മില്ലറിന്റേയും ഡികോക്കിന്റേയും വമ്പൻ അടി പാഴായി, 16 റൺസിന് ഇന്ത്യക്ക് വിജയം; പരമ്പര

ഡേവിഡ‍് മില്ലര്‍ സെഞ്ചുറിയും, ക്വിന്‍റണ്‍ ഡികോക്ക് അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല
സെഞ്ച്വറി തികച്ച ഡേവിഡ് മില്ലറെ പ്രശംസിക്കുന്ന ഇന്ത്യൻ താരങ്ങൾ/ ചിത്രം; പിടിഐ
സെഞ്ച്വറി തികച്ച ഡേവിഡ് മില്ലറെ പ്രശംസിക്കുന്ന ഇന്ത്യൻ താരങ്ങൾ/ ചിത്രം; പിടിഐ

​ഗുവാഹത്തി; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 16 റൺസ് വിജയം. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ ഇന്ത്യ ഒരു ട്വന്റി 20 പരമ്പര ജയിക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഡേവിഡ‍് മില്ലര്‍ സെഞ്ചുറിയും, ക്വിന്‍റണ്‍ ഡികോക്ക് അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വമ്പൻ സ്കോറാണ് ദക്ഷിണാഫ്രക്കയ്ക്കു മുന്നിൽ വച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയിൽ നിന്നായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലായിരുന്നു. ഏഴ് പന്ത് നേരിട്ട ക്യാപ്റ്റന്‍ തെംബാ ബാവുമ പൂജ്യത്തിൽ മടങ്ങി. പിന്നാലെ റിലീ റൂസ്സോ(2 പന്തില്‍ 0) പുറത്തായി. 19 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 33 റണ്‍സ് നേടിയ ഏയ്‌ഡന്‍ മാര്‍ക്രം അക്‌സര്‍ പട്ടേലിനും കീഴടങ്ങി. 

പിന്നാലെ എത്തിയ മില്ലറും ഡികോക്കും വൻ പ്രകടനം പുറത്തെടുക്കുകയായിരുന്നു. 25 പന്തിൽ നിന്നാണ് മില്ലർ അർധസെഞ്ച്വറി കുറിക്കുന്നത്. പിന്നീട് വെടിക്കെട്ട് പ്രകടനമാണ് മില്ലർ കാഴ്ചവെച്ചത്. 46 പന്തില്‍ സെഞ്ചുറി തികച്ച മില്ലര്‍ എട്ടു ഫോറും ഏഴ് സിക്‌സും സഹിതം 106 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഡികോക്ക് 48 പന്തില്‍ 69 റണ്‍സാണ് നേടിയത്. പുറത്താകാതെയുള്ള ഈ കൂട്ടുകെട്ടിന് ഇന്ത്യ ഉയർത്തിയ 238 റൺസ് എന്ന സ്കോറിലേക്ക് എത്താനായില്ല. ഇന്ത്യയ്ക്കുവേണ്ടി അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി. നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 24 റണ്‍സ് മാത്രം വഴങ്ങിയ ദീപക് ചാഹറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ച ബാറ്റര്‍മാരുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു. ക്രീസില്‍ ഇറങ്ങിയ എല്ലാ ബാറ്റര്‍മാരും തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

ഇന്ത്യയ്ക്കായി രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 59 പന്തില്‍ നിന്ന് 96 റണ്‍സ് അടിച്ചുകൂട്ടിയ ഈ സഖ്യത്തെ പിരിച്ചത് സ്പിന്നര്‍ കേശവ് മഹാരാജാണ്. 37 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 43 റണ്‍സെടുത്ത രോഹിത്തിനെയാണ് ആദ്യം മഹാരാജ് പുറത്താക്കിയത്. പിന്നാലെ രാഹുലിനെയും മഹാരാജ് വീഴ്ത്തി. 28 പന്തില്‍ നിന്ന് നാല് സിക്സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്ത് തകര്‍പ്പന്‍ ഫോമിലായിരുന്ന രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. വിരാട് കോഹ്ലി 49 റണ്‍സുമായി പുറത്താകാതെ നിന്നു. 

സൂര്യകുമാര്‍ യാദവാണ് ഏറ്റവും അക്രമകാരിയായി മാറിയത്.22 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍. അഞ്ചു സിക്‌സുകളുടെയും അഞ്ചു ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു ഇന്നിങ്‌സ്.  സൂര്യകുമാര്‍ യാദവ് റണ്‍ഔട്ട് ആവുകയായിരുന്നു. 17 റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കും പുറത്താവാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com