന് 68 റണ്‍സ് അടിച്ചെടുത്ത ഡേവിഡ് മില്ലറാണ് കളിയിലെ താരം. മൂന്ന് ഫോറും 5 സിക്‌സറുമാണ് മില്ലറുടെ ബാറ്റില്‍ നിന്ന് പറന്നത്. 

ചെയ്‌സ് ചെയ്ത് ഇറങ്ങിയ രണ്ടാമത്തെ പന്തില്‍ തന്നെ ഗുജറാത്തിന് ഓപ്പണര്‍ വൃധിമാന്‍ സാഹയെ നഷ്ടമായി. ബോള്‍ട്ടിന്റെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് സഞ്ജുവിന്റെ കൈകളിലേക്ക് എത്തി. എന്നാല്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയതിന്റെ ബലത്തില്‍ ഗുജറാത്തിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളി വിടാന്‍ രാജസ്ഥാന് കഴിഞ്ഞില്ല. 

ശുഭ്മാന്‍ ഗില്ലും മാത്യു വേഡും ചേര്‍ന്ന് 72 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തി. 31 റണ്‍സ് എടുത്ത ഗില്ലിനെ ദേവ്ദത്ത് പടിക്കല്‍ റണ്‍ഔട്ടാക്കി. മാത്യു വേഡ് 30 പന്തില്‍ നിന്ന് 35 റണ്‍സ് എടുത്തു. ഗില്‍ പുറത്തായതിന് പിന്നാലെ വന്ന ഹര്‍ദിക് പാണ്ഡ്യ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. 27 പന്തില്‍ നിന്ന് ഹര്‍ദിക് 40 റണ്‍സ് നേടി. മറുവശത്ത് മില്ലറും തകര്‍ത്തടിച്ചതോടെ അവസാന പന്തിലേക്ക് കാത്ത് നില്‍ക്കാതെ ഗുജറാത്ത് ഫൈനല്‍ ഉറപ്പിച്ചു. 

ബട്ട്‌ലറുടെ ഇന്നിങ്‌സ് പാഴായി

ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് രാജസ്ഥാന് സഹായകമായത്. 56 പന്തില്‍ ബട്‌ലര്‍ 89 റണ്‍സ് നേടി. 12 ഫോറുകളും രണ്ട് സിക്‌സും അടങ്ങുന്നതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. സഞ്ജു സാംസണ്‍ 47 റണ്‍സ് നേടി പുറത്തായി. 26 പന്തില്‍ നിന്നാണ് 47 റണ്‍സ് നേട്ടം. മൂന്ന് സിക്‌സുകളും 5 ഫോറുകളും സഞ്ജു നേടി
 
മുഹമ്മദ് ഷമിയുടെ ആദ്യ ഓവറില്‍ രണ്ട് ഫോറുകള്‍ പായിച്ച് ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ നയം വ്യക്തമാക്കി. അടുത്ത ഓവറില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (3) നഷ്ടമായെങ്കിലും പിന്നീടെത്തിയ സഞ്ജു സാംസണ്‍ അടിച്ചുതകര്‍ക്കാനുള്ള പദ്ധതിയോടെയാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് സിക്‌സര്‍ പറത്തിയാണ് സഞ്ജു തുടങ്ങിയത്. ഗുജറാത്ത് ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് പവര്‍പ്ലേ ഓവറുകളില്‍ സഞ്ജു അക്ഷരാര്‍ഥത്തില്‍ ആറാടി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 13 പന്തില്‍ 30 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

എന്നാല്‍ പവര്‍പ്ലേയ്ക്ക് ശേഷം റണ്‍സ് കണ്ടെത്താന്‍ രാജസ്ഥാന് കഴിഞ്ഞില്ല. റണ്‍സ് തേടിയുള്ള ശ്രമത്തില്‍ സഞ്ജു (47) പുറത്തായി. നാലാമതെത്തിയ ദേവദത്ത് പടിക്കല്‍ സിക്‌സടിച്ചു ഇന്നിങ്‌സ് തുടങ്ങി. മധ്യ ഓവറുകളില്‍ നിയന്ത്രണത്തോടെ പന്തെറിഞ്ഞ റാഷിദ് ഖാന്‍ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയായി. ഇതിനിടെ സായി കിഷോറിന്റെ ഓവറില്‍ 18 റണ്‍സ് വാരിക്കൂട്ടി പടിക്കല്‍ പുറത്തായി

തുടക്കത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ബട്‌ലര്‍ അവസാന ഓവറുകളില്‍ സ്വതസിദ്ധമായ ആക്രമണശൈലിയില്‍ ബാറ്റ് ചെയ്തു. ഗുജറാത്ത് ഫീല്‍ഡര്‍മാര്‍ പിഴവുകള്‍ വരുത്തിയതും ബട്‌ലറിന് നേട്ടമായി. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയ റാഷിദ് ഖാന്റെ ബോളിങ് പ്രകടനവും ശ്രദ്ധേയമായി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com