'നിങ്ങള്‍ ഏത് ബ്രാന്‍ഡ് ക്രിക്കറ്റാണ് കളിക്കുന്നത്?; ബാബര്‍ നിങ്ങളൊരു തോല്‍വിയാണ്'; രൂക്ഷവിമര്‍ശനം

'എതിരാളികള്‍ നിങ്ങളെ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ'യെന്നും അക്തര്‍ ചോദിച്ചു
പാകിസ്ഥാന്‍-സിംബാബ്‌വെ മത്സരത്തില്‍ നിന്ന്/ എഎന്‍ഐ
പാകിസ്ഥാന്‍-സിംബാബ്‌വെ മത്സരത്തില്‍ നിന്ന്/ എഎന്‍ഐ

ഇസ്ലാമാബാദ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെയും തോല്‍വി വഴങ്ങിയതോടെ പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനം. മുന്‍ പാക് താരം ഷോയബ് അക്തറാണ് നായകന്‍ ബാബര്‍ അസമിനും ടീമിനുമെതിരെ കടുത്ത ആക്രമണം അഴിച്ചു വിട്ടത്. 

സിംബാബ്‌വെക്കെതിരെ എങ്ങനെ തോറ്റുവെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് അക്തര്‍ പറഞ്ഞു. സിംബാബ്‌വെയുടെ സ്‌കോര്‍ എങ്ങനെ ഇത്ര കഠിനമായി എന്നു മനസ്സിലാകുന്നില്ല. നമ്മുടെ മുന്‍നിര- മധ്യനിര ബാറ്റര്‍മാര്‍ മികവിലേക്കുയര്‍ന്നാല്‍, നമുക്ക് വലിയ വിജയങ്ങള്‍ കരസ്ഥമാക്കാനാകും. 

പക്ഷെ, പാക് ടീമിന് വിജയത്തില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ല. പാക് ടീമിന് ഏറ്റവും മോശം നായകനാണ് ഇപ്പോഴുള്ളത്. ടീം ഇപ്പോള്‍ ലോകകപ്പിന്റെ പുറത്തേക്കുള്ള വാതിലിലാണ്. നവാസ് അവസാന ഓവര്‍ എറിഞ്ഞ കഴിഞ്ഞ മൂന്നു മത്സരങ്ങളും പാകിസ്ഥാന്‍ തോറ്റുവെന്നും ഷോയബ് അക്തര്‍ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പറഞ്ഞു. 

ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സി വന്‍ പരാജയമാണ്. ടീം മാനേജ്‌മെന്റ് അതിനേക്കാള്‍ തോല്‍വിയാണ്. ഞങ്ങള്‍ ഇപ്പോഴും നിങ്ങളെ പിന്തുണയ്ക്കുന്നു. അപ്പോഴും ചോദിക്കട്ടെ, നിങ്ങള്‍ ഏതു ബ്രാന്‍ഡ് ക്രിക്കറ്റാണ് കളിക്കുന്നത്. എതിരാളികള്‍ നിങ്ങളെ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോയെന്നും അക്തര്‍ ചോദിച്ചു. 

ടീമില്‍ അടിയന്തരമായി വരുത്തേണ്ട മാറ്റങ്ങളും അക്തര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നായകന്‍ ബാബര്‍ അസം ഓപ്പണര്‍ സ്ഥാനത്തു നിന്നും മാറണം. ബാബര്‍ വണ്‍ഡൗണ്‍ ആയി ബാറ്റുചെയ്യാനിറങ്ങണം. പേസ് ബൗളര്‍ ഷാഹിന്‍ ഷാ അഫ്രീദിയുടെ ഫിറ്റ്‌നസ് മികച്ച നിലയില്‍ തന്നെയാണോയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഷോയബ് അക്തര്‍ നിര്‍ദേശിച്ചു. സൂപ്പര്‍ 12 ല്‍ ഞായറാഴ്ച നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com