വെയ്ല്‍സും ഇറാനും വീണു; ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇംഗ്ലണ്ട്, രണ്ടാം സ്ഥാനക്കാരായി യുഎസ്എയും പ്രീക്വാർട്ടറിൽ 

ഗ്രൂപ്പ് ബി പോരാട്ടത്തിൽ വെയ്ല്‍സിനെ വീഴ്ത്തി ഇംഗ്ലണ്ടും പ്രീക്വാർട്ടറിൽ ഇറാനെ തോൽപ്പിച്ച് യുഎസ്എയും പ്രീ ക്വാര്‍ട്ടറിലെത്തി. ഏഴ് പോയിന്റോടെ ഇം​ഗ്ലണ്ട് ഒന്നാമതും അഞ്ച് പോയന്‍റുമായി യുഎസ്എ രണ്ടാമതുമാണ്
ഇം​ഗ്ലണ്ടിനായി രണ്ട് ​ഗോളുകൾ നേടിയ മാര്‍ക്കസ് റാഷ്ഫോര്‍ഡ്/ ചിത്രം: ട്വിറ്റർ
ഇം​ഗ്ലണ്ടിനായി രണ്ട് ​ഗോളുകൾ നേടിയ മാര്‍ക്കസ് റാഷ്ഫോര്‍ഡ്/ ചിത്രം: ട്വിറ്റർ

ദോഹ: ലോകകപ്പ് ഫുട്ബോളിലെ ​ഗ്രൂപ്പ് ബി പോരാട്ടത്തിൽ വെയ്ല്‍സിനെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇറാനെ തോൽപ്പിച്ച് യുഎസ്എയും പ്രീ ക്വാര്‍ട്ടറിലെത്തി. ഇംഗ്ലണ്ട് വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകർത്തപ്പോൾ ഒരു ഗോള്‍ ജയവുമായാണ് യുഎസ്എ ഇറാനെ കീഴടക്കിയത്. ​ഗ്രൂപ്പിൽ ഏഴ് പോയിന്റോടെ ഇം​ഗ്ലണ്ട് ഒന്നാമതും അഞ്ച് പോയന്‍റുമായി യുഎസ്എ രണ്ടാം സ്ഥാനത്തുമാണ്. 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ട് വെയ്ൽസിനെ വീഴ്ത്തിയത്. മാര്‍ക്കസ് റാഷ്ഫോര്‍ഡ് രണ്ട് ​ഗോളുകൾ നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ മൂന്നാം ​ഗോൾ ഫില്‍ ഫോഡന്‍റെ വകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഇം​ഗ്ലണ്ടിന്റെ മുന്നേറ്റമാണ് കണ്ടത്. 50-ാം മിനിറ്റില്‍ ആദ്യ ​ഗോൾ പിറന്നു. ഫില്‍ ഫോഡനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് മാര്‍ക്കസ് റാഷ്ഫോര്‍ഡ് വലയിലെത്തിച്ചത്. നിമിഷങ്ങൾക്കകം വീണ്ടുമൊരു ​ഗോൾ. ഹാരി കെയ്ന്‍ നൽകിയ ക്രോസ് ഫില്‍ ഫോഡൻ കൃത്യമായി ​ഗോളാക്കി. വെയ്ല്‍സ് ഉണര്‍ന്ന് പൊരുതിയെങ്കിലും ലക്ഷ്യം കണ്ടില്ല. 68-ാം മിനിറ്റില്‍ റാഷ്ഫോര്‍ഡ് ഇംഗ്ലണ്ടിനായി വീണ്ടും സ്കോർ ചെയ്തു. 

ഇറാനെ പുറത്താക്കി യുഎസ്എ

ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ ഇറാന്‍റെ വെല്ലുവിളി അതിജീവിച്ച് ഒറ്റ ​ഗോൾ ബലത്തിലാണ് യുഎസ്എ ജയിച്ചു കയറിയത്. ആദ്യ പകുതിയില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച് ആണ് ​ഗോൾ നേടിയത്. 38ാം മിനിറ്റിലാണ് ഇറാന്റെ വല കുലുക്കി പുലിസിച്ച് യുഎസിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയില്‍ സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ​ഗോളാക്കാൻ ഇറാന് കഴിഞ്ഞില്ല. 

പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് എ ഗ്രൂപ്പ് റണ്ണറപ്പുകളായ സെനഗലിനെയും യുഎസ്എ എ  ഗ്രൂപ്പ് ചാമ്പ്യന്‍മാരായ നെതര്‍ലന്‍ഡ്സിനെയും നേരിടും. 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com