ഖത്തറിനെ തോൽപ്പിച്ച് നെതർലൻഡ്‌സും ഇക്വഡോറിനെ പൂട്ടി സെനഗലും പ്രീ ക്വാർട്ടറിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 07:39 AM  |  

Last Updated: 30th November 2022 07:43 AM  |   A+A-   |  

Netherlands_and_Qatar_match1

നെതർലൻഡ്‌സ് ഖത്തർ മത്സരത്തിൽ നിന്ന്/ ചിത്രം: എഎൻഐ

 

ദോഹ: ഫിഫ ലോകകപ്പിൽ ആതിഥേയരായ ഖത്തറിനെ 2-0ന് തോൽപ്പിച്ച് നെതർലൻഡ്‌സ് പ്രീ ക്വാർട്ടറിൽ. ഏഴ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഓറഞ്ച് പടയുടെ കുതിപ്പ്. ഒന്നാം പകുതിയിൽ കോഡി ഗാക്‌പോയും രണ്ടാം പകുതിയിൽ ഫ്രാങ്കി ഡി യോങുമാണ് നെതർലൻഡ്‌സിനായി ഗോൾ നേടിയത്. ഖത്തറിന്റെ മൂന്നാം തോൽവിയാണിത്. 

തുടക്കം മുതൽ മുന്നിട്ടു നിന്ന നെതർലൻഡ്‌സ് 26ാം മിനിറ്റിലാണ് വല കുലുക്കിയത്. ടൂർണമെന്റിൽ ഗാക്‌പോയുടെ തുടർച്ചയായ മൂന്നാം മത്സരത്തിലെ ഗോൾ ആണിത്. ഖത്തറും അവസരങ്ങൾ മുതലെടുക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. രണ്ടാം പകുതിയിൽ ക്ലോസ് റേഞ്ചിൽ നിന്ന് ഡി യോങിന്റെ രണ്ടാം ഗോൾ പിറന്നു. 

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ഇക്വഡോറിനെ തോൽപ്പിച്ച് സെനഗൽ പ്രീ ക്വാർട്ടറിലെത്തി.

ഒപ്പത്തിനൊപ്പം പോരാടി ഇക്വഡോറും സെനഗലും, മുന്നേറി ആഫ്രിക്കൻ ശക്തി

ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തളച്ചാണ് സെനഗൽ അവസാന പതിനാറിൽ ഇടം നേടിയത്. സെനഗലിനായി സാറും കൂലിബാലിയും ഗോൾ നേടിയപ്പോൾ കൈസേഡോയാണ് ഇക്വഡോറിനായി ആശ്വാസ ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി ആറ് പോയിന്റോടെയാണ് ഗ്രൂപ്പ് എയിൽ നിന്ന് സെനഗൽ പ്രീക്വാർട്ടറിലെത്തിയത്. 

പ്രീക്വാർട്ടർ സ്ഥാനം മോഹിച്ച് ഇറങ്ങിയതാണ് ഇരുടീമുകളും. ആക്രമിച്ച് കളിച്ച ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടി. 42ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഇക്വഡോർ താരം ഹിൻകാപ്പി സെനഗൽ താരം സാറിനെ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് ഗോളായത്. സാർ തന്നെയാണ് പെനാൽറ്റി എടുത്തത്. രണ്ടാം പകുതിയിൽ സമനില ഗോളിനായി ഇക്വഡോർ പൊരുതി. അതിവേഗ നീക്കങ്ങൾക്കൊടുവിൽ 67ാം മിനിറ്റിൽ സമനില ഗോൾ പിറന്നു. പ്ലാറ്റ എടുത്ത കോർണർ ഫാർ പോസ്റ്റിൽ നിന്ന കൈസെഡോയിലൂടെ വലയിലെത്തി. പക്ഷെ ആഘോഷത്തിന് മൂന്ന് മിനിറ്റ് മാത്രമായിരുന്നു ആയുസ്സ്, സെനഗലിന്റെ രണ്ടാം ഗോൾ എത്തി. ഇഡ്രിസാ ഗുയേയ എടുത്ത ഫ്രീകിക്ക് കൂലിബാലിയിലേക്കാണ് എത്തിയത്. സെനഗലിന് ലീഡ് നൽകി താരത്തിന്റെ ഷോട്ട് വലയിലെത്തി. 

ഈ വാർത്ത കൂടി വായിക്കൂ‌ ബെന്‍സെമ തിരിച്ചെത്തുന്നു? ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതായി റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ