ഞെട്ടി പാകിസ്ഥാന്‍; അട്ടിമറിച്ച് സിംബാബ്‌വെ!

നാലോവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദര്‍ റാസയുടെ മികവാണ് പാകിസ്ഥാന്റെ നടുവൊടിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പെര്‍ത്ത്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്‌വെ. നടകീയ പോരാട്ടത്തില്‍ ഒറ്റ റണ്ണിന്റെ വിജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. ഇന്ത്യയോട് തോറ്റതിനെ പിന്നാലെയാണ് സിംബാബ്‌വെയോടും പാകിസ്ഥാന്‍ തോല്‍വി വഴങ്ങിത്. 

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് കണ്ടെത്തി. വിജയം തേടിയിറങ്ങിയ പാകിസ്ഥാന്റെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സില്‍ അവസാനിച്ചു. 

അവസാന ഓവറില്‍ 11 റണ്‍സായിരുന്നു പാകിസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ ഓവര്‍ എറിഞ്ഞ ബ്രാഡ് ഇവാന്‍സ് സമ്മര്‍ദ്ദ നിമിഷത്തെ മികച്ച ബൗളിങിലൂടെ തരണം ചെയ്തതോടെ സിംബാബ്‌വെ മിന്നും ജയം പിടിച്ചു. 

ആദ്യ രണ്ട് പന്തില്‍ ഏഴ് റണ്‍സ് വഴങ്ങിയ ഇവാന്‍സ് പിന്നീടുള്ള നാല് പന്തുകളില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു നിര്‍ണായ വിക്കറ്റ് വീഴ്ത്തി. ഇതോടെ പാകിസ്ഥാന്‍ അനിവാര്യ തോല്‍വിയിലേക്ക് കൂപ്പുകുത്തി. 18 പന്തില്‍ 22 റണ്‍സുമായി മികവോടെ ബാറ്റ് വീശിയ നവാസ് ക്രീസില്‍ നിന്ന നിമിഷത്തില്‍ പാകിസ്ഥാന് ജയ സാധ്യത ഉണ്ടായിരുന്നു. അഞ്ചാം പന്തില്‍ നാവാസിനെ പുറത്താക്കി ഇവാന്‍സ് പാക് ടീമിനെ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടു. 

പിന്നാലെ എത്തിയ അഫ്രീദി ക്രീസിലെത്തിയ പാടെ വിജയത്തിനാവശ്യമായ രണ്ട് റണ്‍സ് എടുക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഒരു റണ്‍ ഓടിയ ഷഹീന്‍ രണ്ടാം റണ്‍സിന് ശ്രമിക്കുന്നതിനിടെ റണ്ണൗട്ടായതോടെ പാക് തോല്‍വി നിര്‍ണയിക്കപ്പെട്ടു. 

നാലോവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദര്‍ റാസയുടെ മികവാണ് പാകിസ്ഥാന്റെ നടുവൊടിച്ചത്. ഇവാന്‍സ് നാലോവറില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ബ്ലെസിങ് മുസര്‍ബാനി, ലൂക് ജോങ്‌വെ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാനെ മികച്ച ബൗളിങിലൂടെ സിംബാബ്‌വെ കുരുക്കിയിട്ടു. 38 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 44 റണ്‍സ് എടുത്ത ഷാന്‍ മസൂദാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. പിന്നീടിറങ്ങിയ മുഹമ്മദ് നവാസാണ് രണ്ടാമത്തെ മികച്ച സ്‌കോര്‍ നേടിയത്. 14 പന്തില്‍ 17 റണ്‍സുമായി ഷദബ് ഖാനും തിളങ്ങി. ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ 14 റണ്ണുമായി മടങ്ങി. ക്യാപ്റ്റന്‍ ബാബര്‍ അസം വീണ്ടും നിരാശപ്പെടുത്തി. താരം നാല് റണ്‍സുമായി മടങ്ങി. 12 റണ്‍സുമായി മുഹമ്മദ് വസിം പുറത്താകാതെ നിന്നു. 

നേരത്തെ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് വസീമും 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷദബ് ഖാനും ചേര്‍ന്നാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഹാരിസ് റൗഫ് ഒരു വിക്കറ്റെടുത്തു. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെയുടേത് മികച്ച തുടക്കമായിരുന്നു. ആദ്യ ഓവറില്‍ ഷഹീന്‍ അഫ്രീദിക്കെതിരെ 14 റണ്‍സാണ് സിംബാബ്‌വെ അടിച്ചെടുത്തത്. വെസ്ലി മധെവെരെയും ക്യാപ്റ്റനും ക്രെയ്ഗ് ഇര്‍വിനും ചേര്‍ന്ന് 29 പന്തില്‍ നിന്ന് 42 റണ്‍സടിച്ച ശേഷമാണ് പിരിഞ്ഞത്. 19 പന്തില്‍ നിന്നു 19 റണ്‍സ് നേടിയ ഇര്‍വിനെ മടക്കി മുഹമ്മദ് വസീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ആറാം ഓവറില്‍ മധെവെരെയും മടങ്ങി. 13 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 17 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നാലെ സിംബാബ്‌വെയ്ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. 28 പന്തില്‍ നിന്നു 31 റണ്‍സെടുത്ത സീന്‍ വില്യംസിന് മാത്രമാണ് പിന്നീട് പാക് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. മില്‍ട്ടണ്‍ ഷുംബ (8), സിക്കന്തര്‍ റാസ (9), റെഗിസ് ചക്കാബ്വ (0) എന്നിവരെല്ലാം പരാജയമായി. റയാന്‍ ബേള്‍ 10 റണ്‍സോടെയും റിച്ചാര്‍ഡ് നഗാരവ മൂന്ന് റണ്‍സോടെയും പുറത്താകാതെ നിന്നു. ബ്രാഡ് ഇവാന്‍സ് 15 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com