'ആ രണ്ട് സിക്‌സുകള്‍... ഹൊ... സൂപ്പര്‍'- കോഹ്‌ലിക്ക് കൈയടിച്ച് രവി ശാസ്ത്രി

കോഹ്‌ലിക്ക് മാത്രം സാധിക്കുന്ന ചില ഷോട്ടുകള്‍ പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ കണ്ടെന്നും അത് അദ്ദേഹത്തിനല്ലാതെ മറ്റൊരു ഇന്ത്യന്‍ താരത്തിനും കളിക്കാന്‍ കഴിയില്ലെന്നും രവി ശാസ്ത്രി പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെൽബൺ: ഏറെ നാളായ ഫോം കിട്ടാതെ ഉഴറിയിരുന്ന വിരാട് കോഹ്‌ലി ഏഷ്യാ കപ്പില്‍ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തില്‍ ടീമിനെ വിജയിപ്പിച്ചതിലൂടെ തന്റെ കാലം കഴിഞ്ഞെന്ന് വിധിയെഴുതിയവര്‍ക്ക് ബാറ്റിലൂടെ മറുപടിയും താരം നല്‍കി. ചെയ്‌സ് ചെയ്യുമ്പോള്‍ കരുത്തു കൂടുന്ന ആ പഴയ കോഹ്‌ലിയായി താരം ഏതാണ്ട് ഒറ്റയ്ക്ക് തന്നെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 

കോഹ്‌ലിയുടെ ബാറ്റിങിനെ പുകഴ്ത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പരിശീലകനും താരവുമായിരുന്ന രവി ശാസ്ത്രി. കോഹ്‌ലിക്ക് മാത്രം സാധിക്കുന്ന ചില ഷോട്ടുകള്‍ പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ കണ്ടെന്നും അത് അദ്ദേഹത്തിനല്ലാതെ മറ്റൊരു ഇന്ത്യന്‍ താരത്തിനും കളിക്കാന്‍ കഴിയില്ലെന്നും രവി ശാസ്ത്രി പറയുന്നു. 

'ഹാരിസ് റൗഫിനെതിരെ കോഹ്‌ലി നേടിയ ആ രണ്ട് സിക്‌സുകള്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ബാറ്റില്‍ പിറന്ന ഏറ്റവും മഹത്തായ ഷോട്ടുകളാണ്. ഇത്രയും വര്‍ഷത്തെ എന്റെ ക്രിക്കറ്റ് അനുഭവവും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തില്‍ കളിച്ചതിന്റേയും കളി കണ്ടതിന്റെ അനുഭവത്തിലുമാണ് ഞാന്‍ പറയുന്നത്. 2003ലെ ലോകകപ്പില്‍ സെഞ്ചൂറിയനില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഷൊയ്ബ് അക്തറിനെ സിക്‌സടിച്ചതിന് ശേഷം ഇത്തരമൊരു ഷോട്ട് വീണ്ടും ഒരു ഇന്ത്യ- പാക് പോരില്‍ കാണുന്നത് ഇപ്പോഴാണ്.' 

'വസിം അക്രം, വഖാര്‍ യൂനിസ്, ഷൊയ്ബ് അക്തര്‍ എന്നിവര്‍ക്കെതിരെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സച്ചിന്‍ ഉജ്ജ്വലമായ ഷോട്ടുകള്‍ കളിച്ചിട്ടുണ്ട്. അ കാലത്തിന് ശേഷം നിലവാരമുള്ള ഒരു പേസ് നിരയ്‌ക്കെതിരെ ഇത്തരത്തിലുള്ള രണ്ട് ഷോട്ടുകള്‍ ഇപ്പോള്‍ കോഹ്‌ലി അടിച്ചപ്പോഴാണ് കാണാന്‍ സാധിച്ചത്.' 

'സത്യത്തില്‍ അദ്ദേഹത്തില്‍ നിന്ന് ഇത്തരമൊരു ഇന്നിങ്‌സ് കാണാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ ഈ മികവിലേക്ക് ഉയരാന്‍ കോഹ്ലിക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മികച്ച റെക്കോര്‍ഡാണ് ഓസീസ് മണ്ണില്‍ അദ്ദേഹത്തിനുള്ളത്. കോഹ്ലിയുടെ ബാറ്റിങ് ശൈലിയോട് ഏറ്റവും യോജിക്കുന്ന പിച്ചുകളാണ് ഇവിടെയുള്ളത്. ഓസീസ് ഗ്രൗണ്ടുകളില്‍ കളിക്കാനും കോഹ്ലിക്ക് പ്രത്യേക ഇഷ്ടമുണ്ട്.'

'മാധ്യമങ്ങളും വിമര്‍ശകരും ഉയര്‍ത്തിവിട്ട സമ്മര്‍ദ്ദമാണ് തന്റെ മികവെന്താണെന്ന് ബോധ്യപ്പെടുത്താനുള്ള വാശി അദ്ദേഹത്തില്‍ സൃഷ്ടിച്ചത്. എന്തായാലും കോഹ്ലി തന്റെ ക്രിക്കറ്റ് നന്നായി ആസ്വദിക്കട്ടെ'- ശാസ്ത്രി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com