മെല്‍ബണില്‍ ഇന്ന് കലാശപ്പോര്; രണ്ടാം വട്ടം ട്വന്റി20 ലോക കിരീടം ഉയര്‍ത്താന്‍ ഇംഗ്ലണ്ടും പാകിസ്ഥാനും

2009ലാണ് പാകിസ്ഥാന്‍ ട്വന്റി20 ലോക കിരീടത്തില്‍ ആദ്യം മുത്തമിടുന്നത്. ഇംഗ്ലണ്ട് 2010ലും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെല്‍ബണ്‍: രണ്ടാം ട്വന്റി20 ലോക കിരീടം ലക്ഷ്യമിട്ട് പാകിസ്ഥാനും ഇംഗ്ലണ്ടും ഇന്ന് കലാശപ്പോരിന് ഇറങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. 2009ലാണ് പാകിസ്ഥാന്‍ ട്വന്റി20 ലോക കിരീടത്തില്‍ ആദ്യം മുത്തമിടുന്നത്. ഇംഗ്ലണ്ട് 2010ലും. രണ്ടാം വട്ടം കിരീടം ആരുടെ കൈകളിലേക്ക് എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

1992ലെ ലോകകപ്പില്‍ കിരീടം ചൂടിയതിന് സമാനമായ വഴികളിലൂടെയാണ് പോക്ക് എന്നതാണ് പാകിസ്ഥാന്‍ ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നത്. ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന ദിനമാണ് പാകിസ്ഥാന്‍ 1992ലും 2022ലും സെമി ഉറപ്പിച്ചത്. സെമിയില്‍ രണ്ട് വട്ടവും നേരിട്ടത് ന്യൂസിലന്‍ഡിന്. അന്ന് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം. ഇന്ന് ഫൈനലില്‍ പാകിസ്ഥാന് മുന്‍പില്‍ ഇംഗ്ലണ്ട് തന്നെ വന്ന് നില്‍ക്കുന്നു. 

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നേറ്റ തോല്‍വിയില്‍ നിന്ന് കരകയറും മുന്‍പാണ് സിംബാബ് വെ പാകിസ്ഥാനെ ഞെട്ടിച്ചത്. എന്നാല്‍ ഇതിന് ശേഷം തുടരെ മൂന്ന് ജയങ്ങള്‍ നേടാന്‍ സൂപ്പര്‍ 12ല്‍ പാകിസ്ഥാന് കഴിഞ്ഞു. ഒടുവില്‍ സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് ഞെട്ടിച്ചതോടെ ബാബറും കൂട്ടരും സെമിയിലെത്തി. 

അതുവരെ ഫോമിലാവാതെ നിന്ന പാകിസ്ഥാന്റെ ഓപ്പണിങ് സഖ്യം സെമിയില്‍ സ്‌കോര്‍ ഉയര്‍ത്തി. 152 റണ്‍സ് പാകിസ്ഥാന്‍ ചെയ്‌സ് ചെയ്തപ്പോള്‍ 105 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബാബറും റിസ്വാനും ചേര്‍ന്ന് കണ്ടെത്തിയത്. ശരിയായ സമയത്ത് ടീം താളം കണ്ടെത്തിയിരിക്കുന്നു എന്ന സൂചനയാണ് പാകിസ്ഥാന്‍ നല്‍കുന്നത്. 3 കളിയില്‍ നിന്ന് ഷഹീന്‍ അഫ്രീദി 9 വിക്കറ്റും വീഴ്ത്തി കഴിഞ്ഞു. 

എന്നാല്‍ മറുവശത്ത് ഇന്ത്യയെ 10 വിക്കറ്റിന് നിലംപരിശാക്കിയാണ് ഇംഗ്ലണ്ടിന്റെ വരവ്. 170 റണ്‍സ് ചെയ്‌സ് ചെയ്യാന്‍ ബട്ട്‌ലറിനേയും ഹെയ്ല്‍സിനേയും മാത്രമേ ഇംഗ്ലണ്ടിന് വേണ്ടിവന്നുള്ളു. സൂപ്പര്‍ 12ല്‍ അയര്‍ലന്‍ഡിനോട് തോറ്റാണ് ഇംഗ്ലണ്ട് വരുന്നത്. പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ മത്സരം മഴയില്‍ ഒലിച്ചു. ശ്രീലങ്കക്കെതിരായ കളിയില്‍ ബെന്‍ സ്‌റ്റോക്ക്‌സ് ആണ് തുണച്ചത്. 

ഡെത്ത് ഓവറുകളില്‍ മികവ് കാണിക്കുന്ന സാം കറാന്‍ ഇതിനോടകം 10 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. മാര്‍ക്ക് വുഡ് 9 വിക്കറ്റും. മാര്‍ക്ക് വുഡിന് സെമി പരിക്കിനെ തുടര്‍ന്ന് നഷ്ടമായെങ്കിലും ഫൈനലിലേക്ക് എത്തും എന്നാണ് സൂചന. പാക് സ്പിന്‍ സഖ്യം ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവരെ ഇംഗ്ലീഷ് ബൗളര്‍മാര്‍ എങ്ങനെ നേരിടും എന്നത് കലാശപ്പോരില്‍ നിര്‍ണായകമാവും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com