ദോഹ: ജർമനിക്കും അർജന്റീനയ്ക്കും പിന്നാലെ ബെൽജിയവും അറിഞ്ഞു ദുർബലരെന്ന് വിലയിരുത്തിയവരുടെ അട്ടിമറി വീര്യം. ബെൽജിയത്തെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തെറിഞ്ഞ് മൊറോക്കോ കരുത്തു കാട്ടി. 72 മിനിറ്റുകൾ ഗോളില്ലാതെ കടന്നു പോയ മത്സരത്തിൽ 73ാം മിനിറ്റിൽ ആദ്യ ഗോളും ഇഞ്ച്വറി ടൈമിൽ ബെൽജിയം പെട്ടിയിൽ അവസാന ആണിയും അടിച്ച് മൊറോക്കോ ബെൽജിയത്തെ അടിമുടി വെട്ടിലാക്കി.
ബെൽജിയത്തിന്റെ ഗോൾഡൻ ജനറേഷൻ ബ്രോൺസ് ജനറേഷനായെന്ന് പരിശീലകൻ റോബർട്ടോ മാർട്ടിനെസിനെ മൊറോക്കോ താരങ്ങൾ പോരാട്ടം വീര്യം കൊണ്ടു ഓർമ്മപ്പെടുത്തിയ പോരാട്ടം കൂടിയായിരുന്നു ഇത്. ഗോൾ നേടാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മൊറോക്കൻ പ്രതിരോധത്തെ പൊളിക്കാൻ ബെൽജിയത്തിന് സാധിച്ചില്ല. പരിക്കിന്റെ വേവലാതികളുള്ള റൊമേലു ലുകാകുവിനെ പോലും അവസാനം മാർട്ടിനെസ് കളത്തിലറക്കിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.
അബ്ദേൽഹമിദി സബിരിയും സക്കരിയ അബൗഖലാലുമാണ് മൊറോക്കോയ്ക്കായി വല ചലിപ്പിച്ചത്. ആദ്യ പകുതി തീരാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ തന്നെ മൊറോക്കോ വല ചലിപ്പിച്ചിരുന്നു. എന്നാൽ ഇത് വാർ ചെക്കിൽ ഓഫ് സൈഡാണെന്ന് തെളിഞ്ഞു.
മത്സരത്തിലുടനീളം ബെൽജിയം ഗോൾ മുഖത്തെ വിറപ്പിക്കാൻ മൊറോക്കോ താരങ്ങൾക്ക് സാധിച്ചു. സമാനമായ ആക്രമണങ്ങൾ ബെൽജിയവും നടത്തിയെങ്കിലും വിജയിച്ചില്ല. പത്ത് വീതം ശ്രമങ്ങളാണ് ഇരു ടീമുകളും നടത്തിയത്. ഓൺ ടാർഗറ്റിലേക്ക് മൊറോക്കോ നാല് ശ്രമങ്ങളും ബെൽജിയം മൂന്ന് ശ്രമങ്ങളുമായിരുന്നു നടത്തിയത്. ഇതിൽ രണ്ടെണ്ണം ലക്ഷ്യത്തിലെത്തിക്കാൻ മൊറോക്കോയ്ക്ക് സാധിച്ചു.
73ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്കിൽ നിന്നാണ് ബെൽജിയത്തിനെ ഞെട്ടിച്ച ആദ്യ ഗോൾ വന്നത്. ബോക്സിന്റെ വലത് വശത്തു നിന്ന് സബിരി തൊടുത്ത ഷോട്ട് ചരിഞ്ഞ് ബോക്സിലേക്ക് കയറുമ്പോൾ ബെൽജിയത്തിന്റെ പേരുകേട്ട ഗോൾ കീപ്പർ തിബോട്ട് കോട്ടുവയ്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
രണ്ടാം പകുതിയിൽ കടുത്ത ആക്രമണമാണ് മൊറോക്കോ നടത്തിയത്. അതിന്റെ ഫലമാണ് ഇഞ്ച്വറി സമയത്തെ രണ്ടാം ഗോൾ. ആദ്യ പകുതിയിൽ ഹക്കിം സിയെച്ചിലൂടെ ഗോൾ നേടാൻ മൊറോക്കോയ്ക്ക് സാധിച്ചെങ്കിലും അത് ഓഫ് സൈഡ് കെണിയിൽപ്പെട്ടു. അതിന്റെ ആവർത്തനമെന്ന തരത്തിലായിരുന്നു രണ്ടാം ഗോളിന്റെ വരവ്. ഇത്തവണ പക്ഷേ പിഴച്ചില്ല. സ്വന്തം ബോക്സിൽ നിന്ന് ഗോൾ കീപ്പർ നീട്ടിയടിച്ച പന്ത് തക്കം കാത്തു നിന്ന അബൗഖലാലിലേക്ക് കൈമാറിക്കിട്ടി. ഇത്തവണയും കോട്ടുവയെ നിഷ്പ്രഭമാക്കിയാണ് പന്ത് വലയിലേക്ക് കയറിയത്. അവസാന നിമിഷത്തിൽ പിറന്ന ഈ ഗോൾ ബെൽജിയത്തിന്റെ കഥ കഴിച്ചു.
ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ മൊറോക്കോയ്ക്ക് സാധിച്ചു. ഒപ്പം പ്രീ ക്വാർട്ടർ സാധ്യത സജീവമാക്കാനും. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ സമനിലയിൽ തളയ്ക്കാൻ അവർക്ക് സാധിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates