'രണ്ട് ബിഗ് ഹിറ്റുകള്‍ക്ക് അകലെ ജയം നഷ്ടമായി'; ചെയ്‌സിങ്ങിലെ തന്ത്രങ്ങള്‍ ചൂണ്ടി സഞ്ജു സാംസണ്‍ 

24 റണ്‍സ് വേണ്ടിടത്ത് ഷംസി വന്നാല്‍ നാല് സിക്‌സുകള്‍ പറത്താന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്കുണ്ടായി
സഞ്ജു സാംസണ്‍/ഫോട്ടോ: എഎഫ്പി
സഞ്ജു സാംസണ്‍/ഫോട്ടോ: എഎഫ്പി

ലഖ്‌നൗ: രണ്ട് ബിഗ് ഹിറ്റുകള്‍ക്ക് അകലെയാണ് ഇന്ത്യക്ക് ജയം നഷ്ടമായതെന്ന് സഞ്ജു സാംസണ്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ പരമ്പരയില്‍ 86 റണ്‍സ് നേടി പുറത്താവാതെ നിന്നിട്ടും ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ കഴിയാതിരുന്നതിന് പിന്നാലെയാണ് സഞ്ജുവിന്റെ പ്രതികരണം. 

ഇന്ത്യന്‍ കുപ്പായത്തില്‍ ക്രീസില്‍ സമയം കണ്ടെത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ കളിച്ചത്. രണ്ട് ഷോട്ടുകള്‍ക്ക് അകലെയാണ് ഞാന്‍ വീണത്, ഒരു ഫോറിനും ഒരു സിക്‌സിനും അകലെ. അടുത്ത മത്സരത്തില്‍ ആ പ്രശ്‌നം പരിഹരിക്കാനാവുമെന്ന് കരുതുന്നു. ടീമിന് വേണ്ടി ഇത്രയും ചെയ്യാനായതില്‍ ഞാന്‍ സന്തുഷ്ടനാണ്, മത്സര ശേഷം സഞ്ജു പറഞ്ഞു. 

ലക്ഷ്യം വെച്ചത് ഷംസിയെ

സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ നന്നായാണ് പന്തെറിഞ്ഞത്. എന്നാല്‍ ഷംസി കൂടുതല്‍ റണ്‍സ് വഴങ്ങി. ഇതോടെ ഷംസിയെ ലക്ഷ്യം വെക്കാം എന്ന് ഞങ്ങള്‍ ഉറപ്പിച്ചു. ഷംസിക്ക് ഒരോവര്‍ ബാക്കിയുണ്ടെന്ന് അറിയാമായിരുന്നു. 24 റണ്‍സ് വേണ്ടിടത്ത് ഷംസി വന്നാല്‍ നാല് സിക്‌സുകള്‍ പറത്താന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്കുണ്ടായി. അതായിരുന്നു പ്ലാന്‍.ഇതോടെയാണ് മത്സരം അവസാന ഓവര്‍ വരെ നീട്ടിയത്.

സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സ് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാവും ന്യൂബോളില്‍ ബാറ്റ് ചെയ്യുക ഇവിടെ പ്രയാസമായിരുന്നു. എന്നാല്‍ 15-20 ഓവര്‍ കഴിയുന്നതോടെ ബാറ്റിങ് എളുപ്പമായി. ഞാന്‍ 80 റണ്‍സ് കണ്ടെത്തി. പക്ഷേ എന്റെ ഭാഗത്ത് പിഴവുകളും ഉണ്ടായി. എന്നാല്‍ ഇവിടെ ഉണ്ടായ പിഴവുകള്‍ അടുത്ത മത്സരത്തില്‍ പരിഹരിക്കും എന്നും സഞ്ജു പറയുന്നു. 

അവസാന ഓവറില്‍ സഞ്ജു പറത്തിയത് ഒരു സിക്‌സും മൂന്ന് ഫോറും

മഴയുടെ കളിയെ തുടര്‍ന്ന് 40 ഓവറായി ചുരുക്കിയ മത്സരത്തില്‍ 250 റണ്‍സ് ആണ് സൗത്ത് ആഫ്രിക്ക ഇന്ത്യക്ക് മുന്‍പില്‍ വെച്ചത്.  അവസാന ഓവറില്‍ 30 റണ്‍സ് ആണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു സിക്‌സും മൂന്ന് ഫോറും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പറന്നെങ്കിലും 9 റണ്‍സ് തോല്‍വിയിലേക്ക് ഇന്ത്യ വീണു. 

63 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്‌സും പറത്തിയാണ് സഞ്ജു 86 റണ്‍സ് നേടിയത്. ശ്രേയസ് അയ്യര്‍ 37 പന്തില്‍ നിന്ന് 50 റണ്‍സ് എടുത്തു. ഓപ്പണര്‍മാര്‍ രണ്ടക്കം കടക്കാതെയാണ് മടങ്ങിയത്. ഋതുരാജ് 19 റണ്‍സ് എടുത്തും ഇഷാന്‍ 20 റണ്‍സിനും പുറത്തായി. സഞ്ജുവിനൊപ്പം നിന്ന് ശാര്‍ദുല്‍ 33 റണ്‍സ് നേടി മടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com