അനായാസം ലങ്കയെ വീഴ്ത്തി ഇംഗ്ലണ്ട്; സെമി കാണാതെ ഓസ്‌ട്രേലിയ പുറത്ത്

ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി ന്യൂസിലന്‍ഡും രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ടും സെമിയിലെത്തി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

സിഡ്നി: ശ്രീലങ്കയെ പരാജയപ്പെടുത്തി മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ടി20 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. സൂപ്പര്‍ 12 ലെ പോരാട്ടത്തില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇംഗ്ലണ്ട് രണ്ട് പന്തുകള്‍ ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. 

ഇംഗ്ലണ്ട് സെമിയിലേക്ക് കടന്നതോടെ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയ സെമി കാണാതെ പുറത്തായി. ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി ന്യൂസിലന്‍ഡും രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ടും സെമിയിലെത്തി. 

വിജയത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. സഖ്യം ഏഴോവറില്‍ 75 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. ആദ്യം പുറത്തായത് ബട്‌ലറാണ് മടങ്ങിയത്. 23 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 28 റണ്‍സാണ് ക്യാപ്റ്റന്‍ എടുത്തത്. പിന്നാലെ അധികം കഴിയാതെ ഹെയ്ല്‍സും മടങ്ങി. താരം 30 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 47 റണ്‍സുമായി മടങ്ങി. 

മൂന്നാമനായി ക്രീസിലെത്തിയ ബെന്‍ സ്‌റ്റോക്‌സിന്റെ അവസരോചിത ബാറ്റിങ് ഒരറ്റം കാത്തതോടെ ഇംഗ്ലണ്ട് വേവലാതികളില്ലാതെ വിജയത്തിലെത്തി. മറുഭാഗത്ത് വിക്കറ്റ് വീഴുമ്പോഴും ബുദ്ധിപരമായ ബാറ്റിങാണ് സ്റ്റേക്‌സ് പുറത്തെടുത്തത്. 36 പന്തുകള്‍ നേരിട്ട് രണ്ട് ഫോറുകള്‍ മാത്രം അടിച്ച് സ്‌റ്റോക്‌സ് 42 റണ്‍സുമായി പുറത്താകാതെ നിന്നു. വിജയം തൊടുമ്പോള്‍ ക്രിസ് വോക്‌സും അഞ്ച് റണ്ണുമായി പുറത്താകാതെ നിന്നു. 

ശ്രീലങ്കക്കായി ലഹിരു കുമാര, വാനിന്ദു ഹസരങ്ക, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് കണ്ടെത്തിയത്. അവസാന ഘട്ടത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്. 

ടോസ് നേടി ലങ്ക ആദ്യം ബാറ്റിങിന് ഇറങ്ങുകയായിരുന്നു. ഒപ്പണര്‍ പതും നിസ്സങ്ക നേടിയ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്ക പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഭനുക രജപക്സ, കുശാല്‍ മെന്‍ഡിസ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. മറ്റൊരാളും ക്രീസില്‍ നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല. 

നിസ്സങ്ക 45 പന്തില്‍ അഞ്ച് സിക്സും രണ്ട് ഫോറും സഹിതം 67 റണ്‍സ് വാരി. രജപക്സ 22 പന്തില്‍ 22 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസ് 14 പന്തില്‍ ഒരോ സിക്സും ഫോറും സഹിതം 18 റണ്‍സിലെത്തി. 

ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com