തുടരെ രണ്ടാം വര്‍ഷവും ഇന്ത്യന്‍ ആധിപത്യം; ശ്രീജേഷും സവിതാ പൂനിയയും മികച്ച ഗോള്‍കീപ്പര്‍മാര്‍

രാജ്യാന്തര കരിയറില്‍ 16ാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുമ്പോഴും ഇക്കഴിഞ്ഞ ഹോക്കി പ്രോ ലീഗില്‍ ഇന്ത്യക്കായി 16 മത്സരവും ശ്രീജേഷ് കളിച്ചു
പി ആര്‍ ശ്രീജേഷ്/ ഫോട്ടോ: എഎഫ്പി
പി ആര്‍ ശ്രീജേഷ്/ ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച വനിതാ, പുരുഷ ഗോള്‍കീപ്പര്‍ പുരസ്‌കാരങ്ങള്‍ തുടരെ രണ്ടാം വര്‍ഷവും ഇന്ത്യന്‍ താരങ്ങള്‍ക്ക്. പി ആര്‍ ശ്രീജേഷും സവിതാ പൂനിയയും മികച്ച വനിതാ, പുരുഷ ഗോള്‍കീപ്പര്‍മാര്‍.

രാജ്യാന്തര കരിയറില്‍ 16ാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുമ്പോഴും ഇക്കഴിഞ്ഞ ഹോക്കി പ്രോ ലീഗില്‍ ഇന്ത്യക്കായി 16 മത്സരവും ശ്രീജേഷ് കളിച്ചു. ഇന്ത്യ വെള്ളി മെഡല്‍ നേടിയ ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആറ് മത്സരങ്ങളിലും ഗോള്‍ വലയ്ക്ക് മുന്‍പില്‍ ശ്രീജേഷ് ഉണ്ടായി. 

40 ശതമാനം വോട്ടിങ് അവകാശം വിദഗ്ധര്‍ക്കും 20 ശതമാനം ടീമുകള്‍ക്കും 20 ശതമാനം ആരാധകര്‍ക്കും 20 ശതമാനം മീഡിയക്കുമാണ്. 39.9 ടോട്ടല്‍ പോയിന്റാണ് ശ്രീജേഷിന് ലഭിച്ചത്. ഇന്ത്യക്കായി 250 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരം എന്ന നേട്ടവും ശ്രീജേഷ് ഇതിനിടയില്‍ സ്വന്തമാക്കി. ഈ നേട്ടം തൊടുന്ന ആദ്യ ഇന്ത്യന്‍ ഗോള്‍ കീപ്പറാണ് ശ്രീജേഷ്. 

ഈ അവാര്‍ഡ് വളരെ പ്രത്യേകതയുള്ളതാണ്. കാരണം ആരാധകരാണ് വോട്ട് ചെയ്യുന്നത്. ഇത് വലിയ അഭിമാനം നല്‍കുന്നതും കഠിനാധ്വാനങ്ങള്‍ക്കുള്ള പ്രതിഫലവുണ്. കരിയറിന്റെ ഏത് ഘട്ടത്തിലായാലും അവാര്‍ഡുകള്‍ പ്രചോദനമാണെന്നും ശ്രീജേഷ് പറഞ്ഞു. 

തുടരെ രണ്ട് വട്ടം മികച്ച ഗോള്‍കീപ്പര്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ താരം

37 പോയിന്റ് നേടിയാണ് സവിത മികച്ച വനിതാ ഗോള്‍ കീപ്പറായത്. തുടരെ രണ്ട് വട്ടം മികച്ച ഗോള്‍കീപ്പര്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ താരമാണ് സവിത. ഹോക്കി പ്രോ ലീഗ് ഫൈനലിലേക്ക് ഇന്ത്യയെ എത്തിച്ചതിന് പിന്നില്‍ സവിതയുടെ മിന്നും പ്രകടനം ഉണ്ടായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 57 സേവുകളുമായാണ് സവിത തിളങ്ങിയത്. 

വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പൂള്‍ സ്റ്റേജ് മത്സരത്തില്‍ സമനിലയില്‍ തളയ്ക്കാന്‍ സവിതയുടെ സേവുകള്‍ തുണച്ചു. പിന്നാലെ സ്‌പെയ്‌നിന് എതിരായ കളിയില്‍ 7 സേവുകളുമായി സവിത ഏവരേയും വിസ്മയിപ്പിച്ചു. 16 വര്‍ഷത്തെ മെഡല്‍ വരള്‍ച്ച അവസാനിപ്പിച്ച് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയപ്പോഴും പിന്നില്‍ സവിതയുടെ മികവുണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com