‘ഇന്ത്യയില്ലാതെ ക്രിക്കറ്റോ?‘- പാകിസ്ഥാന്റെ ബഹിഷ്കരണ ഭീഷണിക്ക് ചുട്ട മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2022 07:23 PM  |  

Last Updated: 20th October 2022 07:23 PM  |   A+A-   |  

ind-pak

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിന് കളിക്കാൻ വരില്ലെന്ന പാകിസ്ഥാന്റെ ബഹിഷ്കരണ ഭീഷണിക്ക് ചുട്ട മറുപടി നൽകി കേന്ദ്ര കായിക മന്ത്രി അനുരാ​ഗ് ഠാക്കൂർ. പാകിസ്ഥാനടക്കം എല്ലാ രാജ്യങ്ങളും ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. 

‘ഏകദിന ലോകകപ്പ് അടുത്ത വർഷം ഇന്ത്യയിൽ നടക്കുകയും ചെയ്യും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രധാന ടീമുകളെല്ലാം അതിൽ പങ്കെടുക്കുകയും ചെയ്യും. ഒരു കായികയിനത്തിലും ഇന്ത്യയെ അങ്ങനെയങ്ങ് അവഗണിക്കാൻ സാധിക്കില്ല. കായിക മേഖലയ്ക്ക് ഇന്ത്യ നൽകിയ സംഭാവനകൾ വളരെ വലുതാണ്, പ്രത്യേകിച്ചും ക്രിക്കറ്റിൽ. ഇന്ത്യയില്ലാതെ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാനാകുമോ? അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ചരിത്ര സംഭവമാകും. പാകിസ്ഥാനില്‍ സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ അക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് തീരുമാനം എടുക്കും. ക്രിക്കറ്റില്‍ മാത്രമല്ല, ഒരു കാര്യത്തിലും രാജ്യം മറ്റുള്ളവരുടെ ഭീഷണിക്ക് വഴങ്ങില്ല'- അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ കളിക്കില്ലെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കേണ്ടി വരുമെന്ന് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ ജയ് ഷായുടെ പ്രസ്താവന കൗണ്‍സിലില്‍ ആലോചിക്കാതെയാണ് എന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം. ഇതിന് പിന്നാലെയാണ് അനുരാ​ഗ് ഠാക്കൂറിന്റെ മറുപടി. 

ഈ വാർത്ത കൂടി വായിക്കൂ 

'ഒക്ടോബര്‍ 23ന് ഇന്ത്യക്കെതിരെ കളിക്കരുത്'; പാക് ബോര്‍ഡിന് മേല്‍ സമ്മര്‍ദം ശക്തം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ