64 വര്‍ഷത്തിന് ശേഷമുള്ള വരവില്‍ രക്ഷകനായി ബെയ്ല്‍; യുഎസ്എക്കെതിരെ വെയില്‍സിന് സമനില
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd November 2022 07:08 AM |
Last Updated: 22nd November 2022 07:17 AM | A+A A- |

ഫോട്ടോ: എഎഫ്പി
ദോഹ: ബെയ്‌ലിന്റെ പെനാല്‍റ്റി ഗോളിന്റെ ബലത്തില്‍ യുഎസ്എയ്ക്ക് എതിരെ സമനില പിടിച്ച് വെയില്‍സ്. ഗ്രൂപ്പ് ബിയിലെ യുഎസ്-വെയില്‍സ് പോരാട്ടം സമനിലയില്‍ അവസാനിച്ചു. 64 വര്‍ഷത്തിന് ശേഷം ലോകകപ്പ് കളിക്കാന്‍ എത്തിയ വെയില്‍സ് തോല്‍വിയിലേക്ക് വീഴുമെന്ന് തോന്നിച്ചിടത്താണ് ഗാരെത് ബെയ്ല്‍ വെയില്‍സിനെ രക്ഷിച്ചത്.
ആദ്യ പകുതിയില്‍ വെയില്‍സിന്റെ സൂപ്പര്‍ താരങ്ങളായ ബെയ്‌ലിനും റാംസേക്കുമെല്ലാം നിശബ്ദരായപ്പോള്‍ യുഎസ്എ തങ്ങളുടെ വേഗം കൊണ്ട് ആധിപത്യം പുലര്‍ത്തി. 9ാം മിനിറ്റില്‍ ഓണ്‍ ഗോള്‍ എന്ന ഭീഷണിക്ക് മുന്‍പിലേക്കും വെയില്‍സ് എത്തി. യുഎസ്എയുടെ തിമോത്തി വിയയുടെ ക്രോസില്‍ വെയില്‍സിന്റെ ജോ റോഡന്റെ ഹെഡ്ഡര്‍ വരികയായിരുന്നു. വെയില്‍സ് ഗോളി വെയ്ന്‍ ഹെന്നെസെയാണ് ഇവിടെ രക്ഷകനായത്.
പ്രതിരോധത്തിലേക്ക് വലിഞ്ഞാണ്‍ വെയില്‍സ് ആദ്യ പകുതി കളിച്ചത്. എന്നാല്‍ 36ാം മിനിറ്റില്‍ വെയില്‍സിന് ഗോള്‍ വഴങ്ങേണ്ടി വന്നു. യുഎസ്എയുടെ ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ പാസില്‍ നിന്ന് തിമോത്തി വിയയുടെ ഫിനിഷ്. എന്നാല്‍ രണ്ടാം പകുതിയില്‍ വെയില്‍സ് ആക്രമിച്ചിറങ്ങിയതോടെ യുഎസ്എ പതറി.
ബെന്‍ ഡേവിസും കീഫര്‍ മൂറും വെയില്‍സിനായി അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ബന്‍ ഡേവിസിന്റെ ഹെഡ്ഡര്‍ അത്ഭുതകരമായാണ് വെയില്‍സ് ഗോളി തടുത്തിട്ടത്. 80ാം മിനിറ്റില്‍ വെയില്‍സിന്റെ ആക്രമണ നീക്കങ്ങള്‍ ഫലം കണ്ടു. ബെയ്‌ലിനെ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. യുഎസ്എയുടെ ടിം റീം ആണ് ബെയ്‌ലിനെ വീഴ്ത്തിയത്. ബെയ്‌ലിന് പിഴയ്ക്കാതിരുന്നതോടെ വെയില്‍സ് 1-1ന്റെ സമനിലയിലേക്ക് സ്‌കോര്‍ എത്തിച്ചു.
On a penalty kick #Wales ties the match at 1-1 #WorldCup #WorldcupQatar2022 pic.twitter.com/U3tK4F8at3
— EDFSports (@TheEveryDayFan2) November 21, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
അല്‍ റയ്യാനില്‍ 'അഴിഞ്ഞാടി' ഇംഗ്ലണ്ട്; ഇറാനെ തകര്‍ത്തെറിഞ്ഞ് സ്വപ്‌നത്തുടക്കം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ