87ാം മിനിറ്റില്‍ കൊടുവള്ളിക്കാരന്‍ താഹിറിന്റെ ഗോള്‍; വിജയ തേരോട്ടം തുടര്‍ന്ന് ഗോകുലം കേരള 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 11:19 AM  |  

Last Updated: 19th November 2022 11:20 AM  |   A+A-   |  

gokulam_kerala

ഐസോളിനെതിരെ വല കുലുക്കുന്ന താഹിര്‍//ഫോട്ടോ: ട്വിറ്റർ

 

ഐസോള്‍: ഐ ലീഗില്‍ വിജയ തേരോട്ടം തുടര്‍ന്ന് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി. ഐസോള്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ ചെന്ന് 1-0ന് വീഴ്ത്തിയാണ് ഗോകുലം മടങ്ങിയത്. കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ താഹിര്‍റിന്റെ ഹെഡ്ഡറാണ് മലബാറിയന്‍സിനെ ജയത്തിലേക്ക് എത്തിച്ചത്. 

87ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജില്‍ നിന്ന് വന്ന പെര്‍ഫെക്ട് ക്രോസില്‍ നിന്നാണ് പകരക്കാരനായി വന്ന താഹിര്‍ വല കുലുക്കിയത്. ജയത്തോടെ രണ്ട് കളിയില്‍ നിന്ന് ആറ് പോയിന്റുമായി ഗോകുലം കേരള പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. വിങ്ങുകളിലൂടെ ആക്രമിച്ചാണ് ഗോകുലം കേരള തുടങ്ങിയത്. പിന്നാലെ ഐസോള്‍ എഫ്‌സി കരുത്തു കാണിച്ച് തുടങ്ങിയതോടെ മധ്യനിരയില്‍ പോരാട്ടം മുറുകി. 

ആദ്യ പകുതിയില്‍ കാമറൂണ്‍ സ്‌ട്രൈക്കര്‍ അഗസ്റ്റ് സോംലഗ പോസിറ്റീവ് മുന്നേറ്റങ്ങളുമായി നിറഞ്ഞെങ്കിലും ഐസോളിന്റെ പ്രതിരോധ മതിലില്‍ തട്ടി മടങ്ങി. പ്രസ്സിങ് ഗെയിം കളിച്ച എയ്‌സ്വാളിന് വേണ്ടി ഇടത് വിങ്ങില്‍ നിന്ന് ഹെന്റി കിസെക ഷോട്ട് തൊടുത്തെങ്കിലും വല കുലുക്കാനായില്ല. 

വിങ്ങില്‍ നിന്ന് വന്ന കളി മെനയലിന്റെ ബലത്തില്‍ 53ാം മിനിറ്റില്‍ ആര്‍ രാമദിന്തരയിലൂടെ ഐസോള്‍ വല കുലുക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ബോക്‌സിനുള്ളില്‍ ലഭിച്ച അവസരവും മുതലാക്കാന്‍ ഹോം ടീമിന് സാധിച്ചില്ല. ഐസോള്‍ ഉയര്‍ത്തിയ വെല്ലുവിളികളിലും ഇളകാതെ കളിച്ചായിരുന്നു ഗോകുലം പിടിച്ചു നിന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കളി മെനഞ്ഞ് മുഹമ്മദ് സല, ബെല്‍ജിയത്തെ 2-1ന് ഞെട്ടിച്ച് ഈജിപ്ത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ