ജനൽ തുറന്നു നോക്കിയപ്പോൾ കണ്ടത് കൂറ്റൻ മുള്ളൻപന്നിയെ, മുറ്റത്ത് ഓടിനടക്കുന്നു; മുൾമുനയിൽ കുടുംബം, അവസാനം വലയിലാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th September 2022 08:47 AM  |  

Last Updated: 04th September 2022 08:47 AM  |   A+A-   |  

porcupine

ഫയല്‍ ചിത്രം

തിരുവനന്തപുരം; പുലര്‍ച്ചെ രണ്ടരമണിയോടെ വളര്‍ത്തുനായ്ക്കളുടെ അസാധാരണമായ കുര കേട്ടാണ് വീട്ടുകാർ ഉണർന്ന്. പുറത്തിറങ്ങി നോക്കിയെങ്കിൽ ഒന്നും ശ്രദ്ധയിൽപ്പെട്ടില്ല. നായ്ക്കൾ കുര തുടർന്നതോടെ ജനൽ തുറന്ന് ഒന്നുകൂടി നോക്കി. വരാന്തയിൽ നിൽക്കുന്ന അതിഥിയെ കണ്ട് കുടുംബം ഒന്നാകെ ഞെട്ടി. മുള്ളുകള്‍ വിരിച്ച് കൂറ്റന്‍ മുള്ളന്‍ പന്നി വീടിനു മുന്നിൽ നിൽക്കുകയാണ്. വരാന്തയിൽ കയറിയും മുറ്റത്ത് ഓടിനടന്നും മണിക്കൂറുകളോളം ആശങ്ക സൃഷ്ടിച്ചെങ്കിലും അവസാനം മുള്ളൻപന്നിയെ വലയിലാക്കി. 

തിരുവനന്തപുരം പട്ടം എല്‍ഐസി കോളനിയിലെ മാത്യു സക്കറിയയുടെ വീട്ടിലാണ് അപ്രതീക്ഷിത അതിഥി എത്തിയത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും വീട്ടുകാർ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഏറെനേരം വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു മുള്ളന്‍പന്നിയുടെ പ്രകടനം. നായ്ക്കളെ തുറന്നുവിട്ടെങ്കിലും രണ്ടും ഓടി അടുത്തു ചെന്നെങ്കിലും പെട്ടെന്നുതന്നെ തിരിച്ചുവന്നു. ഇടയ്ക്ക് ഒന്നിന് മുള്ള് ഏല്‍ക്കുകയും ചെയ്തു. ഒടുവില്‍ ആറുമണിയോടെയാണ് വീടിനോടു ചേര്‍ന്നുള്ള തേങ്ങാപ്പുരയില്‍ ഓടിച്ചുകയറ്റുന്നത്.

വിവരമറിയച്ചപ്രകാരം പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്നിയുടെ നേതൃത്വത്തില്‍ ഏഴരമണിയോടെ വനപാലകരെത്തി. മുള്ളന്‍പന്നിയെ പ്രത്യേകം സജ്ജീകരിച്ച വലകൊണ്ടുള്ള കൂടുപയോഗിച്ച് പിടികൂടുകയായിരുന്നു. ഇതിനെ പിന്നീട് പേപ്പാറ വനത്തില്‍ വിട്ടയച്ചു. എല്‍.ഐ.സി. ഓഫീസിന് സമീപത്തെ കാടുപിടിച്ചുകിടക്കുന്ന പ്രദേശത്ത് നിന്നാകാം മുള്ളന്‍പന്നി എത്തിയതെന്നാണ് വനപാലകരുടെ നിഗമനം. ഗേറ്റിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മണ്ണ് ആഴത്തില്‍ കുഴിച്ചാണ് മുള്ളന്‍പന്നി മാത്യുവിന്റെ വീടിനുള്ളില്‍ കയറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

10 വർഷം തടവ്, ശിക്ഷ കേട്ട് പോക്സോ കേസ് പ്രതി മുങ്ങി, തിരച്ചിൽ ഊർജ്ജിതം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ