അല്‍ റയ്യാനില്‍ 'അഴിഞ്ഞാടി' ഇംഗ്ലണ്ട്; ഇറാനെ തകര്‍ത്തെറിഞ്ഞ് സ്വപ്‌നത്തുടക്കം

കൗമാരക്കാരന്‍ ജൂഡ് ബെല്ലിങ്ഹാം തുടക്കമിട്ട ഗോളടി മേളത്തിന് ജാക്ക് ഗ്രീലീഷാണ് വിരാമം കുറിച്ചത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ദോഹ: അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് അഴിഞ്ഞാടുകയായിരുന്നു. ഇറാനെ തകര്‍ത്തെറിഞ്ഞ് ലോകകപ്പ് പോരാട്ടത്തിന് ഉജ്ജ്വല തുടക്കമിടാന്‍ ഗരെത് സൗത്ത്‌ഗെയ്റ്റിനും കുട്ടികള്‍ക്കും സാധിച്ചു. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം. ഇരു പകുതികളിലായി മൂന്ന് ഗോളുകള്‍ വലയില്‍ നിറച്ചാണ് ഇംഗ്ലണ്ട് ഗംഭീര തുടക്കമിട്ടത്. 

ബുകായോ സാക ഇരട്ട ഗോളുകള്‍ നേടിയതും പകരക്കാരനായി ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ പന്ത് വലയിലെത്തിച്ച മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റേയും മറ്റൊരു പകരക്കാരന്‍ ജാക്ക് ഗ്രീലിഷിന്റേയും സൂപ്പര്‍ സബ് പ്രകടനവുമായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. കൗമാരക്കാരന്‍ ജൂഡ് ബെല്ലിങ്ഹാം തുടക്കമിട്ട ഗോളടി മേളത്തിന് ജാക്ക് ഗ്രീലീഷാണ് വിരാമം കുറിച്ചത്. 

മത്സരത്തിന്റെ 65ാം മിനിറ്റിലും അവസാന ഘട്ടത്തില്‍ നേടിയ പെനാല്‍റ്റിയും വലയിലെത്തിച്ചാണ് ഇറാന്‍ ആശ്വാസം കൊണ്ടത്. രണ്ട് ഗോളുകളും മെഹദി തരെമിയാണ് നേടിയത്.  

മത്സരത്തിലുടനീളം ഇംഗ്ലണ്ടിന്റെ സര്‍വാധിപത്യമായിരുന്നു. 35ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ലീഡെടുത്തത്. കൗമാര താരം ജൂഡ് ബെല്ലിങ്ഹാം മികച്ച ഹെഡ്ഡറിലൂടെ വല കുലുക്കി. ലൂക്ക് ഷോയുടെ മികച്ച ക്രോസിന് കൃത്യമായി തലവെച്ച ബെല്ലിങ്ഹാം ഗോള്‍കീപ്പര്‍ ഹൊസെയ്നിയെ നിസഹായനാക്കി.

പിന്നാലെ 43ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് രണ്ടായി ഉയര്‍ത്തി. ഇത്തവണ യുവതാരം സാകയാണ് ഇംഗ്ലണ്ടിനായി വല കുലുക്കിയത്. കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് പ്രതിരോധ താരം ഹാരി മഗ്വയര്‍ സാകയ്ക്ക് മറിച്ചു നല്‍കി. പന്ത് ലഭിച്ചയുടന്‍ സാകയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയില്‍ കയറി. 

ഈ ഗോളിന്റെ ആരവം കെട്ടടങ്ങും മുന്‍പ് സൂപ്പര്‍ താരം റഹിം സ്റ്റെര്‍ലിങ്ങും ലക്ഷ്യം കണ്ടു. ഹാരി കെയ്നിന്റെ പാസില്‍ നിന്നാണ് സ്റ്റെര്‍ലിങ് ലക്ഷ്യം കണ്ടത്. ഇതോടെ ഇറാന്‍ പ്രതിരോധം തളര്‍ന്നു. തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ ഇറാനെ വട്ടം കറക്കി. 

രണ്ടാം പകുതിയില്‍ ഇറാന്‍ തുടക്കത്തില്‍ തന്നെ മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് കളി തുടങ്ങിയത്. ഇംഗ്ലണ്ടിന്റെ കളിയില്‍ മാറ്റമുണ്ടായില്ല. 62ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് നാലാക്കി ഉയര്‍ത്തി. ബുക്കായോ സാക തന്റെ രണ്ടാം ഗോളിലൂടെ ഇംഗ്ലണ്ടിന്റെ ലീഡ് നാലാക്കി. സ്റ്റെര്‍ലിങ്ങിന്റെ പാസ് സ്വീകരിച്ച സാക തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. 

തൊട്ടുപിന്നാലെ ഇറാന്‍ ഒരു ഗോള്‍ തിരിച്ചടിച്ച് പോരാട്ട വീര്യം കാണിച്ചു. സൂപ്പര്‍ താരം മഹ്ദി തരെമിയാണ് ഇറാനു വേണ്ടി വല കുലുക്കിയത്. മികച്ച ഫിനിഷിലൂടെയാണ് താരം ലക്ഷ്യം കണ്ടത്.

ഇറാന്‍ ഗോളടിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് പകരക്കാരെ ഇറക്കി. മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജാക്ക് ഗ്രീലിഷ്, ഫില്‍ ഫോഡന്‍, എറിക് ഡയര്‍ തുടങ്ങിയര്‍ ഗ്രൗണ്ടിലെത്തി. പകരക്കാരനായി വന്ന റാഷ്ഫോര്‍ഡ് ആദ്യ മുന്നേറ്റത്തില്‍ തന്നെ വല കുലുക്കി. ഹാരി കെയ്നിന്റെ പാസ് സ്വീകരിച്ച റാഷ്ഫോര്‍ഡ് 71ാം മിനിറ്റില്‍ ക്ലിനിക്കല്‍ ഫിനിഷിലൂടെ വലയിലിട്ടു.

പിന്നാലെ പകരക്കാരനായി വന്ന സൂപ്പര്‍ താരം ജാക്ക് ഗ്രീലിഷും ഗോളടിച്ചു. 89ാം മിനിറ്റില്‍ കല്ലം വില്‍സണിന്റെ പാസില്‍ നിന്ന് ഗ്രീലിഷ് അനായാസം വല കുലുക്കി. 

10 മിനിറ്റാണ് മത്സരത്തില്‍ അധിക സമയമായി ലഭിച്ചത്. ഇന്‍ജുറി ടൈമിന്റെ 11ാം മിനിറ്റില്‍ ഇറാന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. വാറിന്റെ സഹായത്തോടെയാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത മെഹ്ദി തരെമിയ്ക്ക് പിഴച്ചില്ല. അനായാസം ലക്ഷ്യം കണ്ട് താരം ഇറാനു വേണ്ടി തന്റെ രണ്ടാം ഗോളടിച്ചു. പിന്നാലെ റഫറി ഫൈനല്‍ വിസിലും മുഴക്കി.

മത്സരം ആരംഭിച്ച് അധികം കഴിയും മുന്‍പ് ഗോള്‍ കീപ്പര്‍ അലിറെസ ബെയ്റാന്‍വാന്‍ഡയെ തുടക്കത്തില്‍ തന്നെ പിന്‍വലിക്കേണ്ടി വന്നത് ഇറാന് തിരിച്ചടിയായി. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടയില്‍ ഇറാന്‍ ഗോള്‍ കീപ്പറും പ്രതിരോധ നിരക്കാരനും തമ്മില്‍ കൂട്ടിയിടിച്ചാണ് പരിക്കേറ്റത്.

ഒന്‍പതാം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് വലത് വിങ്ങില്‍ നിന്ന് ഹാരി കെയ്ന്‍ മികച്ച ക്രോസ് നല്‍കി. ഇത് പ്രതിരോധിക്കുന്നതിനിടയിലാണ് ഇറാന്‍ ടീമംഗങ്ങള്‍ കൂട്ടിയിടിച്ചത്. ഇറാന്‍ ഗോള്‍ കീപ്പര്‍ അലിറെസ ബെയ്റാന്‍വാന്‍ഡും മജിദ് ഹൊസ്സെയിനിയുമാണ് കൂട്ടിയിടിച്ചത്.

തലയ്ക്ക് പരിക്കേറ്റ താരങ്ങളെ ഉടന്‍ തന്നെ മെഡിക്കല്‍ സംഘം പരിശോധിച്ചു. കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. എന്നാല്‍ സെക്കന്‍ഡുകള്‍ക്കകം ഗോള്‍കീപ്പര്‍ ബെയ്റാന്‍വാന്‍ഡ കളിക്കാനാവാതെ മൈതാനത്ത് കിടന്നു. ഇതോടെ താരത്തെ പിന്‍വലിച്ചു. പകരം ഗോള്‍കീപ്പറായി ഹൊസെയ്ന്‍ ഹോസ്സെയ്നി കളത്തിലിറങ്ങി. ഇറാന്റെ പ്രകടനത്തിലുടനീളം ഈ സംഭവം നിഴലിച്ചുവെന്ന് പറയാം. ആ ഷോക്കില്‍ അവര്‍ ടീമെന്ന നിലയില്‍ പതറിപ്പോയി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com