ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അനായാസം ഇന്ത്യ; ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം ജയം; നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി 

ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട്  വീതം വിക്കറ്റുകള്‍ നേടി

സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. നെതര്‍ലന്‍ഡ്‌സിനെ ഇന്ത്യ 56 റണ്‍സിന് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ നാല് പോയിന്റുകളുമായി ​ഗ്രൂപ്പ് ബിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്.

ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട്  വീതം വിക്കറ്റുകള്‍ നേടി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാര്‍ മൂന്നോവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇതില്‍ രണ്ടോവര്‍ മെയ്ഡനായിരുന്നു. 

കളിയുടെ ഒരു ഘട്ടത്തിലും നെതര്‍ലന്‍ഡ്‌സ് വിജയിക്കാനുള്ള ആവേശം പുറത്തെടുത്തില്ല. 15 പന്തില്‍ 20 റണ്‍സെടുത്ത ടിം പ്രിംഗിളാണ് അവരുടെ ടോപ് സ്‌കോറര്‍. കോളിന്‍ അക്കര്‍മാന്‍ (17), 16 വീതം റണ്‍സെടുത്ത മാക്‌സ് ഒഡൗഡ്, ബാസ് ലെ ലീഡ്, ഷാരിസ് അഹമദ്, 14 റണ്‍സെടുത്ത പോള്‍ വാന്‍ മീകരന്‍ എന്നിവരാണ് നെതര്‍ലന്‍ഡ്‌സ് നിരയില്‍ രണ്ടക്കം കടന്നത്. ഷാരിസും മീകരനും പുറത്തകാതെ നിന്നു. 

നേരത്തെ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ കെഎല്‍ രാഹുലിനെ നഷ്ടമായി. 12 പന്തില്‍ ഒന്‍പത് റണ്‍സായിരുന്നു താരം നേടിയത്. പിന്നീട് മൂന്ന് അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ധ സെഞ്ച്വറി നേടി. 39 പന്തില്‍ 53 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. നാല് ഫോറും മൂന്ന് സിക്‌സും താരം പറത്തി. കോഹ്‌ലി 44 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 62 റണ്‍സ് കണ്ടെത്തി. കോഹ്‌ലി തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് ടൂര്‍ണമെന്റില്‍ കുറിച്ചത്. സൂര്യകുമാര്‍ യാദവ് 25 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സും അടിച്ചെടുത്തു. 

രാഹുലിന് പുറമെ രോഹിതാണ് പുറത്തായ മറ്റൊരു ഇന്ത്യന്‍ താരം. കോഹ്‌ലിയും സൂര്യകുമാറും പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com