ആദ്യ രണ്ട് മത്സരങ്ങളില്‍ ലുകാകു കളിക്കില്ല; ബെല്‍ജിയത്തിന് തിരിച്ചടി

കാലിലെ ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ലുകാകു നിലവില്‍ വിശ്രമത്തിലാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദോഹ: ലോകകപ്പില്‍ സുപ്രധാന താരങ്ങളുടെ പരിക്ക് പല ടീമുകള്‍ക്കും വെല്ലുവിളിയായി നില്‍ക്കുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിന് മികച്ച നിരവധി താരങ്ങളെയാണ് പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നത്. സെനഗലടക്കമുള്ള ടീമുകള്‍ക്കും പരിക്ക് വലിയ തിരിച്ചടിയായി. ഈ പട്ടികയിലേക്ക് എത്തുകയാണ് ബെല്‍ജിയവും. ഈ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ബെല്‍ജിയത്തിന്റെ നിര്‍ണായക മുന്നേറ്റ താരം റൊമേലു ലുകാകുവാണ് പരിക്കില്‍ നിന്ന് മുക്തനാകാതെ വലയുന്നത്. 

കാലിലെ ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ലുകാകു നിലവില്‍ വിശ്രമത്തിലാണ്. ലോകകപ്പ് സംഘത്തിലുള്ള താരം ഖത്തറില്‍ ഇതുവരെ പരിശീലനത്തിനും ഇറങ്ങിയിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളിലും ലുകാകുവിനെ ഒഴിവാക്കിയായിരിക്കും ടീം കളിക്കാനിറങ്ങുകയെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

ഗ്രൂപ്പ് എഫില്‍ കാനഡ, മൊറോക്കോ, ക്രൊയേഷ്യ ടീമുകള്‍ക്കൊപ്പമാണ് ബെല്‍ജിയം. 24ന് കാനഡക്കെതിരേയും 27ന് മൊറോക്കോയ്‌ക്കെതിരെയും നടക്കുന്ന മത്സരങ്ങളില്‍ ലുകാകു കളിക്കില്ല. ക്രൊയേഷ്യക്കെതിരായ പോരാട്ടത്തിലായിരിക്കും താരം കളിക്കുക എന്നാണ് നിലവിലെ വിവരം. ലോകകപ്പിന് തൊട്ടുമുന്‍പ് നടന്ന സൗഹൃദ പോരാട്ടത്തില്‍ ഈജിപ്റ്റിനോട് ഞെട്ടിക്കുന്ന തോല്‍വി വാങ്ങിയതിന്റെ നിരാശയിലാണ് റെഡ് ഡെവിള്‍സ്. അതിനൊപ്പമാണ് ലുകാകുവിന് രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ലെന്ന കാര്യവും. 

ബെല്‍ജിയത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് റൊമേലു ലുകാകു. 102 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകളാണ് താരം രാജ്യത്തിനായി നേടിയത്. താരം പരിക്കു മാറി ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബെല്‍ജിയം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com