ട്രോഫിയുമായി ഫോട്ടോ; ടീം അം​ഗങ്ങളെ അല്ല, ഒപ്പം നിര്‍ത്തിയത് ശുചീകരണ തൊഴിലാളികളെ! ഹൃദ്യം (വീഡിയോ)

ഫ്‌ളെമംഗോ നായകനായ ഡിയാഗോ റിബാസാണ് കിരീടം ഏറ്റുവാങ്ങിയ ശേഷം ശുചീകരണ തൊഴിലാളികളെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി അവരെ ഒപ്പം നിര്‍ത്തി ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റിയോ ഡി ജനീറോ: കിരീട നേട്ടങ്ങള്‍ പല വിധത്തില്‍ ആഘോഷിക്കാറുണ്ട് ടീമുകളും താരങ്ങളും. സ്വന്തം ടീമിന്റെ കിരീട നേട്ടം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്ക് സമര്‍പ്പിക്കാനും അവരെ ഒപ്പം നിര്‍ത്തി ഫോട്ടോ എടുക്കാനും ഒരു ക്യാപ്റ്റന്‍ മനസ് കാണിച്ചാലോ. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. 

ബ്രസീലില്‍ നിന്നാണ് ഈ സുന്ദരമായ കാഴ്ച. ഫ്‌ളെമംഗോ നായകനായ ഡിയാഗോ റിബാസാണ് കിരീടം ഏറ്റുവാങ്ങിയ ശേഷം ശുചീകരണ തൊഴിലാളികളെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി അവരെ ഒപ്പം നിര്‍ത്തി ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഫ്‌ളെമംഗോയും കൊറിന്ത്യന്‍സും തമ്മിലുള്ള കോപ ഡോ ബ്രസീല്‍ പോരാട്ടത്തിന് പിന്നാലെയാണ് ശുചീകരണ തൊഴിലാളികളെ ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്തത്.

വിഖ്യാതമായ മാരക്കാന സ്‌റ്റേഡിയത്തിലായിരുന്നു കൊറിന്ത്യന്‍സിനെതിരായ ഫ്‌ളെമംഗോയുടെ ഫൈനല്‍ പോരാട്ടം. മാരക്കാന സ്റ്റേഡിയത്തിലെ ശുചീകരണ തൊഴിലാളികളെയാണ് താരം അപ്രതീക്ഷിത പ്രവൃത്തിയിലൂടെ ആദരിച്ചത്. 

മത്സരത്തിന്റെ ആദ്യ പാദം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പാദത്തില്‍ നിശ്ചിത സമയത്ത് 1-1ന് സമനില. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഫ്‌ളെമംഗോ വിജയിച്ചത്. 

കരിയറില്‍ ബുണ്ടസ് ലീഗ ടീമുകളായ വെര്‍ഡര്‍ ബ്രെമന്‍, വോള്‍വ്‌സ്ബര്‍ഗ്, ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, സീരി എയില്‍ യുവന്റസ് ടീമുകള്‍ക്കായി കളിച്ച താരമാണ് ഡിയാഗോ റിബാസ്. ബ്രസീല്‍ ദേശീയ ടീമിനായും താരം കളിച്ചിട്ടുണ്ട്. 

2016 മുതല്‍ ഫ്‌ളെമംഗോയില്‍ കളിക്കുന്ന റിബാസ് ഈ സീസണോടെ ടീമില്‍ നിന്ന് വിട പറയുകയാണ്. ക്ലബിലെ തന്റെ അവസാന സീസണ്‍ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് റിബാസ്. അതിനിടെയാണ് ഹൃദയം കീഴടക്കിയ പ്രവൃത്തിയുമായി അദ്ദേഹം ഫുട്‌ബോള്‍ ആരാധകരുടെ കൈയടി വാങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com