മൂന്നാം പോരിന് കോഹ്‌ലി ഇല്ല; ശ്രേയസിന് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd October 2022 05:27 PM  |  

Last Updated: 03rd October 2022 05:27 PM  |   A+A-   |  

kohli

ഫോട്ടോ: പിടിഐ

 

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിരാട് കോഹ്‌ലിയെ ഒഴിവാക്കി. വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് കോഹ്‌ലിയെ ഒഴിവാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. പരമ്പര നേടിക്കഴിഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. കോഹ്‌ലിയുടെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ ഇടംപിടിച്ചേക്കും. 

ഗുവാഹത്തിയിലെ വിജയത്തിന് പിന്നാലെ കോഹ്‌ലി തിങ്കളാഴ്ച മുംബൈയില്‍ എത്തി. മുംബൈയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം കോഹ്‌ലി ചേരും. 

രണ്ടാം പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കോഹ്‌ലി 28 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. വിന്‍ഡീസിനെതിരായ ഏകദിന, ടി20 പോരാട്ടത്തിലാണ് നേരത്തെ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. 

ഏറെ നാളായി ഫോം ഇല്ലാതെ ഉഴറിയ കോഹ്‌ലി ഏഷ്യാ കപ്പില്‍ സെഞ്ച്വറി നേടി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഈ ശതകത്തിന്റെ പിറവി. അന്താരാഷ്ട്ര ടി20യിലെ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്. 

കഴിഞ്ഞ പത്ത് ഇന്നിങ്‌സുകളില്‍ നിന്നായി 404 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. സ്‌ട്രൈക്ക് റേറ്റ് 141. ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വനിതാ ഏഷ്യാ കപ്പ് ടി20യിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം; മലേഷ്യയെ തകർത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ