നേടിയത് വെറും 74 റൺസ്! ഏഷ്യാ കപ്പിൽ തുടർച്ചയായി മൂന്നാം ജയം പിടിച്ച് ഇന്ത്യൻ വനിതകൾ; ഇത്തവണ കീഴടങ്ങിയത് യുഎഇ

ഹര്‍മന്‍പ്രീത് കൗറിന് വിശ്രമം അനുവദിച്ചപ്പോള്‍ സ്മൃതി മന്ധാനയാണ് ടീമിനെ നയിച്ചത്. ടോസ് നേടി ഇന്ത്യ ബാറ്റിങിന് ഇറങ്ങുകയായിരുന്നു.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20യില്‍ തുടർച്ചയായി മൂന്നാം പോരാട്ടത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്നാം പോരിൽ യുഎഇയെയാണ് ഇന്ത്യൻ വനിതകൾ വീഴ്ത്തിയത്. 104 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ പിടിച്ചത്. ആദ്യം ബാറ്റി ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് കണ്ടെത്തിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ യുഎഇയുടെ പോരാട്ടം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വെറും 74 റൺസിൽ അവസാനിച്ചു.

ഹര്‍മന്‍പ്രീത് കൗറിന് വിശ്രമം അനുവദിച്ചപ്പോള്‍ സ്മൃതി മന്ധാനയാണ് ടീമിനെ നയിച്ചത്. ടോസ് നേടി ഇന്ത്യ ബാറ്റിങിന് ഇറങ്ങുകയായിരുന്നു.

വിജയം തേടിയിറങ്ങിയ യുഎഇ വനിതകൾ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി. നാല് വിക്കറ്റേ ഇന്ത്യക്ക് വീഴ്ത്താൻ സാധിച്ചുള്ളു എന്ന കാര്യത്തിൽ മാത്രം യുഎഇക്ക് ആശ്വസിക്കാം. 

54 പന്തില്‍ 30 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കവിഷ എഗോഡഗെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 50 പന്തില്‍ 29 റണ്‍സെടുത്ത ഖുഷി ശര്‍മയും പിടിച്ചു നിന്നു. കളി അവസാനിക്കുമ്പോള്‍ കവിഷയ്‌ക്കൊപ്പം ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ഛായ മുഗളായിരുന്നു ക്രീസില്‍. ഓപ്പണര്‍ തീര്‍ഥ സതീഷ് (ഒരു റണ്‍), ഇഷ ഒസ (നാല്), നടാഷ ചെറിയത്ത് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്‌വാദ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ദയാളന്‍ ഹേമലത ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മാന്യമായ സ്‌കോര്‍ സ്വന്തമാക്കിയത്. 

20 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദീപ്തി- ജെമിമ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് കളം വാണത്. 

ജെമിമ 45 പന്തുകള്‍ നേരിട്ട് 11 ഫോറുകള്‍ സഹിതം 75 റണ്‍സ് വാരി പുറത്താകാതെ നിന്നു. ദീപ്തി 49 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം 64 റണ്‍സാണ് കണ്ടെത്തിയത്. 

സഭിനേനി മേഘ്‌ന (10), റിച്ച ഘോഷ് (പൂജ്യം), ദയാളന്‍ ഹേമലത (രണ്ട്), പൂജ വസ്ത്രാകര്‍ (13) എന്നിവരാണ് പുറത്തായ താരങ്ങള്‍. കിരണ്‍ പ്രഭു നവഗിരെ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com