ഇനി ഐപിഎല്ലില്‍ ഇല്ല; എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന 

സെപ്തംബര്‍ 10ന് ആരംഭിക്കുന്ന റോഡ് സേഫ്റ്റി പരമ്പരയില്‍ കളിക്കുമെന്ന് റെയ്‌ന നേരത്തെ പ്രഖ്യാപിച്ചിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന. ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന ട്വന്റി20 ലീഗ് മത്സരങ്ങള്‍ കളിക്കുന്നതിനായാണ് റെയ്‌ന ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് 2019ല്‍ റെയ്‌ന വിരമിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിലും ഡൊമസ്റ്റിക് ക്രിക്കറ്റിലും കളിച്ചു പോന്നിരുന്നു. പക്ഷേ കഴിഞ്ഞ ഐപിഎല്‍ താര ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തെ ഒഴിവാക്കുകയും മറ്റ് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാനായി മുന്‍പോട്ട് വരികയും ചെയ്യാതിരുന്നതോടെ റെയ്‌നയുടെ ഐപിഎല്‍ സാധ്യതകളും അടഞ്ഞു. ഇതോടെയാണ് മറ്റ് ലീഗുകള്‍ കളിക്കുന്നതിലേക്ക് റെയ്‌ന ശ്രദ്ധ കൊടുക്കുന്നത്. 

സെപ്തംബര്‍ 10ന് ആരംഭിക്കുന്ന റോഡ് സേഫ്റ്റി പരമ്പരയില്‍ കളിക്കുമെന്ന് റെയ്‌ന നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് സാധ്യമാവണം എങ്കില്‍ ഐപിഎല്‍, ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കണമായിരുന്നു. എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് മറ്റ് ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ കളിക്കാന്‍ അനുമതിയുള്ളത്. 

രാജ്യത്തേയും എന്റെ സംസ്ഥാനമായ ഉത്തര്‍പ്രദേശിനേയും പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണ്. എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. ബിസിസിഐക്കും ഉത്തര്‍പ്രദേശ് ക്രിക്കറ്റിനും, ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജീവ് ശുക്ലയ്ക്കും എല്ലാ ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു, സുരേഷ് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com