തകർത്താടി ബട്ലർ, കപ്പിൽ കണ്ണുവെച്ച് സഞ്ജുവും കൂട്ടരും
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th May 2022 06:53 AM |
Last Updated: 28th May 2022 06:53 AM | A+A A- |

രാജസ്ഥാൻ താരങ്ങളായ സഞ്ജുവും ജോസ് ബട്ലറും/ ചിത്രം:പിടിഐ
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തി. ബാംഗ്ലൂർ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 18.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നേടി. സെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന് ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ നെടുന്തൂണായത്. ബട്‌ലർ 60 പന്തുകളിൽ നിന്ന് 106 റൺസെടുത്ത് പുറത്താകാതെ നിന്നു.
158 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 16 റൺസ് പിറന്നു. ഓപ്പണർമാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്‌വാളും ചേർന്ന് ആദ്യ അഞ്ചോവറിൽ 61 റൺസ് അടിച്ചെടുത്തു. 13 പന്തിൽ നിന്ന് 21 റൺസെടുത്താണ് ജയ്‌സ്വാൾ മടങ്ങിയത്. നായകൻ സഞ്ജു സാംസണാണ് പകരം ക്രീസിലെത്തിയത്. 9.1 ഓവറിൽ ടീം സ്‌കോർ 100 കടന്നു. 21 പന്തിൽ ഒരു ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 23 റൺസെടുത്ത സഞ്ജുവിനെ ദിനേശ് കാർത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കി. സഞ്ജുവിന് പകരമെത്തിയ ദേവ്ദത്ത് ഒൻപത് റൺസെടുത്ത പുറത്തായി. ഇതിനിടെ ബട്‌ലർ ഈ സീസണിൽ 800 റൺസ് മറികടന്നു. ദേവ്ദത്തിന് പകരം ഹെറ്റ്‌മെയർ ക്രീസിലെത്തി. 18-ാം ഓവറിൽ ബട്‌ലർ ഈ സീസണിലെ നാലാം സെഞ്ചുറി കുറിച്ചു. ഹെറ്റ്‌മെയർ രണ്ട് റൺസ് നേടി പുറത്താവാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി ജോഷ് ഹെയ്‌സൽവുഡ് രണ്ട് വിക്കറ്റും ഹസരംഗ ഒരു വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 157 റൺസ് കണ്ടെത്തിയത്. ടോസ് നേടി രാജസ്ഥാൻ ബാംഗ്ലൂരിനെ ബാറ്റിങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ രാജസ്ഥാൻ ബൗളർമാർ നിർണായക പോരാട്ടത്തിൽ മികവോടെ പന്തെറിഞ്ഞതോടെയാണ് ബാംഗ്ലൂർ പരുങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി തിളങ്ങിയ രജദ് പടിദാർ ഒരിക്കൽ കൂടി ബാംഗ്ലൂരിന്റെ ടോപ് സ്‌കോററായി. 42 പന്തുകൾ നേരിട്ട് പടിദാർ 58 റൺസെടുത്തു. നാല് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് പടിദാർ അർധ ശതകം തികച്ചത്. രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്കോയ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ട്രെൻഡ് ബോൾട്ട്, ആർ അശ്വിൻ എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.
2008 ന് ശേഷം രാജസ്ഥാൻ റോയൽസ് ഇതാദ്യമായാണ് ഐപിഎൽ ഫൈനലിൽ പ്രവേശിക്കുന്നത്. മേയ് 29ന് നടക്കുന്ന ഫൈനലിൽ ടീം ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
ഈ വാര്‍ത്ത കൂടി വായിക്കാം
മികവോടെ പന്തെറിഞ്ഞ് ബൗളര്‍മാര്‍; വീണ്ടും രക്ഷകനായി പടിദാര്‍; രാജസ്ഥാന് ഫൈനല്‍ ഉറപ്പിക്കാന്‍ 158 റണ്‍സ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ