'നവാസിന്റെ ആ പന്തെങ്ങാനും തിരിഞ്ഞിരുന്നെങ്കില്‍..'; അശ്വിന്റെ പ്രതികരണം ഇങ്ങനെ..

അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍, മത്സരത്തിലെ അവസാന ഓവറിലെ അവസാന പന്ത് നേരിടാനാണ് അശ്വിന്‍ ക്രീസിലേക്കെത്തുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പിലെ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയത്തില്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങ് പ്രകടനത്തെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പണ്ഡിതരും മുന്‍ താരങ്ങളും വാനോളം പുകഴ്ത്തുകയാണ്. ഇതോടൊപ്പം മത്സരത്തിന്റെ അവസാനം ക്രീസിലെത്തിയ, സമ്മര്‍ദ്ദത്തിന് അടിപ്പെടാത്ത അശ്വിന്റെ മനസ്സാന്നിധ്യവും പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്.  

അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍, മത്സരത്തിലെ അവസാന ഓവറിലെ അവസാന പന്ത് നേരിടാനാണ് അശ്വിന്‍ ക്രീസിലേക്കെത്തുന്നത്. ആ ഒരു പന്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ രണ്ടു റണ്‍സാണ് വേണ്ടിയിരുന്നത്. പന്തെറിയുന്നത് സ്പിന്നര്‍ മുഹമ്മദ് നവാസും. ഇന്ത്യയുടെ ഫിനിഷര്‍ ആയ ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയ ആത്മവിശ്വാസത്തിലാണ് പാക് ടീം. 

സമ്മര്‍ദ്ദത്തില്‍പ്പെട്ട്, പാക് സ്പിന്നര്‍ ഒരുക്കിയ കെണിയില്‍പ്പെട്ടാണ് കാര്‍ത്തിക് പുറത്താകുന്നത്. 20-ാം ഓവറിലെ അവസാന പന്തിലും നവാസ് അശ്വിനും, കാര്‍ത്തിക്കിനോട് പയറ്റിയ തന്ത്രം തന്നെയാണ് മനസ്സില്‍ കരുതിയത്. എന്തായാലും അശ്വിന്‍ ക്രീസില്‍ നിന്നും കയറി അടിക്കാന്‍ ശ്രമിക്കുമെന്നു തന്നെയായിരുന്നു കണക്കുകൂട്ടല്‍. 

എന്നാല്‍ പന്ത് ലെഗ് സൈഡിലാണെന്ന് മനസ്സിലാക്കിയ അശ്വിന്‍, നവാസിന്റെ കെണിയില്‍ വീഴാതെ പന്ത് പോകാന്‍ അനുവദിച്ചു. ഇതില്‍ അമ്പയര്‍ വൈഡ് വിളിച്ചതോടെ, ഇരുടീമുകളുടെയും സ്‌കോര്‍ തുല്യമായി. ശേഷിച്ച ഒരു പന്തില്‍ ഒരു റണ്‍സെടുത്ത് അശ്വിനും കോഹ്‌ലിയും ഇന്ത്യയെ അവിശ്വസനീയമായ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. 

അതേസമയം നവാസിന്റെ ആ പന്ത് വൈഡാവാതെ ടേണ്‍ ചെയ്ത് പാഡില്‍ തട്ടിയിരുന്നെങ്കില്‍ എന്ന ചോദ്യത്തിന്, അശ്വിന്‍ നല്‍കിയ മറുപടി ഇപ്പോല്‍ വൈറലായി മാറിയിട്ടുണ്ട്. ബിസിസിഐ ടിവിയോട് സംസാരിക്കവെയാണ് അശ്വിന്‍ തമാശയെന്നോണം ഇതിനോട് പ്രതികരിച്ചത്. 

'നവാസിന്റെ ആ പന്ത് തിരിഞ്ഞ് താങ്കളുടെ പാഡില്‍ കൊണ്ടിരുന്നെങ്കില്‍ താങ്കള്‍ എന്തു ചെയ്യുമായിരുന്നു എന്നാണ് ചിലര്‍ ചോദിച്ചത്. അങ്ങനെ സംഭവിച്ചെങ്കില്‍ എത്രയും പെട്ടെന്ന് ഡ്രസ്സിംഗ് റൂമിലേക്ക് ഓടിക്കയറി എന്റെ ട്വിറ്റര്‍ എടുത്ത് പറയും 'എന്റെ ക്രിക്കറ്റ് കരിയറിലെ എല്ലാ മികച്ച സമയങ്ങള്‍ക്കും നന്ദി. അതൊരു അത്ഭുതകരമായ യാത്രയായിരുന്നു എന്ന്'. ചിരിച്ചുകൊണ്ട് അശ്വിന്‍ മറുപടി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com