'അവനിത് എങ്ങനെ കഴിയുന്നു?'; സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി മുന്‍ നായകർ  

നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇത് അതിശയകരമാണെന്ന് കരുതുന്നുവെന്ന് ടെയ്‌ലര്‍
സൂര്യകുമാര്‍ യാദവ് / ഫയല്‍
സൂര്യകുമാര്‍ യാദവ് / ഫയല്‍

അഡലൈഡ്: ട്വന്റി 20 ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പ്രകീര്‍ത്തിച്ച് മുന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്ക മുന്‍ ക്യാപ്റ്റന്‍ ഹാഫ് ഡു പ്ലെസിസും ന്യൂസിലന്‍ഡ് മുന്‍ നായകൻ റോസ് ടെയ്‌ലറുമാണ് സൂര്യകുമാറിന്റെ ബാറ്റിങ്ങിനെ പുകഴ്ത്തി രംഗത്തു വന്നത്. 

'അവനിത് എങ്ങനെ കഴിയുന്നു എന്ന് എനിക്കറിയില്ല' എന്നായിരുന്നു റോസ് ടെയ്‌ലറിന്റെ പ്രതികരണം. ലോകോത്തര താരങ്ങളായ രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് പിന്നാലെ നാലാം നമ്പറിലാണ് സൂര്യകുമാര്‍ ബാറ്റിങ്ങിനിറങ്ങുന്നത്. ട്വന്റി 20 യില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ ബാറ്റുചെയ്യുക ഏറെ പ്രയാസകരമാണ്. 

എന്നിട്ടും മികച്ച റണ്‍വേട്ടയോടെ, ട്വന്റി-20 ലോകറാങ്കിങ്ങില്‍ സൂര്യകുമാര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇത് അതിശയകരമാണെന്ന് ഞാന്‍ കരുതുന്നുവെന്ന് ടെയ്‌ലര്‍ പറഞ്ഞു. ബാറ്റിങ്ങിനിറങ്ങിയാല്‍ വളരെപ്പെട്ടെന്ന് തന്നെ സാഹചര്യം വിലയിരുത്തുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബാറ്റിങ്ങ്. വിക്കറ്റുകള്‍ക്കിടയില്‍ നന്നായി ഓടുന്നു.

നിലയുറപ്പിച്ചു കഴിഞ്ഞാല്‍ എവിടേക്ക് വേണമെങ്കിലും ഷോട്ട് കളിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. സൂര്യയെ മുന്‍നിരയില്‍ ഇറക്കി കളിപ്പിക്കണമെന്നാണ് തന്റെ നിലപാട്. എങ്കില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും റോസ് ടെയ്‌ലര്‍ പറഞ്ഞു. 

എത്ര കടുത്ത സന്ദര്‍ഭത്തിലും സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ കളിക്കാന്‍ കഴിയുന്നു എന്നതാണ് സൂര്യകുമാര്‍ യാദവിന്റെ മികവെന്ന് ഹാഫ് ഡുപ്ലെസി അഭിപ്രായപ്പെട്ടു. ഒരിക്കലും സൂര്യയെ പരിഭ്രാന്തനായി കണ്ടിട്ടില്ല. സമചിത്തതയോടെ, അതേസമയം സാഹചര്യത്തിന് അനുസരിച്ച് വമ്പന്‍ ഷോട്ടുകളിലൂടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സൂര്യകുമാര്‍ യാദവിന് കഴിയുന്നതായും ഹാഫ് ഡുപ്ലെസി പറഞ്ഞു. 

മൈതാനത്തിന്റെ ഏതു വശത്തും റണ്‍സ് കണ്ടെത്താനും, വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനുമുള്ള കഴിവാണ് സൂര്യകുമാറിനെ ഏറെ വ്യത്യസ്തനാക്കുന്നതെന്നും ഡുപ്ലെസി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്റെ മുഹമ്മദ് റിസ് വാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സൂര്യകുമാര്‍ ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com