3 ഓവറില്‍ വെറും 6 റണ്‍സിന് 3 വിക്കറ്റുമായി അര്‍ഷ്ദീപ്; സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ജയം

ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പെര്‍ത്ത്: ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയം. 13 റണ്‍സിനാണ് ഇന്ത്യ വിജയം പിടിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സില്‍ അവസാനിച്ചു. 

മൂന്നോവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങിന്റെ ബൗളിങാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.  

59 റണ്‍സെടുത്ത സാം ഫന്നിങാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കായി തിളങ്ങിയത്. കമറോണ്‍ ബന്‍ക്രോഫ്റ്റ് 22 റണ്‍സും ഹാമിഷ് മക്കെന്‍സി 19 റണ്‍സും കണ്ടെത്തി. 

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവിന്റെ മികവിലാണ് മെച്ചപ്പെട്ട സ്‌കോര്‍ നേടിയത്. സൂര്യകുമാര്‍ യാദവ് 52 റണ്‍സെടുത്ത് പുറത്തായി. 35 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതമായിരുന്നു താരത്തിന്റെ ബാറ്റിങ്. 

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ മൂന്നു റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. ജേസണ്‍ ബെന്‍ഡോര്‍ഫിനായിരുന്നു വിക്കറ്റ്. 15 റണ്‍സായിരുന്നു അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ഇന്ത്യയ്ക്കുണ്ടായിരുന്നത്. അഞ്ചാം ഓവറില്‍ 22 റണ്‍സെടുത്ത ദീപക് ഹൂഡയെയും പുറത്താക്കി ബെന്‍ഡോര്‍ഫ് ഇന്ത്യയെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ ഒന്‍പത് റണ്‍സെടുത്ത ഋഷഭ് പന്തും പുറത്തായി. 

45 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഹര്‍ദിക് പാണ്ഡ്യ- സൂര്യകുമാര്‍ യാദവ് സഖ്യമാണ് വന്‍ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. ഇന്ത്യന്‍ സ്‌കോര്‍ 94 ല്‍ നില്‍ക്കെ, 27 റണ്‍സെടുത്ത പാണ്ഡ്യയെ മാത്യു കെല്ലി പുറത്താക്കി. തുടര്‍ന്ന് ഒത്തുചേര്‍ന്ന ദിനേഷ് കാര്‍ത്തിക്- സൂര്യകുമാര്‍ സഖ്യമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 129 റണ്‍സില്‍ നില്‍ക്കെ, 52 റണ്‍സെടുത്ത സൂര്യകുമാറും പുറത്തായി. 

തുടര്‍ന്ന് കാര്‍ത്തിക് ഹര്‍ഷല്‍ പട്ടേലിന്റെ കൂട്ടുപിടിച്ച് സ്‌കോര്‍ 158ല്‍ എത്തിക്കുകയായിരുന്നു. ഇന്ത്യ വിരാട് കോഹ്ലിക്കും കെഎല്‍ രാഹുലിനും വിശ്രമം നല്‍കി. രോഹിതും ഋഷഭ് പന്തുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയത്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ രണ്ട് പരിശീലന മത്സരങ്ങളാണ് കളിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com