ഒരോവറില്‍ ഏഴ് സിക്‌സുകള്‍! ഒറ്റ നില്‍പ്പില്‍ അടിച്ചത് 43 റണ്‍സ്; ലോക റെക്കോര്‍ഡിട്ട് ഋതുരാജ് (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2022 03:08 PM |
Last Updated: 28th November 2022 03:08 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
അഹമ്മദാബാദ്: ഒരോവറില്‍ ഏഴ് സിക്‌സുകള്‍ തൂക്കി ലോക റെക്കോര്‍ഡിട്ട് ഇന്ത്യയുടെ ഋതുരാജ് ഗെയ്ക്‌വാദ്. ഉത്തര്‍പ്രദേശിനെതിരായ വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടിയായിരുന്നു താരത്തിന്റെ ഈ മിന്നലടി.
ഒരു നോബോള്‍ പിറന്നതോടെയാണ് ഈ ഓവറില്‍ ഏഴ് സിക്‌സുകള്‍ വന്നത്. നോബോളിലും അതിന് ലഭിച്ച അധിക പന്തിലും സിക്‌സ് തൂക്കിയതോടെയാണ് ഈ ഓവറില്‍ ഏഴ് സിക്‌സുകള്‍ പിറന്നത്. ഒരോവറില്‍ ഋതുരാജ് അടിച്ചെടുത്ത റണ്‍സ് ഇതോടെ 43 ആയി!
മത്സരത്തില്‍ താരം ഇരട്ട സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. 159 പന്തില്‍ 16 സിക്‌സും പത്ത് ഫോറും സഹിതം ഋതുരാജ് 220 റണ്‍സ് വാരി. താരത്തിന്റെ കരുത്തില്‍ ടീം 50 ഓവറില്‍ 330 റണ്‍സാണ് സ്വന്തമാക്കിയത്.
ഉത്തര്‍പ്രദേശ് ബൗളര്‍ ശിവ സിങാണ് ഋതുരാജിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്. 49ാം ഓവറിലായിരുന്നു ഈ കടന്നാക്രമണം. ഈ ഘട്ടത്തില്‍ 147 പന്തില്‍ 165 റണ്‍സുമായാണ് താരം ക്രീസിലുണ്ടായിരുന്നത്. ഈ ഓവറിന്റെ അഞ്ചാം പന്താണ് നോബോളായത്. പക്ഷേ ഈ പന്തും താരം സിക്‌സിന് തൂക്കിയിരുന്നു. ഇതിന് ലഭിച്ച അധിക പന്തും നിലം തൊട്ടില്ല.
— BCCI Domestic (@BCCIdomestic) November 28, 2022
Ruturaj Gaikwad smashes runs in one over!
Follow the match https://t.co/cIJsS7QVxK…#MAHvUP | #VijayHazareTrophy | #QF2 | @mastercardindia pic.twitter.com/j0CvsWZeES
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഒരോവറില്‍ 43 റണ്‍സ് അടിച്ചെടുക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഋതുരാജ് സ്വന്തമാക്കി. നേരത്തെ ലിസ്റ്റ് എ ക്രിക്കറ്റില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന്റെ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്റ്റണും ചേര്‍ന്ന് 43 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.
ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളിലായി ഒരോവറിലെ എല്ലാ പന്തുകള്‍ സിക്‌സ് തൂക്കിയ നിരവധി താരങ്ങളുണ്ട്. ഗാരിഫീല്‍ഡ് സോബേഴ്‌സ്, രവി ശാസ്ത്രി, ഹര്‍ഷേല്‍ ഗിബ്‌സ്, യുവരാജ് സിങ്, റോസ് വീറ്റെലി, ഹസ്‌റത്തുല്ല സസായ്, ലിയോ കാര്‍ടര്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, തിസര പെരേര എന്നിവരെല്ലാം ആറ് സിക്‌സുകള്‍ തൂക്കിയവരാണ്. പക്ഷേ അവരാരും ഓവോറില്‍ ഏഴ് സിക്‌സുകള്‍ തൂക്കിയിട്ടില്ല.
16 സിക്‌സ് തൂക്കിയതോടെ ക്രിക്കറ്റിന്റെ ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരങ്ങളുടെ പട്ടികയിലും ഋതുരാജ് ഇടം നേടി. ജാസ്‌കരന്‍ മല്‍ഹോത്ര, സൗമ്യ സര്‍ക്കാര്‍, എബി ഡിവില്ല്യേഴ്‌സ്, രോഹിത് ശര്‍മ എന്നിവരും ഒരിന്നിങ്‌സില്‍ 16 സിക്‌സുകള്‍ പറത്തിയിട്ടുണ്ട്.
പട്ടികയില്‍ 23 സിക്‌സുകള്‍ തൂക്കിയ ഡിആര്‍സിയാണ് ഒന്നാമത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ക്യൂന്‍സ്‌ലന്‍ഡിനെതിരെയാണ് താരം 23 സിക്‌സുകള്‍ പറത്തിയത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍, നമീബിയയുടെ ഗെരി സിന്‍മന്‍ എന്നിവര്‍ 17 വീതം സിക്‌സുകളും പറത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ആനന്ദമാണ് ഫുട്‌ബോള്‍'- 64ാം മിനിറ്റിലെ മെസിയുടെ ഗോള്‍... ഈ തെരുവിലേക്ക് നോക്കു! (വീഡിയോ)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ