'ദൈവത്തിന്റെ കൈ' ഗോളായി വലയിലെത്തിയ പന്ത് സ്വന്തമാക്കാം; റഫറി ലേലത്തില്‍ വെക്കുന്നു, വമ്പന്‍ തുക ലക്ഷ്യം 

ലോകകപ്പ് ക്വാര്‍ട്ടറിലെ അര്‍ജന്റീന-ഇംഗ്ലണ്ട് മത്സരം നിയന്ത്രിച്ച റഫറി അലി ബിന്‍ നാസെറാണ് ചരിത്രത്തിന്റെ ഭാഗമായ പന്ത് ലേലത്തില്‍ വെക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടന്‍: അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ദൈവത്തിന്റെ കൈ ഗോളായി വലയിലെത്തിയ പന്ത് ലേലത്തില്‍ വരുന്നു. 1986 ലോകകപ്പ് ക്വാര്‍ട്ടറിലെ അര്‍ജന്റീന-ഇംഗ്ലണ്ട് മത്സരം നിയന്ത്രിച്ച റഫറി അലി ബിന്‍ നാസെറാണ് ചരിത്രത്തിന്റെ ഭാഗമായ പന്ത് ലേലത്തില്‍ വെക്കുന്നത്. 

3.3 മില്യണ്‍ ഡോളര്‍ വരെ ലേലത്തിലൂടെ ടുണീഷ്യന്‍ മുന്‍ റഫറിയായ അലി ബിന്‍ നാസറിന് ലഭിക്കുമെന്നാണ് സൂചന. നവംബര്‍ 16ന് ബ്രിട്ടനിലാണ് ലേലം. ലോകകപ്പ് ആരംഭിക്കുന്നതിന് നാല് ദിവസം മാത്രം മുന്‍പേ. 1986 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന് എതിരെ മറഡോണ അണിഞ്ഞ ജഴ്‌സി ഈ വര്‍ഷം മെയില്‍ ലേലത്തിന് വെച്ചപ്പോള്‍ 9.3 മില്യണ്‍ യുഎസ് ഡോളറിനാണ് വിറ്റുപോയത്. 

മത്സരത്തിന് ശേഷം ഇംഗ്ലണ്ട് മധ്യനിര താരം സ്റ്റീവ് ഹോഡ്ജുമായി മറഡോണ ജഴ്‌സി കൈമാറിയിരുന്നു. ഈ ജഴ്‌സിയാണ് സ്റ്റീവ് ഹോഡ്ജ് ലേലത്തില്‍ വെച്ചത്. എന്നാല്‍ 12.6 മില്യണ്‍ ഡോളറിന് വിറ്റുപോയ ടോപ്‌സ് മിക്കേ മാന്റല്‍ ബേസ്‌ബോള്‍ കാര്‍ഡ് മറഡോണയുടെ ജഴ്‌സിയുടെ റെക്കോര്‍ഡ് തുക മറികടന്നു.

 മറഡോണയുടെ ആദ്യ ഗോള്‍ വ്യക്തമായി കാണാനായില്ല

ആ പന്ത് രാജ്യാന്തര ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗമാണ് എന്നാണ് ആ പന്ത് ലേലത്തില്‍ വെക്കാനുള്ള കാരണമായി അലി ബിന്‍ നാസെര്‍ പറയുന്നത്. ലോകവുമായി ആ പന്ത് പങ്കുവെക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. 1986ലെ മെക്‌സിക്കോ ലോകകപ്പില്‍ ടൂര്‍ണമെന്റിലെ 42 റഫറിമാരില്‍ ഒരാളായിരുന്നു ഞാന്‍. യൂറോപ്യന്‍ റഫറിമാര്‍ക്ക് ലഭിക്കുന്നത് പോലെ അവസരം ആഫ്രിക്കന്‍ റഫറിമാര്‍ക്ക് ആ സമയം ലഭിച്ചിരുന്നില്ല, അലി ബിന്‍ നാസെര്‍ പറയുന്നു. 

എന്നാല്‍ അവിടെ എന്നെ ഫിഫ തെരഞ്ഞെടുത്തപ്പോള്‍ അത് വലിയ അംഗീകാരമായി തോന്നി. മറഡോണ ആദ്യ ഗോള്‍ നേടിയപ്പോള്‍ എനിക്ക് അത് വ്യക്തമായി കാണാന്‍ സാധിച്ചില്ല. ഷില്‍ടണിന്റേയും മറഡോണയുടേയും പിറകിലായിരുന്നു ഞാന്‍. ഫിഫയുടെ നിയമം അനുസരിച്ച് ഇവിടെ ലൈന്‍സ്മാന്റെ തീരുമാനത്തിനാണ് ഞാന്‍ കാത്തത്. ലൈന്‍സ്മാന്‍ ഗോള്‍ അനുവദിച്ചതോടെ ഞാന്‍ അതിനൊപ്പം നിന്നു, ടുണീഷ്യന്‍ റഫറി പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com