‘ജോസ് ഭായ് എന്തു തോന്നുന്നു?’... ചഹലിന്റെ ട്രേ‍ഡ് മാർക്ക് ആഘോഷം ഏറ്റെടുത്ത് സഞ്ജുവും ബട്ലറും (വീഡിയോ)

ആർസിബിക്കെതിരായ തകർപ്പൻ ജയം സ്വന്തമാക്കിയതിന് പിന്നാലെ യുസ്‌വേന്ദ്ര ചഹലിന്റെ ട്രേഡ് മാർക്ക് ആഘോഷപ്രകടനം പുനരാവിഷ്കരിച്ച് സഞ്ജുവും ജോസ് ബടലറും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: ഐപിഎല്ലിൽ കന്നി കിരീടം സ്വന്തമാക്കിയ ശേഷം രാജസ്ഥാൻ റോയൽസിന് കിരീടത്തിൽ പിന്നീട് മുത്തമിടാൻ സാധിച്ചിട്ടില്ല. ഇത്തവണ പക്ഷേ അവർ കിരീടത്തിന് തൊട്ടരികിലാണ്. രണ്ടാം ക്വാളിഫയർ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാം​ഗ്ലൂരിനെതിരെ കിടിലൻ ജയം സ്വന്തമാക്കി സഞ്ജുവും സംഘവും കലാശപ്പോരിന് എത്തുകയാണ്. 

ആർസിബിക്കെതിരായ തകർപ്പൻ ജയം സ്വന്തമാക്കിയതിന് പിന്നാലെ യുസ്‌വേന്ദ്ര ചഹലിന്റെ ട്രേഡ് മാർക്ക് ആഘോഷപ്രകടനം പുനരാവിഷ്കരിച്ച് സഞ്ജുവും ജോസ് ബടലറും. ആർസിബിക്കെതിരെ ബട്ലറുടെ ​ഗംഭീര സെഞ്ച്വറിയാണ് രാജസ്ഥാന് ജയം അനായാസമാക്കിയത്. 

സഞ്ജുവും ജോസ് ബട്‌ലറും ഗ്രൗണ്ടിൽ കിടന്നുകൊണ്ടു സംസാരിക്കുന്ന തരത്തിൽ തയാറാക്കിയിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഐപിഎൽ ഔദ്യോഗിക വെബ്സൈറ്റിനായാണു വീഡിയോ തയാറാക്കിയിരിക്കുന്നത്.  

‘ജോസ് ഭായ് എന്തു തോന്നുന്നു?’- സഞ്ജു ബട്‌ലറോട് സഞ്ജുവിന്റെ ചോദ്യം. ‘വളരെ ക്ഷീണം തോന്നുന്നു. അതാണല്ലോ ഇപ്പോൾ നമ്മൾ നിലത്തു കിടക്കുന്നത്. എന്തായാലും നമുക്ക് ജയിക്കാനായല്ലോ. ഒടുവിൽ നമുക്കും ടോസ് കിട്ടി. ജയത്തിൽ നിർണായകമായത് അതാണെന്നു തോന്നുന്നു.‘

സഞ്ജുവിനോടു ബട്‌ലറുടെ ചോദ്യം- ‘ഈ സീസണിൽ ടീമിനെ നയിക്കുന്നത് ആസ്വദിച്ചോ’? ‘ടീം അംഗങ്ങളെ കൂടുതൽ മനസിലാക്കാനാണു ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ ഞാൻ ശ്രമിച്ചത്’– സഞ്ജുവിന്റെ മറുപടി.    

‘റോയൽസിന്റെ ആദ്യത്തെ താരമായ ഷെയ്ൻ വോണ്‍ ഇന്നു നമുക്കൊപ്പമില്ല. പക്ഷേ അദ്ദേഹത്തിന്റെ പൈതൃകം ഇപ്പോഴും ടീമിനൊപ്പം ഉണ്ടെന്നു തോന്നുന്നു അല്ലേ’– ബട്‌ലറുടെ ചോദ്യം. 

‘നിശ്ചയമായും. തുടക്കം മുതലേ ഈ ടൂർണമെന്റ് ഷെയ്ൻ വോണിനായുള്ളതാണ്. അദ്ദേഹത്തിനായി കിരീടം നേടുക എന്നതിൽ ഒരേയൊരു ചുവടു മാത്രം അകലെയാണു നമ്മൾ. ഐപിഎൽ ഫൈനലിൽ ഇടംപിടിക്കുക എന്നതുതന്നെ വലിയ കാര്യമാണ്. അതേക്കുറിച്ചു ഞാൻ കൂടുതൽ സംസാരിക്കുന്നുമില്ല. പക്ഷേ, ഷെയ്ൻ വോണിനായി ഏറെ പ്രത്യേകത നിറഞ്ഞ നേട്ടം കൈവരിക്കുന്നതിൽ ഒരു ചുവടു മാത്രം അകലെയാണു നമ്മൾ’- സഞ്ജുവിന്റെ വാക്കുകൾ.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com