കളി മെനഞ്ഞ് മുഹമ്മദ് സല, ബെല്‍ജിയത്തെ 2-1ന് ഞെട്ടിച്ച് ഈജിപ്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 10:06 AM  |  

Last Updated: 19th November 2022 10:06 AM  |   A+A-   |  

salah1

ബെല്‍ജിയത്തിനെതിരെ സല/ഫോട്ടോ: എഎഫ്പി

 

കുവൈറ്റ് സിറ്റി: ലോകകപ്പ് പോര് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം മുന്‍പില്‍ നില്‍ക്കെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി ബെല്‍ജിയം. മുഹമ്മദ് സലയുടെ ഈജിപ്ത് 2-1നാണ് ബെല്‍ജിയത്തെ വീഴ്ത്തിയത്. താളം നഷ്ടപ്പെട്ട റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ബെല്‍ജിയത്തെയാണ് ഈജിപ്തിനെതിരെ കണ്ടത്. 

ലോക രണ്ടാം നമ്പര്‍ ടീമിന് എതിരെ 33ാം മിനിറ്റില്‍ മുസ്തഫ മുഹമ്മദിലൂടെ വലകുലുക്കി ഈജിപ്ത് ഞെട്ടിച്ചു. പാസ് സ്വീകരിക്കുന്നതിന് ഇടയില്‍ കെവിന്‍ ഡി ബ്രുയിന് സംഭവിച്ച പിഴവ് മുതലെടുത്തായിരുന്നു മുസ്തഫ മുഹമ്മദ് വല കുലുക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് 2-0 ആയി ഉയര്‍ത്തി ഖത്തര്‍ ലോകകപ്പുകളിലെ ഫേവറിറ്റുകളിലൊന്നായ ടീമിനെ ഈജിപ്ത് സമ്മര്‍ദത്തിലാക്കി. മൈതാന മധ്യത്ത് നിന്ന് സല നല്‍കിയ ക്രോസിലേക്ക് ഓടിയെത്തി ട്രസിഗെ ഗോളിയെയാണ് വല കുലുക്കിയത്. 76ാം മിനിറ്റില്‍ ഓപ്പെന്‍ഡയിലൂടെ ബെല്‍ജിയം മറുപടി നല്‍കിയെങ്കിലും വിജയ ഗോള്‍ കണ്ടെത്താനായില്ല. 

പന്ത് കൈവശം വെക്കുന്നതിലും പാസുകളിലും പാസുകളിലെ കൃത്യതയിലുമെല്ലാം ഈജിപ്തിനേക്കാള്‍ മികവ് കാണിച്ചെങ്കിലും 8 ഷോട്ടുകളില്‍ ടാര്‍ഗറ്റിലേക്ക് ബെല്‍ജിയത്തില്‍ നിന്ന് വന്നത് രണ്ടെണ്ണം മാത്രം. ഈജിപ്തിന്റെ ആറ് ഷോട്ടുകളില്‍ വന്നപ്പോള്‍ അതില്‍ അഞ്ചും ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു.

സ്‌ക്വാഡിലെ പലരേയും ഈജിപ്തിനെതിരെ ബെല്‍ജിയം പരീക്ഷിച്ചപ്പോള്‍ നായകന്‍ ഹസാര്‍ഡ് നിരാശപ്പെടുത്തി. കാനഡയുമായാണ് ബെല്‍ജിയത്തിന്റെ ലോകകപ്പിലെ ആദ്യ മത്സരം. നവംബര്‍ 30നാണ് ഇത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

നുര പതയും ആഘോഷം വേണ്ട; 8 സ്റ്റേഡിയങ്ങളിലും ബിയര്‍ നിരോധിക്കും, റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ