'ആനന്ദമാണ് ഫുട്‌ബോള്‍'- 64ാം മിനിറ്റിലെ മെസിയുടെ ഗോള്‍... ഈ തെരുവിലേക്ക് നോക്കു! (വീഡിയോ)

അത്തരമൊരു ആരവത്തിന്റെ വീഡിയോയാണ് ബംഗ്ലാദേശില്‍ നിന്ന് പുറത്തു വന്നിരിക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ധാക്ക: ഫുട്‌ബോള്‍ ആവേശത്തിന് അതിരുകളില്ല. ദേശമോ, ഭാഷയോ, ലിംഗമോ ഒന്നും അതിനെ ബാധിക്കുന്നില്ല. അതുകൊണ്ടാണ് അർജന്റീനക്കാരൻ മെസിക്ക് പുള്ളാവൂരിലെ പുഴയില്‍ കൂറ്റന്‍ കട്ടൗട്ട് ഉണ്ടാകുന്നത്. അതുകൊണ്ടാണ് നാം കണ്ടിട്ടു പോലുമില്ലാത്ത രാജ്യങ്ങള്‍ക്ക് വേണ്ടി വേറെ ഏതൊക്കെയോ രാജ്യത്തെ മുക്കിലും മൂലയിലും തെരുവിലും എല്ലാമിരുന്ന് ആള്‍ക്കൂട്ടം ആരവം മുഴക്കി ആനന്ദിക്കുന്നത്. ഫുട്‌ബോള്‍ എന്നാല്‍ ആനന്ദമാണ്. 

അതിന് തെളിവാണ് ബംഗ്ലാദേശില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍. സൗദിക്കെതിരെ തോല്‍വി വഴങ്ങി ലോകകപ്പിലെ നിലനില്‍പ്പു തന്നെ ചോദ്യ ചിഹ്നത്തില്‍ നില്‍ക്കെ മെക്‌സിക്കോക്കെതിരെ കളിക്കാനിറങ്ങിയ അര്‍ജന്റീന. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ആദ്യ 15 മിനിറ്റ് പിന്നിട്ടപ്പോഴും ഗോളില്ലാതെ മത്സരം പുരോഗമിക്കുന്നു. 

64ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ അളന്നു മുറിച്ചു നീട്ടിക്കൊടുത്ത ഒരു പന്തിനെ നിലംപറ്റുന്ന ഷോട്ടോടെ ലയണല്‍ മെസി വലയിലേക്ക് തൊടുക്കുന്നു. ലോകോത്തര ഗോളി ഓച്ചോവയ്ക്ക് ഒരു ചാന്‍സും നല്‍കാതെ പന്ത് വലയില്‍. അര്‍ജന്റീന ജനത കാത്തു കാത്തിരുന്ന ആ ഗോള്‍ ലോകത്തിന്റെ പല ഭാഗത്തും തീര്‍ത്ത ആരവത്തിന് കൈയും കണക്കുമുണ്ടാകില്ല. 

അത്തരമൊരു ആരവത്തിന്റെ വീഡിയോയാണ് ബംഗ്ലാദേശില്‍ നിന്ന് പുറത്തു വന്നിരിക്കുന്നത്. ഒരു വലിയ സ്‌ക്രീന്‍ സ്ഥാപിച്ച് അര്‍ജന്റീന- മെക്‌സിക്കോ മത്സരം ഒരു തെരുവില്‍ വച്ച് പ്രദര്‍ശിപ്പിക്കുകയാണ്. മെസിയുടെ ഈ ഗോള്‍ പിറന്ന ശേഷം അവിടെ നടന്ന ആഘോഷമാണ് വീഡിയോയുടെ ഹൈലൈറ്റ്. ഗോളിന് പിന്നാലെ ഒരു തെരുവു മുഴുവന്‍ കൈകളുയര്‍ത്തി തുള്ളി ചാടുന്നതും ആരവം ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണാം.  

ഇതാണ് ഫുട്‌ബോളിന്റെ കരുത്ത് എന്ന കുറിപ്പോടെ ഫിഫ കോമാണ് വീഡിയോ പങ്കിട്ടത്. വീഡിയോ നിമിഷങ്ങള്‍ കൊണ്ട് വൈറലായി മാറി. 

മെസിയുടെ ഗോളിന്റെ കരുത്തില്‍ മത്സരത്തില്‍ പിടിമുറുക്കിയ അര്‍ജന്റീന എന്‍സോ ഫെര്‍ണാണ്ടസിന്റെ മറ്റൊരു സൂപ്പര്‍ ഗോളിന്റെ മികവില്‍ 2-0ത്തിന് മെക്‌സിക്കോയെ വീഴ്ത്തി ടൂര്‍ണമെന്റില്‍ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com