'കണ്ടത് കൊടും ചതി, എന്നിട്ടും കളിയുടെ സ്പിരിറ്റിനെ പറ്റി വാതോരാതെ കാപട്യം പറയുന്നു'

ബട്‌ലറുടെ സമീപനത്തെ ചോദ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

സിഡ്‌നി: കഴിഞ്ഞ ദിവസം പെര്‍ത്തില്‍ നടന്ന ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ടി20 പോരാട്ടം ചില നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് എട്ട് റണ്‍സിന്റെ ത്രില്ലിങ് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഓസീസ് പോരാട്ടം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ അവസാനിച്ചു. 

മത്സരത്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ് കാണിച്ച ഒരു മോശം പെരുമാറ്റം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയെന്ന് ക്രിക്കറ്റ് ലോകം ആ സംഭവത്തെ വിശേഷിപ്പിച്ചു. 

ഓസ്‌ട്രേലിയന്‍ ബാറ്റിങിന്റെ 17ാം ഓവറിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ഇംഗ്ലണ്ടിന്റെ മാര്‍ക് വുഡ് എറിഞ്ഞ ഓവറിലെ ഒരു ബൗണ്‍സര്‍ ബാറ്റ് ചെയ്യുകയായിരുന്ന വെയ്ഡിന്റെ ഹെല്‍മെറ്റില്‍ തട്ടി മുകളിലേക്ക് പോയി. പന്ത് എവിടെ പോയി എന്നറിയാതെ വെയ്ഡ് ക്രീസ് വിട്ടിരുന്നു. പിന്നാലെ മാര്‍ക് വുഡ് മുകളിലേക്ക് പോയ പന്ത് പിടിച്ച് വെയ്ഡിനെ റണ്ണൗട്ടാക്കാനായി ഓടിയടുത്തു. പിന്നാലെ തിരികെ ഓടിയ വെയ്ഡ് വുഡിനെ തന്റെ കൈ ഉപയോഗിച്ച് തടഞ്ഞ് റണ്ണൗട്ടില്‍ നിന്നു രക്ഷപ്പെട്ടു. 

വുഡിനെ വെയ്ഡ് തടയുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കളിയുടെ സ്പിരിറ്റ് ഉള്‍ക്കൊള്ളാത്ത നടപടിയെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം ഈ സംഭവത്തെ വിമര്‍ശിച്ചു. 

അതേസമയം വിഷയത്തില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ കാണിച്ചതും വിമര്‍ശനത്തിന് ഇടയാക്കി. താരം അപ്പീല്‍ ചെയ്യാതിരുന്നതാണ് പലരുടേയും നെറ്റി ചുളിപ്പിച്ചത്. അതിനെ നിസാരമായി കണ്ടായിരുന്നു ബട്‌ലറുടെ പ്രതികരണം. 

ബട്‌ലറുടെ സമീപനത്തെ ചോദ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. അവിടെ എന്താണ് സംഭവിച്ചത് എന്നത് കൃത്യമായി എനിക്ക് മനസിലായിരുന്നില്ല. അതാണ് അപ്പീല്‍ ചെയ്യാതിരുന്നതിന് കാരണം എന്നായിരുന്നു ബട്‌ലറുടെ പ്രതികരണം. വിഷയത്തില്‍ ബട്‌ലര്‍ പുറത്തെടുത്ത സമീപനത്തെ ദയനീയം എന്നാണ് പ്രസാദ് വിശേഷിപ്പിച്ചത്. 

'അവിടെ നടന്ന കാര്യം ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വഞ്ചനയാണ്. കളിയുടെ ആവേശമല്ല അത്. എന്നിട്ടും അപ്പീല്‍ ചെയ്യാതിരിക്കാന്‍ ജോസ് ബട്‌ലര്‍ പറയുന്ന ഒഴിവുകഴിവുകളും ഭയാനകമാണ്. കളിയുടെ ഒരു സ്പിരിറ്റും അവിടെ കണ്ടില്ല. എന്നിട്ടും കളിയുടെ സ്പിരിറ്റിനെ പറ്റി അവര്‍ അവിശ്വസനീയമായ രീതിയില്‍ കാപട്യങ്ങള്‍ വാതോരാതെ പറയുകയാണ്'- പ്രസാദ് രൂക്ഷമായി പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com