ത്രില്ലറില്‍ ഇന്ത്യക്ക് ജയം, സെമി തൊട്ടരികെ; 5 റണ്‍സ് അകലെ വീണ് ബംഗ്ലാദേശ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd November 2022 05:58 PM |
Last Updated: 02nd November 2022 06:05 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പില്‍ അവസാന പന്ത് വരെ നീണ്ട ആവേശപ്പോരില്‍ ബംഗ്ലാദേശിനെ വീഴ്ത്തി സെമി സാധ്യത ഉറപ്പിച്ച് ഇന്ത്യ. മഴ രസംകൊല്ലിയായ മത്സരത്തില്‍ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം 151 ആയി പുനക്രമീകരിച്ചപ്പോള്‍ റണ്‍സിലേക്ക് എത്താനാണ് ബംഗ്ലാദേശിനായത്.
അവസാന ഓവറില്‍ 20 റണ്‍സ് ആണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. രോഹിത് ശര്‍മ പന്ത് നല്‍കിയത് അര്‍ഷ്ദീപ് സിങ്ങിന്റെ കൈകളിലേക്കും. ആദ്യ പന്തില്‍ സിംഗിളാണ് തസ്‌കിന്‍ അഹ്മദിന് എടുക്കാനായത്. എന്നാല്‍ ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ സിക്‌സ് പറത്തി നൂറുല്‍ ബംഗ്ലാദേശ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 5 റണ്‍സ് അകലെ ബംഗ്ലാദേശ് പ്രതീക്ഷകള്‍ നിലംപതിച്ചു.
ഇന്ത്യയെ വിറപ്പിച്ചത് ലിറ്റന്‍ ദാസിന്റെ വെടിക്കെട്ട്
ലിറ്റന്‍ ദാസിന്റെ വെടിക്കെട്ട് ബാറ്റങ് ആണ് ആദ്യം ഇന്ത്യയെ വിറപ്പിച്ചത്. 7 ഓവറില്‍ മഴ കളി മുടമ്പോള്‍ 27 പന്തില്‍ നിന്ന് 7 ഫോറും മൂന്ന് സിക്‌സും പറത്തി 60 റണ്‍സോടെയാണ് ലിറ്റന്‍ ബാറ്റ് ചെയ്തിരുന്നത്. സ്‌ട്രൈക്ക്‌റേറ്റ് 222.
എന്നാല്‍ മഴയ്ക്ക് ശേഷം കളി തുടങ്ങിയപ്പോള്‍ ലിറ്റനെ റണ്‍ഔട്ടിലൂടെ രാഹുല്‍ മടക്കി. അശ്വിന്റെ ഡെലിവറിയില്‍ ഡീപ് മിഡ് വിക്കറ്റിലേക്കാണ് ലിറ്റന്‍ കളിച്ചത്. സിംഗിളിനായി ഓടിയ ലിറ്റന്‍ ബൗളേഴ്‌സ് എന്‍ഡില്‍ ക്രീസ് ലൈന്‍ കടക്കുന്നതിന് മുന്‍പ് രാഹുലിന്റെ തകര്‍പ്പന്‍ ത്രോ സ്റ്റംപ് ഇളക്കി.
ലിറ്റന്‍ മടങ്ങിയതിന് പിന്നാലെ മറ്റൊരു ഓപ്പണറായ നജ്മുളിനെ മുഹമ്മദ് ഷമി സൂര്യകുമാര്‍ യാദവിന്റെ കൈകളിലേക്ക് എത്തിച്ചു. 25 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത് നില്‍ക്കെ ലോങ് ഓണില്‍ ക്യാച്ച് നല്‍കിയാണ് നജ്മുള്‍ മടങ്ങിയത്.
അര്‍ഷ്ദീപിന്റേയും ഹര്‍ദിക്കിന്റേയും ഇരട്ട പ്രഹരം
12ാം ഓവറില്‍ ബംഗ്ലാദേശിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ട് അര്‍ഷ്ദീപ് സിങ് എത്തി. ക്യാപ്റ്റന്‍ ഷക്കീബിനേയും അഫിഫിനേയും അര്‍ഷ്ദീപ് തുടരെ മടക്കി. 13 റണ്‍സ് എടുത്താണ് ഷക്കീബ് കൂടാരം കയറിയത്. അഫിഫ് 3 റണ്‍സ് എടുത്തും.
പിന്നാലെ യാസിര്‍ അലിയേയും മുസാദെക്കിനേയും 13ാം ഓവറില്‍ ഹര്‍ദിക് മടക്കി. എന്നാല്‍ 15ാം ഓവറില്‍ ഹര്‍ദിക്കിന് എതിരെ തസ്‌കിന്‍ അഹ്മദ് ഒരു ഫോറും സിക്‌സും പറത്തിയത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ട്വന്റി20 റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവ് ഒന്നാമത്; കോഹ്‌ലിക്ക് ശേഷം ആദ്യം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ