സെർബിയൻ പ്രതിരോധം പൊളിച്ച് കാനറികൾ; റിച്ചാലിസന്റെ ഇരട്ട​ഗോളിൽ മിന്നും വിജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 08:54 AM  |  

Last Updated: 25th November 2022 08:56 AM  |   A+A-   |  

neymar_brazil

ഫയല്‍ ചിത്രം

 

ദോഹ; ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ബ്രസീലിന് മിന്നും വിജയം. സെർബിയയ്ക്ക് എതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ​ഗോളുകൾക്കായിരുന്നു കാനറികളുടെ വിജയം. ആദ്യ പകുതിയിൽ സെർബിയ ഉയർത്തിയ സമനിലപ്പൂട്ട് രണ്ടാം പകുതിയിൽ തകർത്തുകൊണ്ട് ബ്രസീലിന്റെ റിച്ചാലിസൺ ആണ് ഇരട്ട​ഗോളുകൾ നേടിയത്. ജയത്തോടെ ജി ഗ്രൂപ്പിൽ മൂന്നു പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തെത്തി.

ആക്രമണനിരയുമായി ഇറങ്ങിയ ബ്രസീൽ തുടക്കംമുതൽ തന്നെ സെർബിയൻ ബോക്‌സിലേക്ക് ആക്രമിച്ച് കയറുകയായിരുന്നു. എന്നാൽ സെർബിയൻ പ്രതിരോധത്തിനു മുന്നിൽ എല്ലാ ശ്രമങ്ങളും വിഫലമായി. കളിയുടെ ഏഴാം മിനിറ്റിൽ ബ്രസീലിന്റെ നെയ്മാറെ ഫൗൾ ചെയ്തതിന് സെർബിയൻ താരം പാവ്‍ലോവിച്ചിന് യെല്ലോ കാർഡ് ലഭിച്ചു. 9–ാം മിനിറ്റിൽ കാസെമിറോയുടെ പാസിൽ, നെയ്മർ ആദ്യ ​ഗോൾ നേടുമെന്ന് തോന്നിച്ചെങ്കിലും സെർബിയ കൃത്യമായി പ്രതിരോധിച്ചു.

28-ാം മിനിറ്റിൽ തിയാഗോ സിൽവ വിനീഷ്യസിന് നൽകിയ മികച്ചൊരു ത്രൂബോളിലൂടെ ​ഗോൾ അടിക്കാനുള്ള ശ്രമം സാവിച്ചിന്റെ കൃത്യമായ ഇടപെടലിൽ തകർത്തു. 34-ാം മിനിറ്റിൽ പക്വേറ്റയും റഫീന്യയും ചേർന്ന മുന്നേറ്റം സെർബിയയുടെ പ്രതിരോധം പിളർത്തിയെങ്കിലും റഫീന്യയുടെ ഫിനിഷിങ് മോശമായത് തിരിച്ചടിയായി. 51-ാം മിനിറ്റിൽ നെയ്മറുടെ ഫ്രീകിക്ക് പ്രതിരോധ മതിലിൽ തട്ടി പുറത്തേക്ക്.

61ാം മിനിറ്റിലാണ് സെർബിയൻ പ്രതിരോധത്തെ തകർത്ത് ബ്രസീൽ ആദ്യ ​ഗോൾ നേടുന്നത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് നെയ്മർ നൽകിയ പാസിൽ വിനീസ്യൂസ് തകർപ്പൻ ഷോട്ട് ഉതിർക്കുന്നു. സെർബിയൻ ഗോളി പന്തു തട്ടിയകറ്റിയപ്പോൾ ബോക്സിലുണ്ടായിരുന്ന റിചാർലിസന്റെ റീബൗണ്ടെടുത്ത ഷോട്ട് വലയിലെത്തി.

ബ്രസീൽ ലീഡെടുത്തതോടെ സമനില പിടിക്കാൻ സെർബിയയും ശ്രമങ്ങൾ തുടങ്ങി. അതിനിടെയാണ് റിചാർലിസന്റെ രണ്ടാം ഗോളെത്തുന്നത്.73-ാം മിനിറ്റിൽ റിച്ചാർലിസൻ കിടിലനൊരു ബൈസിക്കിൾ കിക്കിലൂടെയായിരുന്നു രണ്ടാം ​ഗോൾ. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് വീനീഷ്യസായിരുന്നു. ഇതോടെ നെയ്മർക്ക് ശേഷം ലോകകപ്പ് അരങ്ങേറ്റത്തിൽ ഇരട്ട ഗോളുകൾ നേടുന്ന താരമെന്ന നേട്ടവും റിച്ചാർലിസന് സ്വന്തമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എംബോളോ രക്ഷകനായി; കാമറൂണിനെതിരെ സ്വിറ്റ്‌സര്‍ലന്‍ഡിന് വിജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ