എണ്ണം പറഞ്ഞ അട്ടിമറി! തരിച്ചിരുന്ന് ബാബര്‍ അസം; വിശ്വസിക്കാനാകാതെ പാകിസ്ഥാന്‍ (വീഡിയോ)

ഇന്ത്യയോട് തോറ്റതിനെ പിന്നാലെയാണ് സിംബാബ്‌വെയോടും പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇതോടെ അവരുടെ മുന്നോട്ടുള്ള യാത്രയും തുലാസിലായി
എണ്ണം പറഞ്ഞ അട്ടിമറി! തരിച്ചിരുന്ന് ബാബര്‍ അസം; വിശ്വസിക്കാനാകാതെ പാകിസ്ഥാന്‍ (വീഡിയോ)

പെര്‍ത്ത്: ടി20 ലോകകപ്പില്‍ സിംബാബ്‌വെ നടത്തിയ ഗംഭീര അട്ടിമറി വിശ്വസിക്കാനാകാതെ പാക് താരങ്ങള്‍. പാകിസ്ഥാന്‍ തോല്‍വി വഴങ്ങുന്നത് ഡ്രസിങ് റൂമിലിരുന്ന് അവിശ്വസനീയതയോടെ, രണ്ട് കൈകൊണ്ടും മുഖം പൊത്തി കാണുന്ന പാക് നായകന്‍ ബാബര്‍ അസമിന്റേയും തൊട്ടടുത്തിരിക്കുന്ന പരിശീലകന്‍ സഖ്‌ലൈന്‍ മുഷ്താക്കിന്റേയും ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

ഇന്ത്യയോട് തോറ്റതിനെ പിന്നാലെയാണ് സിംബാബ്‌വെയോടും പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇതോടെ അവരുടെ മുന്നോട്ടുള്ള യാത്രയും തുലാസിലായി. തോല്‍വിക്ക് പിന്നാലെയാണ് വീഡിയോയും ശ്രദ്ധേയമായത്. 

ബാബര്‍ അസം മുഖം പൊത്തി സ്തബ്ധനായി ഇരിക്കുമ്പോള്‍ തൊട്ടപ്പുറത്ത് സഖ്‌ലൈന്‍ മുഷ്താഖ് മുഖം കുനിച്ച് കൈയിലിരുന്ന പേപ്പര്‍ മടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇരുവരും ഇങ്ങനെയൊരു നാണംകെട്ട തോല്‍വി പ്രതീക്ഷിച്ചില്ല. ഗാലറിയില്‍ അമ്പരപ്പോടെ ഇരിക്കുന്ന ഒരു പാക് ക്രിക്കറ്റ് ആരാധികയേയും വീഡിയോയില്‍ കാണാം. 

ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്ക് കടക്കാന്‍ രണ്ട് വട്ടം ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ അനുവദിക്കാതെ അട്ടിമറി തുടങ്ങിയ കുഞ്ഞന്‍ ടീമുകള്‍ ആ മാന്ത്രിക നിമിഷങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഒറ്റ റണ്ണിന്റെ അതി നാടകീയ വിജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. തുടക്കത്തില്‍ സിക്കന്ദര്‍ റാസയും ആവസാന ഓവറില്‍ ബ്രാഡ് ഇവാന്‍സും ബൗളിങ് മികവിലൂടെയാണ് സിംബാബ്‌വെയ്ക്ക് ഗംഭീര വിജയം സമ്മാനിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് കണ്ടെത്തി. വിജയം തേടിയിറങ്ങിയ പാകിസ്ഥാന്റെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സില്‍ അവസാനിച്ചു. 

അവസാന ഓവറില്‍ 11 റണ്‍സായിരുന്നു പാകിസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ ഓവര്‍ എറിഞ്ഞ ബ്രാഡ് ഇവാന്‍സ് സമ്മര്‍ദ്ദ നിമിഷത്തെ മികച്ച ബൗളിങിലൂടെ തരണം ചെയ്തതോടെ സിംബാബ്‌വെ മിന്നും ജയം പിടിച്ചു. 

ആദ്യ രണ്ട് പന്തില്‍ ഏഴ് റണ്‍സ് വഴങ്ങിയ ഇവാന്‍സ് പിന്നീടുള്ള നാല് പന്തുകളില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു നിര്‍ണായ വിക്കറ്റ് വീഴ്ത്തി. ഇതോടെ പാകിസ്ഥാന്‍ അനിവാര്യ തോല്‍വിയിലേക്ക് കൂപ്പുകുത്തി. അഞ്ചാം പന്തില്‍ മുഹമ്മദ് നവാസിനേയും ആറാം പന്തില്‍ ഷഹീന്‍ ഷാ അഫ്രീദിയേയുമാണ് ഇവാന്‍സ് മടക്കിയത്. 18 പന്തില്‍ 22 റണ്‍സുമായി മികവോടെ ബാറ്റ് വീശിയ നവാസ് ക്രീസില്‍ നിന്ന നിമിഷത്തില്‍ പാകിസ്ഥാന് ജയ സാധ്യത ഉണ്ടായിരുന്നു. അഞ്ചാം പന്തില്‍ നാവാസിനെ പുറത്താക്കി ഇവാന്‍സ് പാക് ടീമിനെ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടു. 

പിന്നാലെ എത്തിയ അഫ്രീദി ക്രീസിലെത്തിയ പാടെ വിജയത്തിനാവശ്യമായ രണ്ട് റണ്‍സ് എടുക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഒരു റണ്‍ ഓടിയ ഷഹീന്‍ രണ്ടാം റണ്‍സിന് ശ്രമിക്കുന്നതിനിടെ റണ്ണൗട്ടായതോടെ പാക് തോല്‍വി നിര്‍ണയിക്കപ്പെട്ടു. 

നാലോവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദര്‍ റാസയുടെ മികവാണ് പാകിസ്ഥാന്റെ നടുവൊടിച്ചത്. ഇവാന്‍സ് നാലോവറില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ബ്ലെസിങ് മുസര്‍ബാനി, ലൂക് ജോങ്‌വെ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com