ലിവര്‍പൂള്‍ സ്വന്തമാക്കാന്‍ മുകേഷ് അംബാനിയും? 

ലിവര്‍പൂള്‍ ഉടമകളായ ഫെന്‍വെ സ്‌പോര്‍ട്‌സ് ഗ്രൂപ്പാണ് ക്ലബ് വില്‍ക്കാന്‍ ഒരുങ്ങുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗിലെ വമ്പന്‍മാരായ ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യവസായ ഭീമനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയും രംഗത്ത്. ക്ലബ് വിൽക്കാനൊരുങ്ങുകയാണെന്ന് ഉടമകൾ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മുകേഷ് അംബാനി ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്.

ലിവര്‍പൂള്‍ ഉടമകളായ ഫെന്‍വെ സ്‌പോര്‍ട്‌സ് ഗ്രൂപ്പാണ് ക്ലബ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഏതാണ്ട് ഏഴ് ലക്ഷം കോടിക്ക് മുകളിലാണ് മുകേഷ് അംബാനിയുടെ ആസ്തി. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ മുകേഷ് അംബാനി. 

ലിവര്‍പൂളിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ നാല് ബില്യണ്‍ യൂറോയാണ് മുടക്കേണ്ടി വരിക. ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ചില അമേരിക്കന്‍ കമ്പനികളും ഗള്‍ഫ് മേഖലയിലെ ചിലരും രംഗത്തുണ്ട്.

2010ലാണ് നിലവിലെ ഉടമകളായ ഫെന്‍വെ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് ക്ലബ് വാങ്ങിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ക്ലബ് വില്‍ക്കാന്‍ ഒരുങ്ങുകയാണെന്ന അവരുടെ പ്രഖ്യാപനം ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ക്ലബിന്റെ സംസ്‌കാരത്തേയും താത്പര്യങ്ങളേയും പാരമ്പര്യത്തേയും അംഗീകരിക്കുന്ന ആര്‍ക്കും ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് ഉടമകള്‍ അടുത്തിടെ വ്യക്തമാക്കിയത്. 

ഇത് ആദ്യമായല്ല ക്ലബിനെ സ്വന്തമാക്കാന്‍ മുകേഷ് അംബാനി ശ്രമിക്കുന്നത്. 2010ലും സമാനമായ നീക്കം മുകേഷ് അംബാനി നടത്തിയിരുന്നു. സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതോ റോയ്‌ക്കൊപ്പം ചേര്‍ന്ന് ക്ലബിന്റെ 51 ശതമാനം ഓഹരികള്‍ വാങ്ങാനായിരുന്നു മുകേഷ് അംബാനി ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്ന് ലിവര്‍പൂള്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന ക്രിസ്റ്റ്യന്‍ പര്‍സ്‌ലോ ഈ അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com