'ബ്രൂണോയുമായി എന്ത് പ്രശ്‌നം?'- ആ വിവാദ വീഡിയോയില്‍ നടന്നത് ഇതാണ്; വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 03:48 PM  |  

Last Updated: 21st November 2022 03:48 PM  |   A+A-   |  

cr7

വീഡിയോ ദൃശ്യം

 

ദോഹ: പോര്‍ച്ചുഗല്‍ ഇതിഹാസവും വെറ്ററന്‍ സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരിച്ചടികളുടെ കാലത്തിലൂടെയാണ് കടന്നു പോകുന്നത്. ഫോം കണ്ടെത്താനാകാതെ പോകുന്നതും കളത്തിന് പുറത്തെ വിവാദങ്ങളുമെല്ലാമായാണ് താരം തന്റെ കരിയറിലെ അവസാന ലോകകപ്പിനായി ഖത്തറിലെത്തിയത്. പോര്‍ച്ചുഗല്‍ ടീം ഖത്തറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഡ്രസിങ് റൂമിലെ ഒരു വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. ഇപ്പോള്‍ സംഭവത്തിന്റെ നിജ സ്ഥിതി വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റിയാനോ. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പോര്‍ച്ചുഗല്‍ ടീമിനൊപ്പം ക്രിസ്റ്റ്യാനോ ഖത്തറിലെത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സഹ താരം കൂടിയായ ബ്രൂണോ ഫെര്‍ണാണ്ടസുമായി പോര്‍ച്ചുഗല്‍ ഡ്രസിങ് റൂമില്‍ വെച്ച് കണ്ടു മുട്ടുന്നതും ഇരുവരും തമ്മില്‍ അത്ര സുഖകരമല്ലാത്ത സംഭാഷണം നടന്നു എന്ന രീതിയിലുമുള്ള വീഡിയോയാണ് വൈറലായി മാറിയത്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടെന്ന രീതിയില്‍ ആ വീഡിയോ പ്രചരിക്കപ്പെട്ടു. 

എന്നാല്‍ ബ്രൂണോ ഫെര്‍ണാണ്ടസും ആയി തനിക്ക് യാതൊരു പ്രശ്‌നവും ഇല്ല എന്നാണ് റൊണാള്‍ഡോ ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. വിവാദമെന്ന നിലയില്‍ പ്രചരിക്കുന്ന കാര്യങ്ങളൊന്നുമല്ല ആ വീഡിയോയില്‍ ഉള്ളതെന്നും താരം വ്യക്തമാക്കി. 

'സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ഞങ്ങള്‍ ഒരുമിച്ച് കളിച്ചിരുന്നു. അതിന് ശേഷം ഡ്രസിങ് റൂമില്‍ വച്ചാണ് തമ്മില്‍ കണ്ടത്. നിങ്ങളുടെ വിമാനം വൈകിയിരുന്നല്ലോ, ബോട്ടിലാണോ വന്നത് എന്നു മാത്രമാണ് ആ വീഡിയോയില്‍ ഞാന്‍ ബ്രൂണോയോട് ചോദിച്ചത്. നിങ്ങള്‍ ദയവായി മറ്റ് താരങ്ങളെക്കുറിച്ച് എന്നോട് ചോദിക്കരുത്.  ലോകകപ്പിനെ കുറിച്ചുള്ള കാര്യങ്ങള്‍ ചോദിക്കു'- അഭിമുഖമെടുത്ത ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനോട് ക്രിസ്റ്റിയാനോ ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ

ആദ്യ രണ്ട് മത്സരങ്ങളില്‍ ലുകാകു കളിക്കില്ല; ബെല്‍ജിയത്തിന് തിരിച്ചടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ