ഇന്ത്യക്ക് ഇനി സ്പ്ലിറ്റ് ക്യാപ്റ്റന്‍സി? ഹര്‍ദിക്കിനെ ട്വന്റി20 നായകനായി പ്രഖ്യാപിച്ചേക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 02:18 PM  |  

Last Updated: 19th November 2022 02:18 PM  |   A+A-   |  

hardik

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനായി പ്രഖ്യാപിച്ചേക്കും. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി പ്രഖ്യാപനത്തിന് ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് ഹര്‍ദിക്കിനെ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനായി പ്രഖ്യാപിക്കാനാണ് നീക്കം.

നിലവില്‍ ന്യൂസിലന്‍ഡിന് എതിരായ ട്വന്റി20 പരമ്പരയില്‍ രോഹിത്തിന് വിശ്രമം നല്‍കിയതിനെ തുടര്‍ന്ന് താത്കാലിക ക്യാപ്റ്റന്റെ റോളിലാണ് ഹര്‍ദിക്. ട്വന്റി20യിലെ ക്യാപ്റ്റന്‍സിയില്‍ നിന്ന് രോഹിത് മാറുമെങ്കിലും ഏകദിനത്തില്‍ തുടരും. 2023ല്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് വരെ രോഹിത് ശര്‍മ ഏകദിന ക്യാപ്റ്റന്‍സിയില്‍ തുടരും. 

ട്വന്റി 20 ലോകകപ്പ് പരാജയത്തെ തുടര്‍ന്ന് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ശര്‍മയെ ബിസിസിഐ പുറത്താക്കിയിരുന്നു. ചേതന്‍ ശര്‍മ നേതൃത്വം നല്‍കുന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റിയെയും പിരിച്ചുവിട്ടു. ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷയും ക്ഷണിച്ചു. നവംബര്‍ 28 ആണ് അപേക്ഷ നല്‍കാനുള്ള അവസാന തിയതി. 

ഇന്ത്യക്കായി ഏഴ് ടെസ്റ്റ് കളിച്ചതോ 30 ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചതോ 10 ഏകദിനം കളിച്ചതോ ആയവര്‍ക്കാണ് ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷ നല്‍കാനുള്ള യോഗ്യത. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷമെങ്കിലും പിന്നിട്ടിരിക്കുകയും വേണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ലോകകപ്പ് കഴിഞ്ഞാല്‍ തിരിച്ചു വരണ്ട'; ക്രിസ്റ്റ്യാനോയുടെ കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ