ആദ്യം രജത്, പിന്നാലെ ഹെയ്‌സല്‍വുഡും ഹര്‍ഷലും; ബാംഗ്ലൂര്‍ രണ്ടാം പ്ലേഓഫില്‍, ലഖ്‌നൗവിനെ 14 റണ്‍സിന് വീഴ്ത്തി

208 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് ആണ് കണ്ടെത്താനായത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കൊല്‍ക്കത്ത: പ്ലേഓഫിലേക്ക് എത്താന്‍ മറ്റൊരു ടീമിന്റെ മത്സര ഫലത്തെ ആശ്രയിക്കേണ്ടി വന്നെങ്കിലും എലിമിനേറ്ററില്‍ കരുത്ത് കാണിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 14 റണ്‍സിന് വീഴ്ത്തി പ്ലേഓഫ് രണ്ടിലേക്ക് ടിക്കറ്റെടുത്തു. തകര്‍ത്തടിച്ച രജത്തിന്റെ ബാറ്റിങ് ആണ് ബാംഗ്ലൂരിനെ കിരീടത്തിനോട് ഒരു പടി കൂടി അടുപ്പിച്ചത്. 

208 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് ആണ് കണ്ടെത്താനായത്. അവസാന രണ്ട് ഓവറില്‍ 33 റണ്‍സ് ആണ് ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 19ാം ഓവറില്‍ തുടരെയുള്ള വൈഡുകള്‍ക്ക് ശേഷം നാലാം പന്തില്‍ രാഹുലിനെ ഹെയ്‌സല്‍വുഡ് വീഴ്ത്തിയത് കളിയുടെ ഗതി തിരിച്ചു. തൊട്ടടുത്ത പന്തില്‍ ക്രുനാല്‍ പാണ്ഡ്യയും ഹെയ്‌സല്‍വുഡിന് മുന്‍പില്‍ വീണതോടെ ലഖ്‌നൗ സമ്മര്‍ദത്തിലേക്ക് വീണു. 

അവസാന ഓവറില്‍ ജയിക്കാന്‍ 24 റണ്‍സ് വേണമെന്നിരിക്കെ 10 റണ്‍സ് കണ്ടെത്താനാണ് ലഖ്‌നൗവിന് കഴിഞ്ഞത്. 79 റണ്‍സ് എടുത്ത കെഎല്‍ രാഹുലാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. 58 പന്തില്‍ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെട്ടതാണ് രാഹുലിന്റെ ഇന്നിങ്‌സ്. ദീപക് ഹൂഡ 26 പന്തില്‍ നിന്ന് 45 റണ്‍സ് എടുത്ത് മടങ്ങി. മറ്റ് ലഖ്‌നൗ ബാറ്റേഴ്‌സിനൊന്നും ഒന്നും ചെയ്യാനായില്ല. 

ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റും സിറാജ്, ഹസരങ്ക, ഹര്‍ഷല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് ഹര്‍ഷല്‍ വഴങ്ങിയത്. ഇക്കണോമി 6ല്‍ നിര്‍ത്താന്‍ ഹര്‍ഷലിന് കഴിഞ്ഞു.
രണ്ടാം പ്ലേഓഫില്‍ രാജസ്ഥാന്‍ റോയല്‍സ് ആണ് ബാംഗ്ലൂരിന്റെ എതിരാളി. നേരത്തെ ടോസ് നേടിയ ലഖ്‌നൗ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. 

ഡുപ്ലെസിസ് ഗോള്‍ഡന്‍ ഡക്കായതോടെ പതിയെയാണ് ബാംഗ്ലൂര്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ആദ്യ 10 ഓവറില്‍ 86 റണ്‍സ് ആണ് ബാംഗ്ലൂരിന് നേടാനായത്. എന്നാല്‍ രജത്തിന്റെ വെടിക്കെട്ട് വന്നതോടെ അവസാന 10 ഓവറില്‍ നേടിയത് 121 റണ്‍സും. 54 പന്തില്‍ നിന്ന് 12 ഫോറും 7 സിക്‌സും പറത്തിയാണ് രജത് 112 റണ്‍സോടെ പുറത്താവാതെ നിന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com