ഗ്ലെന്‍ ഫിലിപ്‌സ് വീണ്ടും പൊരുതി, പക്ഷേ... തകര്‍പ്പന്‍ ജയം പിടിച്ച് ഇംഗ്ലണ്ട്; പ്രതീക്ഷ

കഴിഞ്ഞ മത്സരത്തില്‍ ഏതാണ്ട് ഒറ്റയ്ക്ക് പൊരുതി ടീമിനെ തോളിലേറ്റിയ ഗ്ലെന്‍ ഫിലിപ്‌സ് ഇത്തവണയും ടീമിനെ തോളിലേറ്റി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ബ്രിസ്‌ബെയ്ന്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ നിര്‍ണായക പോരില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇംഗ്ലണ്ട്. 20 റണ്‍സിനാണ് ഇംഗ്ലണ്ട് ജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് കണ്ടെത്തി. ജയം തേടിയിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സേ കണ്ടെത്തിയുള്ളു. 

കഴിഞ്ഞ മത്സരത്തില്‍ ഏതാണ്ട് ഒറ്റയ്ക്ക് പൊരുതി ടീമിനെ തോളിലേറ്റിയ ഗ്ലെന്‍ ഫിലിപ്‌സ് ഇത്തവണയും ടീമിനെ തോളിലേറ്റി. എന്നാല്‍ പിന്തുണയ്ക്കാന്‍ അപ്പോഴും ആളില്ലാതെ പോയി. താരം 36 പന്തുകള്‍ നേരിട്ട് നാല് ഫോറും മൂന്ന് സിക്‌സും സഹിതം 62 റണ്‍സ് കണ്ടെത്തി. 

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 40 പന്തില്‍ 40 റണ്‍സുമായി പിടിച്ചു നിന്നു. മറ്റൊരാളും കാര്യമായ സംഭാവന നല്‍കിയില്ല. ഫിന്‍ അലന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ 16 റണ്‍സ് കണ്ടെത്തി. 

രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ക്രിസ് വോക്‌സ്, സാം കറന്‍ എന്നിവര്‍ തിളങ്ങി. മാര്‍ക് വുഡ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ് എന്നിവരുടെ ഇന്നിങ്‌സ് മികവില്‍ ഉജ്ജ്വല തുടക്കമാണ് ഇട്ടത്. ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ കിവി ബൗളര്‍മാര്‍ക്ക് 11ാം ഓവറിന്റെ രണ്ടാം പന്ത് വരെ കാക്കേണ്ടി വന്നു. 

തകര്‍ത്തടിച്ച് മുന്നേറിയ ഇംഗ്ലണ്ട് ഇന്നിങ്‌സിന് അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ ന്യൂസിലന്‍ഡ് കടിഞ്ഞാണിടുകയായിരുന്നു. ഇംഗ്ലണ്ടിന് ബട്‌ലര്‍- ഹെയ്ല്‍സ് ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 62 പന്തില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സ് അടിച്ചുകൂട്ടി. 

47 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 73 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 40 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 52 റണ്‍സെടുത്ത ഹെയ്ല്‍സിനെ പുറത്താക്കി മിച്ചല്‍ സാന്റ്‌നറാണ് ഈ കൂട്ടുകെട്ടു പൊളിച്ചത്. 

പിന്നീടെത്തിയ മൊയിന്‍ അലി (5) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാല്‍ ബട്‌ലര്‍ക്കൊപ്പം ലിയാം ലിവിങ്സ്റ്റണ്‍ എത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും ടോപ് ഗിയറിലായി. ഇരുവരും ചേര്‍ന്ന് അതിവേഗം 45 റണ്‍സ് ചേര്‍ത്തു. ലിവിങ്സ്റ്റണ്‍ 14 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. 

പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ട് പരുങ്ങി. ഹാരി ബ്രൂക്ക്‌സ് (7), ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവരെ തുടര്‍ച്ചയായ ഇടവേളകളില്‍ നഷ്ടമായതോടെ ഒരു ഘട്ടത്തില്‍ 200ന് മുകളില്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിന് 179 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ക്കാനായത്. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ രണ്ടും ടിം സൗത്തി, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com