ട്വന്റി20യില്‍ 10 വട്ടം ഡക്ക്; രണ്ടക്കം കടക്കാതെ 43 തവണ; നാണക്കേടിന്റെ റെക്കോര്‍ഡില്‍ ക്യാപ്റ്റന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th October 2022 09:56 AM  |  

Last Updated: 05th October 2022 10:01 AM  |   A+A-   |  

rohit_sharma

രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി

 

ഇന്‍ഡോര്‍: ട്വന്റി20 ക്രിക്കറ്റില്‍ 10 വട്ടം ഡക്കാവുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ മൂന്നാം ട്വന്റി20യില്‍ 2 പന്തില്‍ പൂജ്യത്തിന് പുറത്തായതോടെയാണ് നാണക്കേടിന്റെ റെക്കോര്‍ഡിലേക്ക് രോഹിത് വീണത്. 

ഈ കലണ്ടര്‍ വര്‍ഷം രോഹിത് ട്വന്റി20യില്‍ ഇത് മൂന്നാം വട്ടമാണ് പൂജ്യത്തിന് പുറത്താവുന്നത്. ട്വന്റി20യില്‍ രണ്ടക്കം കടക്കാതെ ഏറ്റവും കൂടുതല്‍ വട്ടം പുറത്താവുന്ന താരവുമായി രോഹിത് മാറി. 43 വട്ടമാണ് രോഹിത് രണ്ടക്കം കണ്ടെത്താനാവാതെ മടങ്ങിയത്. 

42 വട്ടം രണ്ടക്കം കടക്കാനാവാതെ മടങ്ങിയ അയര്‍ലന്‍ഡിന്റെ കെവിന്‍ ഓബ്രിയനെയാണ് രോഹിത് ഇവിടെ മറികടന്നത്. റബാഡയുടെ പന്തില്‍ ഇന്‍സൈഡ് എഡ്ജിലൂടെ ക്ലീന്‍ ബൗള്‍ഡായാണ് രോഹിത് മടങ്ങിയത്. റബാഡ രോഹിത്തിനെ വീഴ്ത്തുന്നത് ഇത് 11ാം വട്ടമാണ്. ട്വന്റി20യില്‍  വീഴ്ത്തുന്നത് നാലാമത്തെ വട്ടവും. 

റൂസോയുടെ സെഞ്ചുറിയുടേയും ഡികോക്കിന്റെ അര്‍ധ ശതകത്തിന്റേയും ബലത്തില്‍ സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യത്തിന് മുന്‍പില്‍ ഇന്ത്യ വീഴുകയായിരുന്നു. 228 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 178 റണ്‍സിന് ഓള്‍ഔട്ടായി. ഓപ്പണിങ്ങിലേക്ക് വന്ന ഋഷഭ് പന്ത് നേടിയത് 14 പന്തില്‍ നിന്ന് 27 റണ്‍സ്. 

അവസരം മുതലാക്കാനാവാതെ 1 റണ്‍സുമായി ശ്രേയസ് മടങ്ങി. ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം ലഭിച്ചത് മുതലെടുത്ത് ദിനേശ് കാര്‍ത്തിക് 21 പന്തില്‍ നിന്ന് 46 റണ്‍സ് അടിച്ചെടുത്തു. മിന്നും ഫോമില്‍ നിന്നിരുന്ന സൂര്യകുമാറിന് 8 റണ്‍സ് മാത്രമാണ് നേടാനായത്. വാലറ്റത്ത് 31 റണ്‍സുമായി ദീപക് ചഹര്‍ ശ്രമം നടത്തിയെങ്കിലും അതിന് ഇന്ത്യന്‍ സ്‌കോര്‍ 200ലേക്ക് എത്തിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അന്നും തോറ്റത് സൗരാഷ്ട്ര... ഇന്നും! ഇറാനി ട്രോഫി നിലനിര്‍ത്തി റെസ്റ്റ് ഓഫ് ഇന്ത്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ