'4 അക്ഷരം വരുന്ന വാക്കാണ്, ഇവിടെ പറയാനാവില്ല'; ചിരി നിറച്ച് രാഹുല്‍ ദ്രാവിഡ് 

തന്റെ ബൗളിങ് യൂണിറ്റും വളരെ നല്ല പ്രകടനമാണ് പുറത്തെടുത്തത് എന്ന് ദ്രാവിഡ് പറഞ്ഞു
രാഹുല്‍ ദ്രാവിഡ്/വീഡിയോ ദൃശ്യം
രാഹുല്‍ ദ്രാവിഡ്/വീഡിയോ ദൃശ്യം

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരമാണ് ഇന്ത്യയുടെ മുന്‍പില്‍. മത്സര തലേന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയപ്പോള്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ബൗളിങ് ലൈനപ്പിനെ കുറിച്ച് പ്രതികരിച്ചതാണ് ആരാധകരില്‍ ഇപ്പോള്‍ കൗതുകമാവുന്നത്. 

പാകിസ്ഥാന്റെ ബൗളിങ് യൂണിറ്റിനെ രാഹുല്‍ ദ്രാവിഡ് പ്രശംസിച്ചു. എന്നാല്‍ തന്റെ ബൗളിങ് യൂണിറ്റും വളരെ നല്ല പ്രകടനമാണ് പുറത്തെടുത്തത് എന്ന് ദ്രാവിഡ് പറഞ്ഞു. പിന്നാലെയാണ് ദ്രാവിഡിന്റെ രസകരമായ പ്രതികരണം വന്നത്. ''ചിലപ്പോള്‍ അങ്ങനെ അല്ലായിരിക്കും, എനിക്ക് ഇവിടെ നാല് അക്ഷരങ്ങളുടെ ഒരു വാക്ക് ഉപയോഗിക്കണം, പക്ഷേ അത് പറയാനാവില്ല. എന്റെ മനസില്‍ നിന്ന് അതാണ് വരുന്നത്. എന്നാല്‍ എനിക്കത് ഇവിടെ പറയാനാവില്ല'', ദ്രാവിഡിന്റെ പ്രതികരണം കേട്ട് മീഡിയ റൂമില്‍ ചിരി നിറഞ്ഞു. 'S' ല്‍ തുടങ്ങുന്ന വാക്ക് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ദ്രാവിഡ് പറഞ്ഞത്. 

പാകിസ്ഥാന്റേത് വളരെ മികച്ച ബൗളിങ് യൂണിറ്റാണ്. എന്നാല്‍ നമുക്ക് അവരെ 147ല്‍ ഒതുക്കാന്‍ കഴിഞ്ഞു. ഏത് സ്‌കോറിലാണ് എതിരാളികളെ ഒതുക്കുന്നത് എന്നത് മാത്രമല്ല, ബൗളിങ് വിശകലനം ചെയ്യേണ്ടതുണ്ട്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജ് ചെയ്യപ്പെടുന്നത്. നമ്മുടെ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനം മികച്ച് നിന്നിരുന്നു. പാകിസ്ഥാന്റേത് മികച്ച പ്രകടനമായിരുന്നു എങ്കിലും നമ്മുടേതില്‍ തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും ദ്രാവിഡ് പറഞ്ഞു. 

ആവേശിന് ചെറിയ പനിയുണ്ട്. ഡോക്ടര്‍മാര്‍ ആവേശിനെ നിരീക്ഷിക്കുന്നുണ്ട്. ഇന്ന് പരിശീലനം നടത്തിയില്ല. പാകിസ്ഥാനെതിരായ മത്സരത്തിന്റെ സമയമാവുമ്പോഴേക്കും ഓക്കെയാവും എന്ന് കരുതുന്നു, അതല്ലെങ്കില്‍ ടൂര്‍ണമെന്റ് മുന്‍പോട്ട് പോകുന്ന സമയമാകുമ്പോഴേക്കും, ദ്രാവിഡ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com